• HOME
  • »
  • NEWS
  • »
  • film
  • »
  • Kaduva review | കുര്യാച്ചൻ കേറിയങ്ങ് ചാമ്പുവാന്നേ; പൃഥ്വിരാജ് -ഷാജി കൈലാസ് ടീമിന്റെ പൂണ്ടുവിളയാട്ടമായി 'കടുവ'

Kaduva review | കുര്യാച്ചൻ കേറിയങ്ങ് ചാമ്പുവാന്നേ; പൃഥ്വിരാജ് -ഷാജി കൈലാസ് ടീമിന്റെ പൂണ്ടുവിളയാട്ടമായി 'കടുവ'

Kaduva review | 'ആരംഭിക്കലാമാ'... തിയേറ്റർ തകർത്തുവാരാൻ പൃഥ്വിരാജ്, ഷാജി കൈലാസ് കോംബോ

കടുവ

കടുവ

  • Last Updated :
  • Share this:
Kaduva review | കോട്ടയം ജില്ലാ ജയിലിലേക്ക് ശിക്ഷിക്കപ്പെട്ടു വരുന്ന പാലാക്കാരൻ നായകൻ. ആ വരവിനു ചേർന്ന് ഒന്നൊന്നര ബിൽഡപ്പ് തുലോം കുറവില്ലാതെ നൽകാൻ പ്ലാന്റർ കുര്യാച്ചന്റെ നാട്ടുകാരനും സഹതടവുകാരനുമായ ചില്ലറ മോഷ്‌ടാവും, തകർത്തുവാരലിനു തിരികൊളുത്തുന്ന മാസ്സ് പശ്ചാത്തലസംഗീതവും. വന്നാൽ കുര്യാച്ചനിട്ടു പണിയാൻ കാത്ത്, കിട്ടേണ്ടത് ചോദിച്ചു വാങ്ങാൻ നിൽക്കുന്ന ലോക്കൽ ഗുണ്ടാ നേതാക്കൾ. അങ്ങനെ ഒരാൾ അവിടെ വന്നിറങ്ങും മുൻപ് അയാൾ ധരിക്കുന്ന തൂവെള്ളക്കുപ്പായം മുതൽ വലിക്കുന്ന തടിമാടൻ ചുരുട്ട് വരെ സ്യൂട്ട് കേസ് പെട്ടിയിലായി പോലീസ് സ്റ്റേഷനിൽ എത്തിക്കഴിഞ്ഞിരിക്കും.

ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബവും, അടിതടയും, പ്ലാന്റേഷൻ- ബാർ ബിസിനസ്സും ഒക്കെയായി കഴിഞ്ഞുകൂടിയ നാട്ടിലെ പ്രമാണിയുടെ അത്തരമൊരു വരവിന് ഇടയാക്കിയ കാരണത്തിന് അതേ ഇടത്ത് തന്നെ പകരം ചോദിക്കും വരെയുള്ള കുര്യാച്ചന്റെ രണ്ടര മണിക്കൂർ പൂണ്ടുവിളയാട്ടം ഇവിടെ തുടങ്ങുകയായി. ഇച്ചിരി പരിഷ്‌ക്കാരത്തിൽപ്പറഞ്ഞാൽ 'വൺ-മാൻ ഷോയുടെ' ഒക്കെ അപ്പാപ്പനായ തനി 'കടുവ'യുടെ ഗർജ്ജനത്തിന് സ്‌ക്രീനിൽ തിരികൊളുത്തിക്കഴിഞ്ഞു.

അൽപ്പം റെസ്റ്റ് എടുത്ത ശേഷം മാസ് എന്റർറ്റെയ്നറിൽ കൈവച്ച പൃഥ്വിരാജും, രണ്ടാം വരവ് ഗംഭീരമാക്കാൻ കച്ചകെട്ടിയിറങ്ങിയ ഷാജി കൈലാസും കൂടിയാവുമ്പോ കാണേണ്ട പൂരം കണ്ടു തന്നേ മതിയാവൂ.

തരക്കേടില്ലാത്ത ബന്ധവുമായി ഒരേ നാട്ടിൽ ജീവിക്കുന്ന കടുവാക്കുന്നേൽ കുര്യാച്ചനും (പൃഥ്വിരാജ്), ഔസേപ്പുകുട്ടി എന്ന ഐ.ജി. ജോസഫ് ചാണ്ടിയും (വിവേക് ഒബ്‌റോയ്) തമ്മിലിടയുന്നിടത്ത് ഒരു യുദ്ധത്തിനുള്ള കാഹളം മുഴങ്ങുകയായി. അധികം ദോഷകരമല്ലാത്ത ഒരു നുണ തൊടുത്തുവിടുന്ന പൊല്ലാപ്പുകൾ ഒരു നാടിന്റെ ഭരണകൂടത്തെ വരെ വെല്ലുവിളിക്കുന്ന അവസ്ഥയിൽ എത്തുന്ന സംഭവവികാസങ്ങളുടെ ചുരുളഴിയുന്നത് പ്രേക്ഷന് തീർത്തും ആവേശത്തോടെ, കയ്യടിച്ച് കണ്ടിരിക്കാം.

മാസ് സിനിമയിൽ അടിപിടി പൊടിപൂരം എങ്കിൽ അതിനൊത്ത് സാങ്കേതികത വളരേണ്ടതിന്റെ ധാരണ നല്ലതുപോലെ മനസ്സിലാക്കിയുള്ള വരവാണ് സംവിധായകനും നടത്തിയിട്ടുള്ളത്. സാങ്കേതിക സംഘത്തിന് ക്രെഡിറ്റ് നൽകിയില്ലെങ്കിൽ തീർത്തും അനീതിയാവും.ആക്ഷന്റെ കാര്യത്തിൽ മാഫിയ ശശി, കനൽ കണ്ണൻ ടീം നടത്തിയ ഇടപെടൽ വളരെ മികച്ചതാണ്. നായകനും വില്ലന്മാർക്കും ഏറ്റവും കൂടുതൽ സമയം വേണ്ടിയതും ഈ വിഭാഗത്തിലായതു കൊണ്ട്, അത്രയേറെ ശ്രദ്ധ നൽകിയാണ് ആക്ഷൻ കൊറിയോഗ്രാഫിയുടെ പ്രവർത്തനം. അടിയുടെ പൂരമായാൽ ഒരുപക്ഷെ പ്രേക്ഷകർക്ക് വിരസതയുണ്ടാവും എന്ന തോന്നൽ മുൻകൂട്ടിക്കണ്ടുകൊണ്ടാണ് ആക്ഷൻ തീർത്തിട്ടുള്ളത്.

പലയാവർത്തി മലയാള സിനിമയ്ക്ക് മികച്ച പശ്ചാത്തല സംഗീതമൊരുക്കിയ ജേക്സ് ബിജോയ് ഈ വിഭാഗത്തിലെ എണ്ണംപറഞ്ഞ പേരുകളുടെ പട്ടികയിൽ എടുത്തുപറയത്തക്ക നാമമായി മാറിക്കഴിഞ്ഞിരിക്കുന്നു. 'കൽക്കി'യിൽ തന്റെ ആലയിലെ മികച്ച പണിയായുധങ്ങൾ പുറത്തെടുത്ത ഈ സംഗീതജ്ഞനെ അന്ന് മുതലേ നോട്ടമിട്ടവർക്ക് 'കടുവ' കണ്ടുകഴിയുമ്പോൾ അക്കാര്യത്തിൽ കൂടുതൽ ഉറപ്പു ലഭിക്കും.

പാത്രസൃഷ്‌ടിപോലെത്തന്നെ എടുത്തുപറയത്തക്ക കാസ്റ്റിംഗ് മികവും ഈ സിനിമയുടെ സവിശേഷതയാണ്. മിന്നിമറയുന്ന റോളുകളിൽ പോലും ഓർത്തിരിക്കാൻ പാകത്തിൽ ഓരോരുത്തരെയും അണിനിരത്തിയാണ് കഥാപാത്രങ്ങളെ നിശ്ചയിച്ചിട്ടുള്ളത്. അധികനേരമില്ലെങ്കിലും സിനിമയുടെ പ്രധാനവഴിത്തിരിവാകുന്ന കഥാപാത്രമായ ഐ.ജിയുടെ അമ്മവേഷം ചെയ്ത സീമയിൽ തുടങ്ങി സെക്കൻഡുകൾ മാത്രം നീളുന്ന ഫ്ലാഷ്ബാക്ക് കഥാപാത്രമായ പോലീസുകാരൻ ബെഞ്ചമിനായ അബു സലിം വരെ ഈ ശ്രദ്ധ വരെ എത്തിനിൽക്കുന്നു. ബൈജു സന്തോഷ്, അലൻസിയർ, കലാഭവൻ ഷാജോൺ എന്നിവർ മുഴുനീള കഥാപാത്രങ്ങളായി മികച്ച പ്രകടനം നടത്തി ശ്രദ്ധിക്കപ്പെടുന്നുണ്ട്.

1990 കളിലെ കേരളത്തിലേക്ക് 2020നപ്പുറം നിന്നുകൊണ്ട് ഒരു സിനിമ എടുക്കുമ്പോൾ, ലുക്കും ഹെയർ സ്റ്റൈലും മാത്രമല്ല, എരിയൽ ഷോട്ടിൽ ഒരു മൊബൈൽ ടവർ പോലും കയറിക്കൂടിയിട്ടില്ല എന്ന് ഉറപ്പു വരുത്താൻ കലാസംവിധാന വിഭാഗം നൽകിയ കരുതൽ എടുത്തുപറയേണ്ടിയിരിക്കുന്നു. നായകന്റെ പ്രിയ ക്യാമറാമാനായ അഭിനന്ദൻ രാമാനുജം അതിനനുസരിച്ചുള്ള ഫ്രയിമും ടോണും കൂടി ഒരുക്കിയതോടു കൂടി തൊണ്ണൂറുകളിലെ പാലാ റെഡി.

ഈ സിനിമ രാഷ്ട്രീയകേരളത്തെക്കുറിച്ച് നടത്തിയ ചില പരാമർശങ്ങളാണ് ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം. 'സംവിധാനം: ഷാജി കൈലാസ്' എന്ന് സ്‌ക്രീനിൽ വലിയ അക്ഷരത്തിൽ തെളിയുമ്പോൾ, അതൊരു അതിശയോക്തിയല്ല, എന്നിരുന്നാലും. ജീവിച്ചവരോ മരിച്ചവരോ സാദൃശ്യം തോണിയാൽ യാദൃശ്ചികം മാത്രം എന്ന സ്ഥിരം നിരാകരണം പക്ഷെ ചിത്രം കാണുന്നവരിൽ ചില സംശയങ്ങൾ ജനിപ്പിച്ചേക്കാം. ഇവിടെ പരാമർശിക്കപ്പെടുന്ന ചില രാഷ്‌ടീയക്കാരും വിവാദങ്ങളും വിഷയങ്ങളും ഒരുകാലത്ത് കേരള സംസ്ഥാനത്ത് സൃഷ്‌ടിച്ച കോളിളക്കം അത്രമേൽ ഉണ്ടായിരുന്നു.

തിയേറ്റർ എക്സ്പീരിയൻസിൽ  ഒരു മലയാളം മാസ്സ് എന്റെർറ്റൈനർ കുടുംബത്തോടെ ആസ്വദിക്കാൻ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് കേറിപ്പോരം. പ്രതീക്ഷയിൽ കൂടുതൽ മാസും എന്റെർറ്റൈന്മെന്റും കിട്ടിയാൽ എന്താ?
Published by:Meera Manu
First published: