• HOME
  • »
  • NEWS
  • »
  • film
  • »
  • Kaapa review | കുടിപ്പകയുടെ ചോരക്കാലം; സ്‌ക്രീനിൽ നിറഞ്ഞാടി കൊട്ട മധുവും ബിനു ഗ്യാങ്ങും

Kaapa review | കുടിപ്പകയുടെ ചോരക്കാലം; സ്‌ക്രീനിൽ നിറഞ്ഞാടി കൊട്ട മധുവും ബിനു ഗ്യാങ്ങും

Kaapa review | കാപ്പ റിവ്യൂ: സ്വത്ത് കൈമാറ്റം പോലൊരു ആചാരമാണ് ഒരു ഗുണ്ടയുടെ മരണശേഷം അവന്റെ അടുത്ത ബന്ധു വഴിയുള്ള പകവീട്ടൽ. 'കാപ്പയുമായി' പൃഥ്വിരാജും ഷാജി കൈലാസും വരുമ്പോൾ

കാപ്പ

കാപ്പ

  • Share this:

    Kaapa review | ഐ.ടി. ഹബ്ബും, ഫ്ലാറ്റ് സമുച്ചയങ്ങളും, മാളുകളും ഉയരുന്നതിനു മുൻപ്, നേരം ഇരുട്ടിയാൽ പെണ്ണുങ്ങൾ മാത്രമല്ല, ആണുങ്ങളും ‘പെരയ്ക്കാത്ത്’ (പുരയ്ക്കകത്ത് എന്നതിന്റെ തെക്കൻ വാമൊഴി) കേറി സുരക്ഷിതരാവുന്ന ഒരു കാലമുണ്ടായിരുന്നു തിരുവനന്തപുരം നഗരത്തിൽ. അതിന് കുറ്റം ചെയ്തവരോ അല്ലാത്തവരോ എന്ന വേർതിരിവില്ല. ജീവനിൽപ്പേടിയുള്ള എല്ലാവരും കേറിക്കോണം. അത്രതന്നെ.  ഡേറ്റ് ഓഫ് ബെർത്ത് കൃത്യമായി പറയാൻ കഴിയാത്ത ഭൂതകാലമുണ്ട് ഇവിടുത്തെ ഗുണ്ടാവിളയാട്ടത്തിന്; ഡേറ്റ് ഓഫ് എക്സ്പയറിയും ഇല്ലെന്നു കൂട്ടിക്കോ. ആ കാലത്തിലെ അന്തേവാസികളാണ് ക്വട്ടേഷൻ തലവനായ കൊട്ട മധുവും അവന്റെ എതിരാളി കൂട്ടമായ ‘ബിനു ഗാങ്ങും’.

    പാരമ്പര്യ സ്വത്ത് കൈമാറ്റം പോലൊരു ആചാരമാണ് ഒരു ഗുണ്ടയുടെ മരണശേഷം അവന്റെ അടുത്ത ബന്ധു— അത് സഹോദരനോ അളിയനോ ആകാം— വഴി ആ ക്വട്ടേഷൻ ഗാങ്ങിന്റെ തലപ്പത്തു കയറിയുള്ള പ്രതികാരം വീട്ടൽ. വേറെ ഓപ്ഷൻ ഇല്ല. കുത്തും കൊലപാതകവും ഇടമുറിയാതെ നടന്നുകൊണ്ടേയിരിക്കും. ഇതിനൊരു അന്തവും കുന്തവുമില്ലേ എന്ന് ചോദിച്ചാൽ ഒറ്റയടിക്കങ്ങു പറയാൻ ഉത്തരമുണ്ടാവില്ല. ഈ പരിസരത്ത് നിന്നുകൊണ്ട് ജി.ആർ. ഇന്ദുഗോപൻ എന്ന കഥാകാരൻ ഒരു നോവൽ എഴുതുക, കുറച്ചു വർഷങ്ങൾക്കിപ്പുറം അതിൽ നിന്നും സിനിമയുണ്ടാവുക, ഷാജി കൈലാസ് സംവിധാനം ചെയ്ത്, പൃഥ്വിരാജ് നായകനായി ‘കാപ്പ’ എന്ന പേരിൽ ആ കഥ സ്‌ക്രീനിലെത്തുക. നേരത്തെപറഞ്ഞ ഗുണ്ടാ പാരമ്പര്യം പേറാൻ ആണിന് പകരം പെണ്ണാണെങ്കിലോ, ഒരു അനുജത്തി?

    കഥ തുടങ്ങുകയായി. ക്വട്ടേഷൻ ലോകത്തിനും കാതങ്ങൾക്കപ്പുറം ഐ.ടി. ജോലിയും കുടുംബവുമായി കഴിയുന്ന ബിനു ത്രിവിക്രമൻ (അന്ന ബെൻ) എന്ന യുവതി ‘കാപ്പ’ പട്ടികയിൽ ഉൾപ്പെടുന്നതെങ്ങനെയാണ്? റോഡിനു നടുവിൽ വെട്ടുകൊണ്ട് മരിച്ച ഗുണ്ടയുടെ അനുജത്തിയാണവൾ, പേരാകട്ടെ ആദ്യ കേൾവിയിൽ പുരുഷന്റേതെന്നു തോന്നിക്കുന്നതും. ഭർത്താവ് ആനന്ദിന്റെ (ആസിഫ് അലി) ഐ.ടി. ജോലിക്കൊപ്പം വർഷങ്ങളുടെ പ്രവാസം മതിയാക്കി അവൾ സ്വന്തം നാടായ തിരുവനന്തപുരത്ത് മടങ്ങിയെത്തിയിരിക്കുന്നു. ബിനുവിന്റെ സഹോദരനുമായി നേരിട്ട് ഇടപാട് നടന്ന കൊട്ട മധുവും കഴിഞ്ഞ കാലത്തെക്കുറിച്ച് കേട്ടുകേൾവി പോലുമില്ലാതിരുന്ന ആനന്ദും തമ്മിലാണ് ഇനിയങ്ങോട്ടുള്ളതെല്ലാം.

    ഈ ചിത്രത്തെ വിലയിരുത്താൻ തുടങ്ങും മുൻപ് രണ്ട് ഘടകങ്ങൾ മറ്റെന്തിനേക്കാളും മുന്നിട്ടു നിൽപ്പുണ്ട്. ആക്ഷൻ സിനിമകളുടെ സംവിധായകനായ ഷാജി കൈലാസും, സ്വന്തം പുസ്തകത്തെ താൻ തന്നെ തിരക്കഥയാക്കിമാറ്റിയ ഇന്ദുഗോപനും.

    ഷോവനിസ്റ്റുകളായ മുൻകാല നായകന്മാരെ കൊണ്ടുള്ള അങ്കത്തിന് എന്തായാലും ഷാജി കൈലാസ് ഇക്കുറിയില്ല. ‘കടുവ’യിൽ ഗർജ്ജനവുമായെത്തിയ നായകൻ പൃഥ്വിരാജുമായി ഒരിക്കൽക്കൂടി കൈകോർക്കുമ്പോൾ, സ്ത്രീകഥാപാത്രങ്ങൾക്കും അവരുടേതായ പ്രാധാന്യമുള്ള സ്ക്രിപ്റ്റാണ് അദ്ദേഹം ഷോട്ടുകളും സീനുകളുടെ മാറ്റിയത്.

    സ്ക്രിപ്റ്റിലേക്കു കടക്കാം. ‘ശംഖുമുഖി’ എന്ന നോവലാണോ ‘കാപ്പ’ എന്ന് ചോദിച്ചാൽ ആണെന്നും അല്ലെന്നും പറയേണ്ടി വരും. എഴുത്തുകാർ പേറ്റുവേദനയെന്നോണം പ്രയാസപ്പെട്ട് നടത്തുന്ന സൃഷ്‌ടി അവർ തന്നെ സിനിമയ്ക്കായി മറ്റൊരു പാകത്തിൽ രൂപാന്തരപ്പെടുത്തേണ്ടി വരിക. അങ്ങനെയാവുമ്പോൾ, എഴുത്തുകാരന്റെ ‘ലിബർട്ടി’ തിരക്കഥാകൃത്തിന് നിജപ്പെടുത്തേണ്ടതായി വന്നേക്കും. വെള്ളനിറമുള്ള പ്രതലത്തിൽ വിരിയുന്ന കഥ ഒന്നായിരിക്കും. പക്ഷേ കടലാസ്സിനു നൽകാൻ കഴിയുന്ന സ്വാതന്ത്ര്യം സ്ക്രീൻ ക്യാൻവാസിൽ, അക്ഷരങ്ങളുടെ അകമ്പടിയില്ലാതെ കാണാനിരിക്കുന്ന പ്രേക്ഷകന് മറ്റൊരു അനുഭവമാകണമെന്ന നിർബന്ധബുദ്ധിയോടെയാണ് ഇന്ദുഗോപൻ സ്വന്തം രചനയെ വാർത്തുടച്ച് മറ്റൊരു പരുവത്തിലാക്കിയത്.

    ഒരു ബ്ലോക്ക്ബസ്റ്റർ സിനിമയെന്നോണം ഭാവനയിൽ സൃഷ്‌ടിക്കാവുന്ന ശംഖുമുഖിയിലെ കൊട്ട മധുവിന്റെ ബൈപാസ് ആക്ഷൻ രംഗവും, ആനന്ദിന് മധുവിനോട് തോന്നുന്ന ആരാധനയുമൊക്കെ സ്‌ക്രീനിൽ മറ്റൊന്നായി മാറിയിരിക്കുന്നു. മധുവിന്റെ എതിരാളി പക്ഷത്തെ, ‘ബിനു ഗാങിനെ’, പൊടിപ്പും തൊങ്ങലും ചേർത്തു പിടിപ്പിച്ച്‌ അന്തിപത്രം ഇറക്കുന്ന ലത്തീഫ് എന്ന മാധ്യമപ്രവർത്തകന്റെ വില്ലത്തരം സിനിമയിൽ കൂടുതലുണ്ട്. ശംഖുമുഖിയിലെ ഛായയല്ല കാപ്പയിലെ കൊട്ട മധുവിന്. ചില ബാക്ക്സ്റ്റോറികൾ ഒഴിവാക്കിയും ചിലത് കൂട്ടിച്ചേർക്കുകയുമുണ്ട്. വായനക്കാരെയും സിനിമാ പ്രേക്ഷകരെയും കൃത്യമായി മനസിലാക്കാനുള്ള എഴുത്തുകാരന്റെ പാടവം വ്യക്തം.

    ഒരു തനി തിരുവനന്തപുരം കഥയിൽ അത്യന്താപേക്ഷിതമായ സംസാരശൈലിയുടെ കാര്യത്തിൽ തിരുവനന്തപുരം സ്വദേശികളായ അഭിനേതാക്കൾ സ്കോർ കാർഡിൽ മുന്നിലാണ്. ഗുണ്ടകളായ നായകൻ പൃഥ്വിരാജും, ജഗദീഷും, പോലീസുകാരനായ നന്ദുവും തനത് ഭാഷയെ അതിന്റെ അന്തഃസത്ത ചോരാതെ എത്തിക്കുന്നുണ്ട്. പഠിച്ച്‌ പച്ചപരിഷ്കരമായാൽ ഈ ഭാഷ ഇവിടെയുള്ളവർ സംസാരിക്കില്ല എന്ന വെയ്പ്പ് കൊണ്ടാണോ എന്തോ, മാധ്യമപ്രവർത്തകനായ ലത്തീഫും, ടെക്കിയായ ബിനുവും, സർക്കാർ ജീവനക്കാരിയായ പ്രമീളയും സംസാരിക്കുന്നത് മറ്റൊരു സ്ലാങ്ങാണ്. പ്രമീള എന്തായാലും ചിലയിടങ്ങളിൽ ശ്രമം നടത്തിയിട്ടുണ്ട്.

    ഒരുപാട് സ്ക്രീൻ സ്‌പെയ്‌സ് ഇല്ലെങ്കിലും സ്ത്രീകഥാപാത്രമെന്ന നിലയിൽ അപർണ ബാലമുരളി അവതരിപ്പിച്ച പ്രമീള മലയാള സിനിമയിൽ ഈ അഭിനേത്രിയുടെ അടുത്ത കാലത്തെ നല്ലൊരു വേഷമാണ്. നാല്പതോടടുത്ത പി.എൻ. മധുകുമാർ എന്ന കൊട്ട മധുവായി പൃഥ്വിരാജ് അരങ്ങുവാഴുന്നു.  വൃത്തിയുള്ള മുണ്ട് മടക്കിക്കുത്തി, അലക്കിയ ഷർട്ടും നെറ്റിയിൽ കറുത്ത കുറിയുമായി അയാൾ പല ഷെയ്‌ഡുകൾ മിന്നിമറയുന്ന മനുഷ്യനായി പ്രേക്ഷകരെ ത്രസിപ്പിക്കും.

    മധുവിന് വെല്ലുവിളിയുമായി നിലനിൽക്കുന്ന ലത്തീഫ് എന്ന ദിലീഷ് പോത്തൻ കഥാപാത്രവും ഒപ്പത്തിനൊപ്പമുണ്ട്. മധുവിന്റെ വിശ്വസ്തനായ ജബ്ബാർ ആയെത്തിയ ജഗദീഷ്, പൊലീസുകാരനായ നന്ദുവിന്റെ കഥാപാത്രം, ആസിഫ് അലിയുടെ ആനന്ദ്, അന്ന ബെൻ അവതരിപ്പിച്ച ബിനു തുടങ്ങിയ വേഷങ്ങളും മനസ്സിൽ തങ്ങിനിൽക്കും.

    ഇത്തരമൊരു ചിത്രത്തെ ജോമോൻ ടി. ജോൺ ഡാർക്ക് ഫ്രയിമുകളാൽ സമ്പന്നമാക്കിയിരിക്കുന്നു. ഒത്ത പശ്ചാത്തലസംഗീതവുമായി ഡോൺ വിൻസെന്റും ഉണ്ട്. ആക്ഷൻ രംഗങ്ങളിലും കൈവിട്ട കളി തീരെയില്ല. അത്യന്തം ഒച്ചപ്പാടും ബഹളവുമില്ലാതെ ഗുണ്ടാപ്പകയുടെ നേർചിത്രമായ സിനിമ എന്ന നിലയിൽ കാപ്പ കണ്ടുമടങ്ങാം.

    Published by:Meera Manu
    First published: