• HOME
  • »
  • NEWS
  • »
  • film
  • »
  • നടനും തിരക്കഥാകൃത്തുമായ കാദർഖാൻ അന്തരിച്ചു

നടനും തിരക്കഥാകൃത്തുമായ കാദർഖാൻ അന്തരിച്ചു

  • Last Updated :
  • Share this:
    ന്യൂഡൽഹി: ഹിന്ദി സിനിമയുടെ ചരിത്രം തിരുത്തിയെഴുതിയ തിരക്കഥാകൃത്തും നടനുമായ കാദര്‍ഖാന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. ആറുമാസമായി രോഗബാധിതനായിരുന്ന ഖാന്‍ കാനഡയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഹിന്ദി സിനിമയിലെ വെറും ഹാസ്യതാരമായിരുന്നില്ല കാദര്‍ഖാന്‍. ഇടയ്‌ക്കൊക്കെ ഇടിമുഴക്കം തീര്‍ത്ത വില്ലനും മാത്രമായിരുന്നില്ല. ആയിരം സിനിമകള്‍ക്കു തിരക്കഥയെഴുതിയ ആളാണ്. അമിതാഭ് ബച്ചനെ അടയാളപ്പെടുത്തിയ പ്രധാനപ്പെട്ട ഡയലോഗുകള്‍ എല്ലാം എഴുതിയത് കാദർഖാനാണ്.

    മുഖാദര്‍ കാ സിക്കന്തര്‍, നസീബ് തുടങ്ങി അമിതാഭ് ബച്ചന്റെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥ കാദര്‍ഖാന്റേതായിരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്ന് തൊഴില്‍ തേടി മുംബൈയിലെത്തിയ കുടുംബത്തിലെ അംഗം. ചേരിയില്‍ ജീവിതം. മാതാപിതാക്കള്‍ വേറെ വിവാഹം കഴിച്ച് രണ്ടുവഴിക്കായപ്പോള്‍ ബന്ധുക്കളുടെ സഹായത്താല്‍ വിദ്യാഭ്യാസം. സ്വയം തൊഴിലെടുത്ത് എന്‍ജിനിയറിങ് ബിരുദം. മുംബൈ സാബു സിദ്ദിഖ് കോളജില്‍ എന്‍ജിനിയറിങ് അധ്യാപകനായിരിക്കുമ്പോള്‍ അവതരിപ്പിച്ച നാടകമാണ് ജീവിതം വഴിതിരിച്ചുവിട്ടത്. ദിലീപ് കുമാര്‍ അടുത്ത സിനിമയിലേക്ക് സഹതാരമായി ക്ഷണിച്ചതോടെ മേഖല സിനിമയായി. ഒരുവര്‍ഷമായി മൂത്തമകനൊപ്പം കാനഡയിലായിരുന്നു കാദര്‍ഖാന്‍.

    First published: