ജയസൂര്യയുടെ ഈ വിദേശ പര്യടനം തനിക്കു വേണ്ടിയല്ല. ഫ്ലോറിഡയിലെ ഒർലാണ്ടോ കാത്തിരുന്നത് താരത്തെയല്ല, മകനെയാണ്. മകൻ അദ്വൈതിന്റെ ഹ്രസ്വചിത്രം കളർഫുൾ ഹാൻഡ്‌സ് ഒർലാണ്ടോ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്ന വേളയിൽ കുടുംബത്തോടൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തു സന്തോഷം പങ്കു വയ്ക്കുകയാണ് ജയസൂര്യ.
"മാതാപിതാക്കളെന്ന നിലയിൽ വളരെയധികം അഭിമാനം തോന്നുന്ന നിമിഷമാണിത്. അവന്റെ ആഗ്രഹം ഞങ്ങളെക്കാൾ കാതങ്ങൾ അകലെയാണ്. അതാണു ഞങ്ങളെ ഒർലാണ്ടോയിൽ എത്തിച്ചത്. കളർഫുൾ ഹാൻഡ്‌സ് അവന്റെ രണ്ടാമത് ഹ്രസ്വ ചിത്രമാണ്. ഈ ആറു മിനിട്ടു ചിത്രം ഒരു ജീവിതകാലം ഓർത്തിരിക്കാനുള്ള ഓർമ്മകൾ നൽകും. ഈ ചിത്രം സ്‌ക്രീനിൽ കണ്ടപ്പോൾ ഞാൻ എന്റെ ആദ്യ ചിത്രം ഓർക്കുകയായിരുന്നു. ആ അനുഭവം എനിക്കൊരിക്കലും കിട്ടില്ല എന്നായിരുന്നു വിചാരം. പക്ഷെ ഇന്നു ഞാൻ ജീവിതത്തിൽ ഒരിക്കൽക്കൂടി അന്ധാളിച്ചു നിൽക്കുകയാണ്," ജയസൂര്യ പറയുന്നു.
അച്ഛനോടൊപ്പം ലൊക്കേഷനുകളിൽ പോകാറുള്ള അദ്വൈത് ചിത്രത്തിന്റെ പിന്നണി പ്രവർത്തനങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്ന സ്വഭാവക്കാരനാണ്. ചെറു പ്രായത്തിൽ തന്നെ വീഡിയോ എഡിറ്റിംഗ് വശത്താക്കിയിട്ടുണ്ടു അദ്വൈത്. കളർഫുൾ ഹാൻഡ്‌സിൽ ആ കൃത്യം നിർവ്വഹിച്ചതും അദ്വൈത് തന്നെ. പൊതു നിരത്തിൽ മാലിന്യം വലിച്ചെറിയുന്നവർക്കുള്ള അവബോധ ചിത്രമാണിത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.