• HOME
  • »
  • NEWS
  • »
  • film
  • »
  • Jayasurya in Eesho | ജയസൂര്യ വീണ്ടും ഒ.ടി.ടിയിലേക്ക്; ഒക്ടോബർ അഞ്ചിന് 'ഈശോ' ഇറങ്ങുക ഈ പ്ലാറ്റ്‌ഫോമിൽ

Jayasurya in Eesho | ജയസൂര്യ വീണ്ടും ഒ.ടി.ടിയിലേക്ക്; ഒക്ടോബർ അഞ്ചിന് 'ഈശോ' ഇറങ്ങുക ഈ പ്ലാറ്റ്‌ഫോമിൽ

ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ ഉയർന്നിരുന്നു

ഈശോയിൽ ജയസൂര്യ

ഈശോയിൽ ജയസൂര്യ

  • Share this:
മേരി ആവാസ് സുനോ, ജോൺ ലൂഥർ സിനിമകൾക്ക് ശേഷം ജയസൂര്യ (Jayasurya) വീണ്ടും ഒ.ടി.ടി. റിലീസിലേക്ക്. കോവിഡ് കാലത്ത് ആദ്യമായി ഡിജിറ്റൽ സ്‌പെയ്‌സിൽ എത്തിയ മലയാള താര ചിത്രം ജയസൂര്യ നായകനായ 'സൂഫിയും സുജാതയും' ആയിരുന്നു. ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി നാദിർഷ (Nadirsha) സംവിധാനം ചെയ്യുന്ന 'ഈശോ' (Eesho) ഒക്ടോബർ അഞ്ചിന് സോണി ലിവ് ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യും. മുമ്പ് ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ ഉയർന്നിരുന്നു.

സിനിമയ്ക്കിട്ട ഈശോ എന്ന പേരു മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ക്രൈസ്തവരെ സംബന്ധിച്ച് ഈശോ എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ് എന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. ക്രൈസ്തവരെ സംബന്ധിച്ച് ഒരേയൊരു ദൈവം ആണ് ഉള്ളത്. ആ ദൈവത്തെ ഈശോ എന്നാണ് വിളിക്കുന്നത്. അതുകൊണ്ടുതന്നെ ആ പേരില്‍ ഒരു സിനിമ ഇറങ്ങുന്നത് അംഗീകരിക്കാനാവില്ല എന്നും കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

പേരിനെതിരെ മാത്രമാണ് പ്രതിഷേധം ഉള്ളതെന്ന് കത്തോലിക്ക കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന ആവശ്യം 2021 ഓഗസ്റ്റിൽ ഹൈക്കോടതി തള്ളിയിരുന്നു. ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടെന്ന് കരുതി കോടതിയ്ക്ക് ഇടപെടാനാകില്ലെന്ന് വിധിയിൽ കോടതി വ്യക്തമാക്കി.

"കട്ടും മ്യൂട്ടും ഇല്ലാതെ കുടുംബസമേതം കാണാവുന്ന ക്ലീൻ എന്റർടെയ്നർ ചിത്രമാണിത്" എന്ന് സംവിധായകൻ നാദിർഷ പറഞ്ഞു. ഒരു ജയസൂര്യ ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന തുകയ്ക്കാണ് സോണി ചിത്രത്തിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കിയത് എന്ന് അണിയറപ്രവർത്തകർ പറയുന്നു.

ജയസൂര്യ, ജാഫര്‍ ഇടുക്കി, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'ഈശോ'യുടെ ഛായാഗ്രഹണം റോബി വര്‍ഗീസ്സ് രാജ് നിര്‍വ്വഹിക്കുന്നു. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
സുനീഷ് വരനാട് കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതുന്നു. സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷ സംഗീതം പകരുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേഴ്സ്- ബാദുഷ, നാദിര്‍ഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നന്ദു പൊതുവാള്‍, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, പശ്ചാത്തല സംഗീതം- ജേക്സ് ബിജോയ്, കല- സുജിത് രാഘവ്, മേക്കപ്പ്- പി.വി. ശങ്കര്‍, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- ബിജിത്ത് ധര്‍മ്മടം, പരസ്യകല- ആനന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സെെലക്സ് ഏബ്രാഹം, അസോസിയേറ്റ് ഡയറക്ടര്‍- വിജീഷ് അരൂര്‍, സൗണ്ട്- വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഷമീജ് കൊയിലാണ്ടി, ലോക്കേഷന്‍- കുട്ടിക്കാനം, മുണ്ടക്കയം, പി.ആർ.ഒ. - എ.എസ്. ദിനേശ്.
Published by:user_57
First published: