• HOME
 • »
 • NEWS
 • »
 • film
 • »
 • Kakshi Amminippilla movie: കക്ഷി അമ്മിണിപ്പിള്ള കാണാനുള്ള അഞ്ചു കാരണങ്ങൾ

Kakshi Amminippilla movie: കക്ഷി അമ്മിണിപ്പിള്ള കാണാനുള്ള അഞ്ചു കാരണങ്ങൾ

Five reasons to watch Kakshi Amminippilla movie | യുവ ജോഡിയുടെ വിവാഹവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന ഡിവോഴ്സ് നൂലാമാലകളും വ്യത്യസ്തത പുലർത്തുന്ന പ്രമേയമായി ഈ ചിത്രം അവതരിപ്പിക്കുന്നു

ആസിഫ് അലി, കക്ഷി അമ്മിണിപ്പിള്ള

ആസിഫ് അലി, കക്ഷി അമ്മിണിപ്പിള്ള

 • Last Updated :
 • Share this:
  #മീര മനു

  നവാഗത സംവിധായകൻ ദിൻജിത് അയ്യത്താൻ ആസിഫ് അലിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ഇപ്പോൾ തിയേറ്ററുകളിൽ ഓടുന്ന കക്ഷി അമ്മിണിപിള്ള. യുവ ജോഡിയുടെ വിവാഹവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന ഡിവോഴ്സ് നൂലാമാലകളും വ്യത്യസ്തത പുലർത്തുന്ന പ്രമേയമായി ഈ ചിത്രം അവതരിപ്പിക്കുന്നു. ആദ്യമായി ആസിഫ് അലി വക്കീൽ വേഷം കൈകാര്യം ചെയ്യുന്നു എന്നതാണ് ഒരു പ്രത്യേകത. ഇതിലെ ഭാര്യാ ഭർത്താക്കന്മാരായി അഹമ്മദ് സിദ്ധിഖ്, ആങ്കറിങ് രംഗത്ത് നിന്നും സിനിമയിലേക്ക് കടന്നു വന്ന പുതുമുഖ താരം ഷിബ്‌ല എന്നിവരെത്തുന്നു.

  1. നിങ്ങൾ വിവിവാഹിതൻ/വിവാഹിതയാണോ? പ്രേമ വിവാഹമോ അതോ വീട്ടുകാർ ആലോചിച്ചു ഉറപ്പിച്ച വിവാഹമോ?

  കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായതെന്നതിനേക്കാൾ കുഴപ്പിക്കുന്ന ചോദ്യമാണ് ലവ് മാരേജാണോ അറെയ്‌ഞ്ചഡ് മാരേജാണോ നല്ലത് എന്നത്. ഇവിടെ വിഷയം വീട്ടുകാർ ആലോചിച്ചു ഉറപ്പിച്ച അവരുടെ മകന്റെ വിവാഹമാണ്. ദുബായിക്കാരൻ മകൻ എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ തന്നെ അയാൾ പ്രതീക്ഷിക്കാതെ കല്യാണം ഉറപ്പിക്കലും വിവാഹവും സംഭവിക്കുന്നു. മധ്യസ്ഥർ എന്ന നിലക്ക് സ്തുത്യർഹ സേവനവുമായി വരുന്ന കല്യാണ ബ്രോക്കറും പത്തിൽ പത്തു മാർക്കിട്ട് ജാതക പൊരുത്തം നൽകിയ ജ്യോത്സ്യനും ഇടപെട്ടു എന്നത് പിന്നീടങ്ങോട്ട് തെളിവ് സഹിതം ഹാജരാക്കപ്പെടും. താലി കെട്ടാൻ പോകുന്ന പെണ്ണിനെ ടി യുവാവ് കല്യാണ ദിവസം വരെയും കണ്ടില്ല എന്നത് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഉണ്ടെന്ന കാര്യം ചിത്രം രസകരമായി അവതരിപ്പിക്കുന്നുണ്ട്. പ്രേമ വിവാഹവും വീട്ടുകാർ ആലോചിച്ചു ഉറപ്പിക്കുന്നതിനും നിലവിലുള്ള അവസ്ഥക്ക് മാറ്റം വന്നിട്ടുണ്ടോ എന്നറിയാൻ കക്ഷി അമ്മിണിപ്പിള്ള ഒരു പരിധി വരെ സഹായിച്ചേക്കാം.  2. സങ്കൽപ്പത്തിന് ഇണങ്ങാത്തവൾ ആണ് നിങ്ങളുടെ ഭാര്യ എന്ന് തോന്നുന്നുണ്ടോ? വണ്ണം കൂടിയവൾ, കൂർക്കം വലിക്കുന്നവൾ, അല്ലെങ്കിൽ പഴഞ്ചൻ എന്ന് തോന്നിയിട്ടുണ്ടോ?

  കല്യാണാലോചന വരുമ്പോൾ എല്ലാം അച്ഛനും അമ്മയും അല്ലെങ്കിൽ കാരണവന്മാരും തീരുമാനിച്ചാൽ മതി എന്ന് ലജ്ജയാൽ മുഖം കുനിച്ചു നിലത്തു കാൽനഖം കൊണ്ട് പടം വരയ്ക്കുന്ന 1960-1970 നായികമാരെ ഓർക്കുന്നില്ലേ? പടം വരയും സമ്മതം മൂളലും ഇല്ലെങ്കിലും ഇവിടെ കക്ഷി ഷജിത് അമ്മിണിപ്പിള്ള എന്ന യുവാവിന്റെ അവസ്ഥ സമാനമാണ്. കാന്തി ശിവദാസൻ ഭാര്യയാവുമ്പോൾ വിവാഹ സൽക്കാര വേളയിൽ തുടങ്ങുന്നു ഇയാളുടെ പൊരുത്തക്കേടിന്റെ അസ്കിത. പിന്നെ കാന്തിയുടെ കൂർക്കം വലി മുതൽ വണ്ണം വരെയും അയാളെ അലോസരപ്പെടുത്തുന്നു. നാട്ടിന്പുറത്തുകാരി കാന്തിയായി ഷിബ്‌ലയും ഭർത്താവായി അമ്മിണിപ്പിള്ള എന്ന ഓമനപേരിനാൽ അറിയപ്പെടുന്ന ഷജിത് അമ്മിണിപ്പിള്ളയായി അഹമ്മദ് സിദ്ധിഖും ഈ ചിത്രത്തിന്റെ ഒഴിച്ച് കൂടാൻ പറ്റാത്ത ഘടകങ്ങളാവുന്നതിന്റെ തുടക്കം ഇവിടെയാണ്. മേൽപ്പറഞ്ഞ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും കക്ഷി അമ്മിണിപ്പിള്ളയെ കാണാവുന്നതാണ്.

  3. മക്കൾ മുതിർന്നാലും അവരുടെ കാര്യത്തിൽ അനാവശ്യ ഉത്ക്കണ്ഠയും തീരുമാനം എടുക്കലും നിങ്ങളുടെ സ്വഭാവമാണോ?

  കളർ പെൻസിലും ഉടുപ്പും നിക്കറും വാങ്ങി വളർത്തുന്ന പ്രായം മക്കൾക്ക് കഴിഞ്ഞു എന്ന് മനസ്സിലാക്കി കൃത്യമായി സ്വയം അപ്ഡേറ്റ് ചെയ്യാറുണ്ടോ നിങ്ങൾ? മുതിർന്നാലും അവരുടെ ലോകത്ത് നിങ്ങൾ എത്രമാത്രം കൈകടത്താറുണ്ട്? അവരുടെ ഇഷ്ടാനിഷ്ടങ്ങൾ സ്വയം മനസ്സിലാക്കുകയോ അല്ലെങ്കിൽ അവരോടു ചോദിച്ചു മനസ്സിലാക്കുകയോ ചെയ്യാറുണ്ടോ? അങ്ങനെ മക്കളെ മനസ്സിലാക്കാതെ അവർക്ക് നിങ്ങളുടെ താത്പര്യപ്രകാരം ഒരു വിവാഹം നടത്തി കൊടുത്താൽ സംഭവിക്കുന്ന വരും വരായ്കകളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതിനൊക്കെയുള്ള ഉത്തരം കക്ഷി അമ്മിണിപിള്ളയിൽ ഉണ്ടാവും.  4. നിങ്ങൾ ഒരു വക്കീലാണോ? വാദിച്ച് ജയിക്കുന്നതിനു മുൻപ് മനസാക്ഷിയുടെ കോടതിയിൽ സ്വയം വിചാരണ ചെയ്യപ്പെട്ടിട്ടുണ്ടോ?

  ലക്‌ഷ്യം മാർഗത്തെ സാധൂകരിക്കുന്നു എന്ന സിദ്ധാന്തപ്രകാരം ലക്‌ഷ്യം മാത്രം കണ്ട്, മുന്നിൽ കാണുന്ന പാത സ്വീകരിക്കുന്ന ഒരു വക്കീലാണോ നിങ്ങൾ? വാദിക്കും പ്രതിക്കും വക്കീൽ ഉണ്ടെന്നിരിക്കെ, വിജയം ഇരുകൂട്ടർക്കും നിർബന്ധം എന്നുമിരിക്കെ ന്യായം ഇല്ലാത്ത പക്ഷത്തെ പിന്തുണച്ചു വാദിച്ചിട്ടുണ്ടോ? അതിൽ ഒരു നിഷ്കളങ്കൻ അല്ലെങ്കിൽ നിഷ്കളങ്ക ബലിയാടാവേണ്ടി വരുന്നതിനെ എത്ര ഗൗരവകരമായി കണ്ടിട്ടുണ്ട്? വിവാഹമോചന കേസ് ഇക്കൂട്ടത്തിൽ വലിയൊരു വിഷയമാണ്. പ്രദീപൻ മഞ്ഞോടി വക്കീൽ എന്ന ആസിഫ് അലി കഥാപാത്രത്തിന് തന്റെ കക്ഷി ഷജിത് അമ്മിണിപ്പിള്ള ആവശ്യപ്പെടുന്ന വിവാഹ മോചനം വാങ്ങി കൊടുത്തേ പറ്റൂ. കക്ഷി ആഗ്രഹിക്കുന്നത് വീണ്ടും വിവാഹം കഴിച്ചു പങ്കാളിക്കൊപ്പം സന്തോഷമുള്ള കുടുംബ ജീവിതം നയിക്കുക എന്നതാണ്. അതിനു ശ്രമിക്കുന്ന പ്രദീപൻ മഞ്ഞോടിയായി ആസിഫ് അലി മികച്ച പ്രകടനവുമായി മുന്നേറുന്നു. ആ വഴിയിൽ മഞ്ഞോടിക്ക് മനുഷ്യത്വത്തിന്റെ കോടതിയിൽ സ്വന്തം മനസാക്ഷിയോട് ഉത്തരം പറയേണ്ടി വരുമോ? നീതിയുടെ കോടതിയിലെ ആ ഉത്തരം എന്തെന്ന് അറിയാൻ കക്ഷി അമ്മിണിപ്പിള്ള കാണുക തന്നെയാണ് ഏക പോംവഴി.

  5. നിങ്ങൾ സകുടുംബം തിയേറ്ററിൽ പോയി ഒരു സിനിമ കാണാൻ ആഗ്രഹിക്കുന്നവരാണോ?

  എങ്കിൽ ഒന്നും നോക്കണ്ട. കക്ഷി അമ്മിണിപ്പിള്ളക്ക് ടിക്കറ്റ് എടുത്തോളൂ. അമ്മിണിയും കാന്തിയും ഹണിമൂണിന് പോകുന്ന പോലെ സകുടുബം തിയേറ്റർ വരെ ഒരു ട്രിപ്പ് നടത്തി വരാമെന്നേ.

  First published: