• HOME
 • »
 • NEWS
 • »
 • film
 • »
 • John Luther review | ജോൺ ലൂഥർ റിവ്യൂ: ആരാണ് ജോൺ ലൂഥർ? ജയസൂര്യ വീണ്ടും കാക്കി അണിയുമ്പോൾ

John Luther review | ജോൺ ലൂഥർ റിവ്യൂ: ആരാണ് ജോൺ ലൂഥർ? ജയസൂര്യ വീണ്ടും കാക്കി അണിയുമ്പോൾ

John Luther movie review | ദൗത്യത്തിനിടെ കേൾവിനഷ്‌ടപ്പെടുന്ന പോലീസുകാരൻ ജോൺ ലൂഥറിന്റെ അന്വേഷണവഴികൾ. ജോൺ ലൂഥർ റിവ്യൂ

ജോൺ ലൂഥർ

ജോൺ ലൂഥർ

 • Share this:
  John Luther review | ഒരു പോലീസുകാരനിൽ കേന്ദ്രീകരിച്ച് മലയാള സിനിമ വരുന്നുവെങ്കിൽ, കുറ്റാന്വേഷണ (investigative plot) കഥയെന്നത് തീർത്തും സ്വാഭാവികം. ഇതിന്റെ പല ഡയമൻഷനുകൾ വർഷങ്ങളായി കണ്ടുവരുന്ന പ്രേക്ഷകർക്ക് നടുവിലേക്കാണ് ഈ ചിത്രങ്ങൾ വീണ്ടും വീണ്ടും പല രൂപത്തിലും ഭാവത്തിലും അവതരണ ശൈലിയിലും കടന്നുവരിക. ദേവികുളം സർക്കിൾ ഇൻസ്‌പെക്ടർ ജോൺ ലൂഥർ (ജയസൂര്യ - Jayasurya) അത്തരമൊരു ദൗത്യം നേരിടുന്ന കഥയാണ് നായകന്റെ പേര് തന്നെ നൽകിയ 'ജോൺ ലൂഥർ' (John Luther) എന്ന സിനിമയ്ക്ക് പിന്നിലും.

  'അഞ്ചാം പാതിരാ' എന്ന ചിത്രത്തോടെ മുഖ്യധാരാ മലയാള സിനിമ ഏറ്റുപിടിച്ച ജനപ്രിയ ഫോർമാറ്റിൽ ഒരേ നാട്ടിലെ പലരുടെയും തിരോധാനം സൃഷ്‌ടിക്കുന്ന ദുരൂഹതയുടെ പാതയിലാണ് ജോൺ ലൂഥറിന്റേയും യാത്ര. അന്വേഷണവും അതിന്റെ നൂലാമാലകളുമായി ഒതുങ്ങാതെ, ഒരു പോലീസുകാരന്റെ കുടുംബവും വ്യക്തി ജീവിതവും കൂടെ സ്ക്രിപ്റ്റിൽ ശ്രദ്ധിച്ചു എന്ന് പറയാം.

  നായകൻ ജയസൂര്യയുടെ ഒറ്റയാൾ ദൗത്യമാണ് സിനിമയുടെ ഭൂരിഭാഗവും. കുറ്റാന്വേഷകന്റെ ചുമതലയ്ക്കിടെ അയാൾക്ക്‌ കേൾവി നഷ്‌ടമാവുന്നു. ജോലിയോടുള്ള അമിതാവേശവും ആത്മാർത്ഥതയും നിമിത്തം, അങ്ങനെ സംഭവിച്ച ശേഷവും തീരുമാനിച്ചുറപ്പിച്ച കേസിൽ നിന്നും പിൻവാങ്ങാതെ അയാൾ തന്റെ ദൗത്യം തുടരുന്നു. ഒപ്പം നിഴൽപോലെ നിൽക്കാൻ സബ് ഇൻസ്‌പെക്ടർ ഫെലിക്സ് എന്ന ദീപക് പരമ്പോൽ കഥാപാത്രവും ഇദ്ദേഹത്തിനൊപ്പമുണ്ട്.

  സങ്കീർണ്ണമായ തൊഴിൽ ആത്മാർത്ഥതയോടെ ചെയ്യുന്നതിന്റെ പ്രതിഫലനം കൃത്യമായി മുഖത്ത് നിഴലിക്കുന്ന ഒരാളാണ് ജോൺ. വ്യക്തി ജീവിതം രണ്ടാം പരിഗണയ്ക്കു വയ്ക്കുന്നതിൽ സ്വന്തം അച്ഛൻ പോലും നീരസം പ്രകടിപ്പിക്കുമ്പോഴും, അയാൾ പുനർവിചിന്തനത്തിന്‌ ഒരുങ്ങുന്നില്ല. പരകായപ്രവേശത്തിന് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ള ജയസൂര്യയുടെ മാനറിസങ്ങളും പ്രകടന മികവും തന്നെവേണം ഈ സിനിമയെ തുടക്കം മുതൽ അവസാനം വരെ പിടിച്ചുനിർത്താൻ.

  ഒപ്പം ഒരുകാര്യം ഓർമ്മപ്പെടുത്തേണ്ടിയുമിരിക്കുന്നു, ഫെലിക്സ് എന്ന പൊലീസുകാരനായി വേഷമിട്ട ദീപക് പരമ്പോലിനെ ശ്രദ്ധിക്കാൻ മലയാള സിനിമ ഇനിയും വൈകരുത്. അധികം ചർച്ചചെയ്യപ്പെടാതെ പോയെങ്കിലും, 'ദി ലിസ്റ് ടു ഡെയ്‌സ്' എന്ന സിനിമയിലെ കാക്കിക്കാരനെ മിഴിവുറ്റതാക്കിയ ദീപക് അതേ വഴക്കത്തോടും തനിമയോടും ഈ സിനിമയിൽ ഏറെ സ്ക്രീൻ സ്‌പെയ്‌സ് ഉള്ള ഫെലിക്സിനെ മികച്ചതാക്കി.

  സ്ക്രിപ്റ്റിലേക്കു ഇറങ്ങി ചെന്നാൽ, 'അഞ്ചാം പാതിരാ', 'ഫോറൻസിക്' ചിത്രങ്ങൾ നൽകിയ പരിസരങ്ങൾ പ്രേക്ഷകരുടെ മനസ്സിലേക്ക് കടന്നുവരാൻ സാധ്യത തെളിയുന്നു. കേൾവിശക്തി നഷ്‌ടമായ പോലീസുകാരൻ നേരിടുന്ന സംഘർഷങ്ങളിലേക്കോ അതുണ്ടാക്കുന്ന തൊഴിൽപരമായ വെല്ലുവിളികളിലേക്കോ ഊന്നൽ നൽകിയെങ്കിൽ, തിരക്കഥയ്ക്ക് കൂടുതൽ മേഖകളിലേക്ക് കടന്നുചെല്ലാൻ കഴിയുമായിരുന്നു. പ്രത്യേകിച്ചും ത്രില്ലർ മൂഡിന് അത്തരമൊരു നീക്കം കൂടുതൽ അനുയോജ്യമായേനെ.

  പരിചിതമുഖങ്ങളായ സിദ്ധിഖ്, ശ്രീലക്ഷ്മി, ആത്മീയ രാജൻ, ശിവദാസ് കണ്ണൂർ, സെന്തിൽ കൃഷ്ണ രാജാമണി എന്നവരും സിനിമയിൽ ശ്രദ്ധേയമാണ്. അഭിജിത് ജോസഫ് സംവിധാനം ചെയ്ത ചിത്രം അത്യന്തം കെട്ടുപിണഞ്ഞു കിടക്കാത്ത ക്രൈം ത്രില്ലർ ആസ്വാദകർക്ക് കണ്ടിരിക്കാവുന്ന ചിത്രമാണ്.

  Summary: Review of John Luther movie starring Jayasurya in the lead
  Published by:Meera Manu
  First published: