നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'ഇത്രേം ദുരന്തം ഏറ്റുവാങ്ങിയൊരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല'

  'ഇത്രേം ദുരന്തം ഏറ്റുവാങ്ങിയൊരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല'

  • Share this:
   #മീര മനു

   ജോജു ജോർജ് എന്ന അഭിനേതാവിനെ, പൂർണ്ണതയിൽ കണ്ട ചിത്രമാണ് ജോസഫ്. മുറിവേറ്റ ഹൃദയവുമായി ജീവിച്ചു മരിച്ച ജോസഫ് കാണികളുടെ കണ്ണുകളിൽ നിന്നും മനസ്സിലേക്കും ഹൃദയത്തിലേക്കുമാണ് അമ്പുകൾ പായിച്ചത്. ജോസഫ് ഒരു കാത്തിരിപ്പിനൊടുവിൽ സംഭവിച്ച കഥയാണ്. രണ്ടു വർഷത്തെ പാകപ്പെടലിനൊടുവിൽ ചലച്ചിത്രമായ കഥ. ന്യൂസ് 18നു നൽകിയ അഭിമുഖത്തിൽ ജോസഫ് താണ്ടിയ വഴികൾ ജോജു വിവരിക്കുന്നു.

   "രണ്ടു വർഷം മുൻപ് സ്ക്രിപ്റ്റുമായി ഷാഹി (തിരക്കഥാകൃത്ത്) എന്റെയടുത്തു വരികയായിരുന്നു. കഥ കേട്ടപ്പോൾ തന്നെ ഞാൻ പേടിച്ചു പോയി. ഞങ്ങൾ ഇതൊരു സിനിമയാക്കാൻ ശ്രമിച്ചു നോക്കി, നടന്നില്ല. ഇത്രയും വർഷങ്ങൾക്കു ശേഷമാണ് പപ്പേട്ടൻ (സംവിധായകൻ എം.പദ്മകുമാർ) ഈ കഥ കേട്ട് നമുക്കിത് ചെയ്യാടാ എന്ന് പറഞ്ഞു എന്നെ സമീപിക്കുന്നത്. എല്ലാം ശരിയായി വരാൻ ഇത്ര സമയമെടുത്തു," ജോജു പറയുന്നു.   പ്രായത്തേക്കാൾ മുതിർന്ന കഥാപാത്രം ചെയ്യുമ്പോൾ ഏതൊരു അഭിനേതാവിനും ഉണ്ടാവുന്ന ആശങ്കകൾ ജോജുവിന്റെ മനസ്സിൽ കയറിക്കൂടിയിട്ടില്ല. ഹാസ്യ കഥാപാത്രമായും, വില്ലനായും ഇത്രയും കാലം വെള്ളിത്തിരയിൽ തങ്ങിയ ജോജു എന്ന സ്വഭാവ നടനിലേക്കുള്ള പ്രയാണം കൂടിയായിരുന്നു ഈ റിട്ടയേർഡ് പോലീസുകാരൻ.

   "കഥാപാത്രങ്ങൾ ഓരോരുത്തരുടെ ടേസ്റ്റ് ആണല്ലോ. ഞാൻ അങ്ങനെ ടെൻഷൻ ഉള്ള ആളല്ല. എനിക്കിതു ഓ.കെ. ആയിട്ട് തോന്നി. അതങ്ങു ചെയ്യാം എന്നായി. ഞാൻ എന്റെ സുഹൃത്തുക്കളുമായും, ഗുരുസ്ഥാനീയരുമായും ഒട്ടേറെ ചർച്ച ചെയ്തു. അവർ പറഞ്ഞതനുസരിച്ചുള്ള നിരീക്ഷണങ്ങൾ എനിക്ക് ഭയങ്കരമായ ഗുണം ചെയ്തിരുന്നു. ജോസെഫിനെപ്പോലുള്ള കഥാപാത്രങ്ങളെ കണ്ടിട്ടില്ല. പക്ഷെ പ്രായമായവരെ, എന്റെ അപ്പനെ ഒക്കെ ഞാൻ വളരെ കാര്യമായി നിരീക്ഷിക്കാറുണ്ട്. അവരുടെ രീതികൾ, നടപ്പിന്റെ വേഗത ഒക്കെ. പിന്നെ നമ്മുടെ ഒരു ഐഡിയയിൽ അങ്ങ് ചെയ്തു."   ഇത്ര ലാഘവത്തോടെ നായകൻ സംസാരിക്കുമ്പോഴും, അദ്ദേഹത്തിന് ലഭിക്കുന്ന പ്രോത്സാഹനങ്ങൾ കണ്ടില്ലെന്നു വയ്ക്കാനാവില്ല. പക്ഷെ അവിടെയും അധ്വാനത്തിന്റെ ക്രെഡിറ്റ് എല്ലാവർക്കും ജോജു പകുത്തു നൽകും. പ്രത്യേകിച്ചും ആയാസ രഹിതമായി ജോസഫിനെ അവതരിപ്പിച്ചതിൽ.

   "അതൊക്കെ പപ്പേട്ടന്റെ മിടുക്കാണ്, പദ്മകുമാർ എന്ന ഡയറക്റ്റർ അതൊക്കെ കൃത്യമായി എന്നെകൊണ്ട് ചെയ്പ്പിച്ചു പോയിരുന്നു. ഇന്ന സ്ഥലത്തു ഇന്നത് വേണമെന്നും വേണ്ടെന്നും പറയാനും ഗൈഡ് ചെയ്യാനും പപ്പേട്ടൻ ഫുൾ ടൈം ഉണ്ടായിരുന്നു. ഇതൊരു ഗംഭീര കഥാപാത്രമായാണ് കൊണ്ടാണ് എനിക്ക് ക്രെഡിറ്റ് കിട്ടുന്നത്. ഈ സ്ക്രിപ്റ്റ് എന്റെ കയ്യിൽ കിട്ടിയത് എന്റെ ഭാഗ്യമാണ്. വേറെ ആൾക്കായിരുന്നെങ്കിൽ, അവർ ചെയ്തു ഫലിപ്പിച്ചേനെ. ക്യാമറാമാന്റെ, മ്യൂസിക് ഡയറക്റ്ററുടെ, ഡയറക്റ്ററുടെ, എഡിറ്ററുടെ, കൂടെ അഭിനയിച്ചവരുടെ കോൺട്രിബ്യൂഷൻ ഉണ്ട്. സപ്പോർട്ട് ചെയ്തവരെല്ലാം നന്നായപ്പോഴാണ്, ഞാനും നന്നായത്. ഇതെല്ലാരും കൂടി ചേർന്ന് നന്നാക്കിയ വർക്കാണ്. ഇതിന്റെ സ്ക്രിപ്റ്റ് ക്രിസ്റ്റൽ ക്ലിയർ ആയിരുന്നു. നമ്മൾ തമ്മിൽ കമ്മ്യൂണിക്കേഷൻ നടന്നത് കൊണ്ട് തന്നെ ചെയ്യാനും ഭയങ്കര എളുപ്പമായിരുന്നു. ആസ്വദിച്ചു ചെയ്ത സിനിമയാണ്."   വെള്ളിത്തിരയിൽ പോലീസ്‌കാരനായി ജീവിച്ചു മരിച്ചിട്ടും, യഥാർത്ഥ ജീവിതത്തിൽ അങ്ങനെയൊരു പോലീസുകാരനെ കണ്ടിട്ടില്ലെന്നു ജോജു പറയുന്നു. "ഇത്രേം ദുരന്തം ഏറ്റുവാങ്ങിയൊരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. ഇത് ഓരോരുത്തരുടെ കാഴ്ചപ്പാടാണ്, ഇതെഴുതിയത് ഒരു പോലീസുകാരനായത് കൊണ്ട് അയാൾ ആ കഥാപാത്രത്തെ വളരെ ജെനുവിനായി എഴുതാൻ ശ്രമിച്ചിട്ടുണ്ട്. അതാണ് അതിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്."

   ജോസഫ് കരിയറിന്റെ വഴിത്തിരിവ് അല്ലെങ്കിൽ കൊടുമുടിയിൽ എത്തിച്ചുവെന്നു തോന്നുന്നുണ്ടാവുമോ? "ഇതൊരു തുടക്കം മാത്രമാണ്. ഞാൻ ഇൻഡസ്ട്രിയിൽ കയറി ഇന്ന് വരെയും അങ്ങനെയൊന്നും തോന്നിത്തുടങ്ങിയില്ല. വലിയ വലിയ നടന്മാരുണ്ട് അഭിനയ രംഗത്ത്. അവരുമായി താരതമ്യം ചെയ്യുമ്പോൾ നമ്മൾ എത്രയോ പിന്നിലാണ്. അങ്ങനെയൊന്നും ചിന്തിക്കാനേ ആവില്ല. നല്ല വേഷങ്ങൾ ചെയ്യണം. അതാണ് ആഗ്രഹം."ജോസഫ് മേളകളിൽ എത്തിക്കാൻ അണിയറക്കാർ ആഗ്രഹിക്കുന്നുണ്ട്. എങ്കിൽ ജോജുവിന്റെ അഭിനയ പാടവം അതാരാഷ്ട്ര നിലകളിൽ വരെ അറിയപ്പെടുന്നത് കാണാൻ ഇനി അധിക ദൂരമില്ല.   ജോജുവിനെ സംബന്ധിച്ച് ആദ്യ പ്രേക്ഷക വീട്ടിൽ തന്നെയുണ്ട്. ഭർത്താവിന്റെ ചിത്രങ്ങൾക്ക് ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ മുടക്കുന്ന പതിവില്ല ഭാര്യ അബ്ബാ ജോജുവിന്‌. "ഞാൻ അഭിനയിച്ച എല്ലാ സിനിമയുടെയും ഫസ്റ്റ് ഷോ ഭാര്യ ലുലു മാളിൽ പോയി കാണും. ഇത്തവണയും അങ്ങനെയാണ്. ഭാര്യയും കുട്ടികളും ഇത്രേം സന്തോഷിച്ചു കണ്ടിട്ടില്ല. എൻ്റെ ആ വേഷം കണ്ടു വൈഫ് വളരെ എക്സൈറ്റഡ് ആണ്. ഇങ്ങനെയൊക്കെ എനിക്ക് അഭിനയിക്കാൻ പറ്റും എന്ന് അവളും തിരിച്ചറിയുന്നത് ഈ സിനിമ കണ്ടിട്ടാവും. ഞാനും. എല്ലാരും വളരെ ഹാപ്പി ആണ്. സിനിമ ഞാൻ അവർക്കൊപ്പവും, അല്ലാതെയും കണ്ടു."

   ഇപ്പോൾ തിരക്കുകൾക്കിടയിൽ നിന്നും മാറി ഒരിടവേളയിലാണ് ജോജു. ഡിസംബർ ആദ്യം തന്നെ ടൊവിനോ നായകനാവുന്ന ചിത്രത്തിന്റെ ഭാഗമാകണം. ശേഷം എല്ലാം അടുത്ത വർഷം മുതലാണ് തുടങ്ങുക. ജോസഫ് മുതലുള്ള ജോജുവിൽ നിന്ന് ഇനിയും അത്ഭുതങ്ങൾ പ്രതീക്ഷിക്കുന്നുണ്ടാവും പ്രേക്ഷകർ.

   First published:
   )}