മാലി ദ്വീപിലെ റിസോർട്ടിൽ ഓളങ്ങൾക്ക് നടുവിലൂടെ തെളിയുന്ന പാതയിൽ ജയസൂര്യയും ഭാര്യ സരിതയും. 15 വർഷം നീണ്ട യാത്രക്കിടയിൽ ഒരു ചെറിയ വിശ്രമം. ഒന്നര പതിറ്റാണ്ടായി, ജയസൂര്യ എന്ന നടനൊപ്പം ജീവിതത്തിലെ റീ-ടേക്കുകൾ ഇല്ലാത്ത നിമിഷങ്ങൾ ഭംഗിയായി ജീവിച്ചു മുന്നേറുന്ന നായികയാണ് സരിത. ഇക്കഴിഞ്ഞ ദിവസമായിരുന്നു വിവാഹ വാർഷികം. എന്നാൽ നാലാളറിഞ്ഞുള്ള വിവാഹമെന്നോണം നാടൊട്ടുക്കും അറിയിച്ചുള്ളതായി മാറി ഇവരുടെ വാർഷിക ആഘോഷവും. ഹൃദയത്തിൽ നിന്നും വാക്കുകൾ ഒപ്പിയെടുത്ത് ഭാര്യക്കുള്ള കുറിപ്പ് ആരാധകർക്ക് മുൻപിൽ പങ്കു വച്ചാണ് ജയസൂര്യ ആ സുദിനം ആഘോഷിച്ചത്. ആ പോസ്റ്റ് ഇങ്ങനെ.
"രണ്ട് എന്ന ഒന്ന്....
നമ്മുടെ കല്ല്യാണത്തിനും മുൻപ്, നമ്മുടെ പ്രണയത്തിനും മുൻപ് നീ എന്നോട് പറഞ്ഞ ഡയലോഗുണ്ട്. "നിന്നെ കെട്ടുന്നവള് എന്തായാലും പെടും മോനേ... " എന്ന്.
ആ പറഞ്ഞ നീ പെട്ടിട്ട് ഇന്നേക്ക് 15 വർഷം.
ആ ഇടപെടലില് നമുക്കിപ്പോ രണ്ട് മക്കളും.
എനിക്ക് തോന്നീട്ടുള്ളത് കല്ല്യാണ സമയത്ത് നമ്മൾ ചിലപ്പോൾ മാനസികമായി ഒരേ തലത്തിൽ ആയിരിക്കും എന്നാൽ കുറച്ച് നാൾ കഴിയുമ്പോൾ ഇതിൽ ഏതെങ്കിലും ഒരു വ്യക്തി മാനസികമായി വളരും മറ്റേയാൾ അവിടെ തന്നെ നിൽക്കും, അപ്പോഴാണ് എന്നെ മനസ്സിലാക്കാൻ പറ്റുന്നില്ല എന്നൊക്കെ പറയുന്നത്.
എന്തായാലും നീ വളർന്നതോടൊപ്പം എന്നെയും ഒപ്പം വളർത്തിയതിന് നിനക്ക് നന്ദി.
പണ്ട് ഒന്നുമില്ലാതിരുന്ന സമയത്ത് ഞാൻ നിനക്ക് തന്ന ഒരു വാക്കുണ്ട് "നിന്റെ മുഖത്തെ ആ ചിരി ഞാൻ ഒരിക്കലും മായ്ക്കില്ല എന്ന് " ആ വാക്ക് തന്നെ എനിക്ക് ഇന്നും തരാനുള്ളൂ...
ഒരു പുരുഷനെ സൃഷ്ടിക്കുന്നതും, പൂർണ്ണതയിലേക്ക് എത്തിക്കുന്നതും ഒരു സ്ത്രീയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു, അതുപോലെ തന്നെ തിരിച്ചും. ഈ പരസ്പര ബഹുമാനമാണ് ഏത് ഒരു ബന്ധവും ശക്തമാക്കുന്നത്. നീ ഇന്നും ഭാര്യ മാത്രമാകാതെ എന്റെ ഫ്രണ്ടായും പ്രണയിനിയായും, എന്നിൽ ചേർന്ന് നിൽക്കുമ്പോൾ ഞാൻ തിരിച്ചറിയുന്നു ഒരു ആത്മാവിന് രണ്ട് ശരീരങ്ങളിൽ ജീവിക്കാൻ കഴിയുമെന്ന്. ഇനിയുള്ള ജന്മ ജന്മാന്തരങ്ങളിലും ഒരുമിച്ച് തന്നെയുണ്ടാവട്ടെ... എന്ന പ്രാർത്ഥനയോടെ ....
നിന്റെ..... ഞാൻ."
തീർന്നെന്നു കരുതേണ്ട. പോസ്റ്റ് അവസാനിപ്പിക്കുന്ന ഭാഗത്താണ് ട്വിസ്റ്റ്.
"NB : ഇനിയും ഭാര്യമാരേ കുറിച്ച് ഇതുപോലെ എന്ത് നുണയും പറയാൻ ഞങ്ങൾ ഭർത്താക്കൻമാർ ഒരിക്കലും ഒരു മടിയും കാണിക്കാറില്ല.....
ശരിയല്ലേ... MR. പെരേരാ ..."
ഫാഷൻ ഡിസൈനർ ആയ സരിത, ജയസൂര്യ ചിത്രങ്ങളിൽ വസ്ത്രാലങ്കാരം കൈകാര്യം ചെയ്യാറുണ്ട്. ഇതിൽ ആട്, പ്രേതം എന്നീ ചിത്രങ്ങളിലെ സരിതയുടെ ഡിസൈനർ വസ്ത്രങ്ങൾ ട്രെൻഡ് ആയി മാറിയിട്ടുണ്ട്. അദ്വൈത്, വേദ എന്നിവർ മക്കളാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Advaith jayasurya, Facebook post, Jayasurya, Saritha, Wedding