• HOME
 • »
 • NEWS
 • »
 • film
 • »
 • ഒരു ചെറു ചിത്രം പ്രതീക്ഷിച്ച് പ്ലേ ബട്ടണ്‍ ഞെക്കുക; 'സാറാസിന്റെ' റിലീസിന് മുൻപ് കുറിപ്പുമായി ജൂഡ് ആന്റണി ജോസഫ്

ഒരു ചെറു ചിത്രം പ്രതീക്ഷിച്ച് പ്ലേ ബട്ടണ്‍ ഞെക്കുക; 'സാറാസിന്റെ' റിലീസിന് മുൻപ് കുറിപ്പുമായി ജൂഡ് ആന്റണി ജോസഫ്

'ഒരുഗ്രന്‍ ചിരിപ്പടമല്ല സാറാസ്. വളരെ സൂക്ഷമതയോടെ ഒരു കാര്യം നര്‍മത്തിന്‍റെ മേമ്പൊടി ചേര്‍ത്ത് പറയാനുള്ള എളിയ ശ്രമം മാത്രം'. തന്റെ സിനിമയേക്കുറിച്ചു സംവിധായകൻ ജൂഡ് ആന്റണി ജോസഫ്

ജൂഡ് ആന്റണി ജോസഫ്

ജൂഡ് ആന്റണി ജോസഫ്

 • Last Updated :
 • Share this:
  നാളെയാണ് സാറയും കൂട്ടരും പ്രേക്ഷകരുടെ അടുത്തേക്ക് വരുന്നത്. വീണ്ടുമൊരു സ്ത്രീകഥാപാത്ര കേന്ദ്രീകൃതമായ ചിത്രവുമായാണ് 'സാറാസിൽ' അന്ന ബെൻ എത്തുന്നത്. സണ്ണി വെയ്ൻ നായകനായ സിനിമയിൽ അന്നയുടെ അച്ഛൻ ബെന്നി പി. നായരമ്പലവും വേഷമിടുന്നുണ്ട്. 'ഓം ശാന്തി ഓശാന', 'ഒരു മുത്തശ്ശി ഗദ' തുടങ്ങിയ സിനിമകൾക്ക് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ കോവിഡ് വ്യാപനത്തിന് ശേഷം ചിത്രീകരിച്ച സിനിമയാണ്. സിനിമ ഇറങ്ങാൻ ഏതാനും മണിക്കൂറുകൾ ബാക്കി നിൽക്കെ ജൂഡ് പ്രേക്ഷകർക്കായി ഒരു കുറിപ്പെഴുതുന്നു.

  "ഇതിന് മുന്‍പ് ഇങ്ങനെ എഴുതിയത് 2014 February 7ന് 'ഓം ശാന്തി ഓശാന' ഇറങ്ങിയപ്പോഴും 2016 September 14ന് 'ഒരു മുത്തശ്ശി ഗദ' ഇറങ്ങിയപ്പോഴുമാണ്. ആദ്യ ചിത്രം ജീവിതം തന്നെ മാറ്റിമറിച്ചു. ഒരുപാട് അഭിനന്ദനങ്ങള്‍, പുരസ്കാരങ്ങള്‍. രണ്ടാമത്തെ ചിത്രം അത്രയേറെ ഇല്ലെങ്കില്‍ പോലും നല്ലൊരു കുടുംബ ചിത്രം തന്നെയാണെന്ന് ഇന്നും ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. രണ്ടു ചിത്രങ്ങളും തിയേറ്ററില്‍ തന്നെയാണ് ഇറങ്ങിയത്. ആളുകളുടെ ആരവത്തിനിടയില്‍ സിനിമ കണ്ട് കണ്ണ് നിറഞ്ഞ ആ ദിനങ്ങള്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു.

  ലോകം മുഴുവന്‍ ഒരു മഹാമാരിയില്‍ പകച്ച് നില്‍ക്കുമ്പോള്‍ എനിക്കും ഒരു കൂട്ടം സിനിമ പ്രവര്‍ത്തകര്‍ക്കും തൊഴിലും ഉപജീവനവും നല്കിയ സിനിമയാണ് സാറാസ്. നിര്‍മ്മാതാവ് മുരളിയേട്ടനും ശാന്ത ചേച്ചിയും ചങ്കൂറ്റത്തോടെ കൂടെ നിന്നത് കൊണ്ടാണ് എല്ലാ പ്രതിസന്ധികളും കടന്ന് ആമസോണ്‍ പ്രൈമില്‍ വേള്‍ഡ് പ്രീമിയര്‍ ആയി ഈ സിനിമ വരുന്നത്. ലോകം മുഴുവനും ഒരേ സമയം ഒരുപാട് പേര്‍ സിനിമ കാണുകയും അഭിപ്രായം പറയുകയും ചെയ്യും എന്നുള്ളത് ആവേശം കൊള്ളിക്കുന്നുണ്ടെങ്കില്‍ പോലും, തിയേറ്റര്‍ എക്സ്പീരിയന്‍സ് മിസ്സ് ആകുമെന്നതില്‍ സംശയമില്ല. തിയേറ്ററുകള്‍ പൂരപ്പറമ്പാകുന്ന ഒരു സിനിമ ഉടനെ ചെയ്യാന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.  സാറാസ്, ട്രൈലറില്‍ കണ്ട പോലെ തന്നെയാണ്. പക്ഷേ ഒരുഗ്രന്‍ ചിരിപ്പടമല്ല സാറാസ്. വളരെ സൂക്ഷമതയോടെ ഒരു കാര്യം നര്‍മത്തിന്‍റെ മേമ്പൊടി ചേര്‍ത്ത് പറയാനുള്ള എളിയ ശ്രമം മാത്രം. ഇതുവരെ കൂടെ നിന്ന എല്ലാവരെയും സ്നേഹത്തോടെ ഓര്‍ക്കുന്നു. നാളെ ഈ സമയത്ത് സാറാസിന്‍റെ വിധി നിശ്ചയിക്കപ്പെട്ട് കഴിഞ്ഞിരിക്കും. അത് എന്തു തന്നെ ആയാലും, പൂർണ്ണ മനസോടെ, ശരീരത്തോടെ ഞങ്ങള്‍ ചെയ്ത സിനിമയാണ് സാറാസ്. ജീവന്‍ പണയപ്പെടുത്തി എന്ന് അക്ഷരാര്ത്ഥത്തില്‍ പറയാം. അതുകൊണ്ട് നിങ്ങളും അല്പം റിസ്ക് എടുക്കുന്നതില്‍ തെറ്റില്ല.

  ഒരു ചെറു ചിത്രം പ്രതീക്ഷിച്ച് പ്ലേ ബട്ടണ്‍ ഞെക്കുക. കണ്ടിട്ട് ഇഷ്ടമായാല്‍ /ഇല്ലെങ്കിലും മെസേജ് അയക്കുക/വിളിക്കുക.
  ഒത്തിരി സ്നേഹത്തോടെ
  നിങ്ങളുടെ സ്വന്തം
  ജൂഡ്."

  Summary: Director Jude Anthany Joseph pens a note prior to the release of Sara's
  Published by:user_57
  First published: