• HOME
 • »
 • NEWS
 • »
 • film
 • »
 • Kalidas Jayaram interview: ഇനിയാണ് റൗഡിത്തരം

Kalidas Jayaram interview: ഇനിയാണ് റൗഡിത്തരം

ത്രില്ലർ സംവിധായകനൊപ്പം ഒരു പറ്റം ചെറുപ്പക്കാരും, അവരിലെ നായകനായി കാളിദാസും

 • Share this:
  #മീര മനു

  ദൃശ്യം, മെമ്മറീസ് പോലുള്ള ചിത്രങ്ങളുടെ സംവിധായകൻ. മോഹൻലാൽ ഉൾപ്പെടെയുള്ള മുൻ നിര താരങ്ങളെ വച്ച് സിനിമ ചെയ്തയാൾ. ആദ്യമായി ജീത്തു ജോസഫിന്റെ സെറ്റിൽ എത്തുമ്പോൾ ചെറുതല്ലായിരുന്നു പരിഭ്രമം. കാളിദാസ് ജയറാം ഓർക്കുന്നു. അരങ്ങേറ്റ ചിത്രമായ പൂമരത്തിന് ശേഷം, ഈ വർഷം ആദ്യം കാളിദാസിന്റേതായി പുറത്തു വരുന്ന മിസ്റ്റർ ആൻഡ് മിസ് റൗഡി തിയേറ്ററുകളിലെത്താൻ തയ്യാറെടുക്കുകയാണ്. ത്രില്ലർ സംവിധായകനൊപ്പം ഒരു പറ്റം ചെറുപ്പക്കാരും, അവരിലെ നായകനായി കാളിദാസും. ന്യൂസ് 18 കേരളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ നിന്നും.

  ജീത്തു ജോസഫിന്റെ സെറ്റിൽ

  ഭയങ്കര സ്ട്രിക്റ്റും ജാടയും ഒക്കെ ആവും ആളെന്ന് കരുതി. പക്ഷെ ആദ്യ ദിനം തന്നെ ആ ഇമേജ് പൊളിച്ച്‌ ഞങ്ങളോടൊക്കെ കമ്പനിയായി. ഞങ്ങളെ വളരെ കംഫർട്ടബിൾ ആക്കി. സർ അത്
  അറിഞ്ഞു കൊണ്ട് ചെയ്തത് തന്നെയാണ്. ഒരു ഹ്യൂമർ സിനിമയുടെ മാക്സിമം കിട്ടണമെങ്കിൽ നമ്മൾ കംഫർട്ടബിൾ ആകണം. അതീ സിനിമയിൽ സംഭവിച്ചു.

  പ്രണവ് മോഹൻലാൽ, ഇപ്പോൾ കാളിദാസ് ജയറാം. മറ്റൊരു താര പുത്രനൊപ്പം ജീത്തു ജോസഫ് ഒരിക്കൽക്കൂടി.

  സ്ക്രിപ്റ്റിന് ചേരുന്ന ആക്ടർസിനേ സർ തിരഞ്ഞെടുക്കുള്ളു. ഇങ്ങനെയൊരു സ്ക്രിപ്റ്റുണ്ട്, കേട്ട് നോക്കണം, ഇഷ്ടപ്പെട്ടാൽ തീർച്ചയായും വർക്ക് ചെയ്യാം എന്ന് എന്നോട് പറഞ്ഞു. ഞാൻ ഭയങ്കര എക്സൈറ്റഡ് ആയി, ഒരു ത്രില്ലർ സിനിമയും പ്രതീക്ഷിച്ചു പോയി. അപ്പോഴാണ് തുടക്കം മുതൽ അവസാനം വരെ ഫുൾ ഹ്യൂമർ ഉള്ള സിനിമയാണെന്നറിഞ്ഞത്. ഭയങ്കര സന്തോഷം തോന്നി.  അഞ്ച് ആൺകുട്ടികളും, ഒരു പെൺകുട്ടിയും. സംഭവ ബഹുലമായിരുന്നോ മിസ്റ്റർ ആൻഡ് മിസ് റൗഡിയുടെ സെറ്റ്?

  അഞ്ച് ആൺകുട്ടികളും ഒരു പെൺകുട്ടിയും എന്ന് പറയാനാവില്ല. ആറാൺകുട്ടികൾ തന്നെയായിരുന്നു. സിനിമയിൽ കാണുന്ന പോലെ ഭയങ്കര ബോൾഡായ, ഒരാൺകുട്ടി തന്നെയാണ് അപർണ. ഷൂട്ടിന്റെ ഇടയിൽ നമ്മൾ കറങ്ങാൻ പോയും, അടിച്ചു പൊളിച്ചും നടന്നു. ഒരു സിനിമ ചെയ്യുന്നു, നമ്മൾ ജോലിക്കു പോകുന്നു എന്ന ഫീൽ ആ 45 ദിവസവും ഉണ്ടായില്ല. ഇതിന്റെ ഫുൾ ക്രൂ, ക്യാമറ സതീഷ് ഏട്ടൻ, ടെക്നിക്കൽ ടീം അങ്ങനെ എല്ലാരും വളരെ ഫ്രീ ആയിരുന്നു. സിനിമ കാണുമ്പോൾ പ്രേക്ഷകർക്കും ആ കെമിസ്ട്രി മനസ്സിലാകും എന്ന് തോന്നുന്നു.

  ആർട്ടിസ്റ് കുളത്തിൽ ചാടി, ഒപ്പം ക്യാമറയും.

  കായലിലേക്ക് ചാടുന്നൊരു സീക്വൻസ് ഉണ്ടായിരുന്നു. അത്യാവശ്യം എല്ലാർക്കും തട്ടിക്കൂട്ടി നീന്തൽ വശമുണ്ട്. എല്ലാരും നല്ല ടെൻഷനിലായി. ചാടിയപ്പോൾ ഷെബിൻ (ഷെബിൻ ബെൻസൺ) മുങ്ങിപ്പോയി. ഇങ്ങനത്തെയൊരു സിറ്റുവേഷൻ ഞങ്ങൾ എക്സ്പെക്ട് ചെയ്തില്ല. ഞങ്ങൾ അവനെ രക്ഷിക്കാൻ പോയപ്പോൾ, അവൻ ഞങ്ങളെപ്പിടിച്ചു താഴ്ത്തി. എല്ലാരും മുങ്ങാൻ തുടങ്ങിയപ്പോൾ, ഫുൾ പ്രൊഡക്ഷൻ വെള്ളത്തിലേക്ക്. ആർട്ടിസ്റ് ചാടിയപ്പോൾ കാമറയും കൂടെ ചാടി. പിന്നെ അത് കോമഡിയായി മാറി. മുങ്ങലിനു ശേഷം പൊങ്ങി വന്നത് കൊണ്ടാണ് ഇവിടെ ഇപ്പൊ ഇങ്ങനെ ഇരിക്കുന്നത്. അല്ലെങ്കിൽ പടമായേനെ.

  സിനിമയ്ക്കു വേണ്ടി റൗഡി ആകേണ്ടി വന്നപ്പോൾ

  സിനിമയിൽ നമുക്ക് തരുന്ന ക്യാരക്റ്റർ ചെയ്തില്ലെങ്കിൽ, ജോലി കിട്ടില്ല. ഇതിൽ ആക്ഷൻ, റഫ് ആൻഡ് റ്റഫ് ആയുള്ള റൗഡി ഇല്ല. ഇവൻ റൗഡി ആവാൻ ശ്രമിക്കുന്ന ആളാണ്. പക്ഷെ അവിടെ എത്തുന്നുമില്ല, ആ ഫീൽഡ് വിടുന്നുമില്ല. അതിലേക്കു വലിയ തയ്യാറെടുപ്പുകൾ വേണ്ടി വന്നില്ല. എന്ജോയ് ചെയ്ത് ചെയ്യാൻ സാധിച്ചു. ക്യാമ്പസ്സിൽ ഒത്തിരി കുരുത്തക്കേടുകൾ ഒപ്പിച്ചിട്ടുണ്ട്. ഇതൊരു ക്യാമ്പസ് മൂവിയല്ല. പണിയില്ലാത്ത അഞ്ച് യുവാക്കളുടെ കഥയാണ്. ഞാനുമായിട്ട് വലിയ ബന്ധമില്ല. കൂടുതലും സിറ്റുവേഷണൽ കോമഡികളാണ്.  സിനിമയ്ക്കു മുൻപ് ഒത്തുചേർന്നുള്ള ആക്ടിങ് വർക്ഷോപ്പുകളുടെ കാലമാണ്. അഭിനേതാവിനു ലഭിക്കുന്ന ഗുണങ്ങൾ എന്താണ്?

  ട്രെയിനിങ് ക്യാമ്പുകൾ വളരെ ഉപയോഗപ്രദമാണ്. പുതിയ ആക്ടേഴ്‌സിന് വലിയ ആക്ടേഴ്‌സിന്റെ എക്സ്പീരിയൻസ് ഇല്ല. പെട്ടെന്ന് ക്യാമറക്കു മുൻപിൽ ചെന്ന് ആക്ഷൻ പറയുമ്പോൾ, പെർഫോം ചെയ്യാനുള്ള അവസ്ഥയിലാവില്ല. അത് മാറിക്കിട്ടും. മിസ്റ്റർ ആൻഡ് മിസ് റൗഡിക്കും ഒരു തിരക്കഥ വായിക്കുന്ന സെഷൻ ഉണ്ടായിരുന്നു. കാസ്റ്റിംഗ് കഴിഞ്ഞ് എല്ലാരും കൂടിയിരുന്ന്, ഓരോ സീനും വായിച്ച്‌ അവരവരുടെ സംഭാവന നൽകി ഡയലോഗുകൾ മാറ്റിയിട്ടുണ്ട്. ചിലതിൽ സീൻ തന്നെ മാറ്റേണ്ടി വന്നിട്ടുണ്ട്. അത് സിനിമയ്ക്കു ഗുണം ചെയ്യും എന്നെനിക്ക് തോന്നുന്നു.

  അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവിലെ നായകനാണ്. ഫുട്ബോൾ കളിക്കാരനാണോ?

  ഫുട്ബോൾ കളിക്കാരനല്ല, ഫാനാണ്. അർജന്റീന ഫാൻ അല്ല. ഞാൻ ജർമ്മനി ഫാൻ ആണ്. എല്ലാ മാച്ചുകളും, ഫുട്ബോൾ ടീംസും, ഫുട്ബോൾ വേൾഡ് കപ്പും ഫോളോ ചെയ്യാറുണ്ട്.

  അപർണ്ണ ബാലമുരളി, ഐശ്വര്യ ലക്ഷ്മി എന്നിവർ നായികമാരാവുമ്പോൾ...

  രണ്ടു പേരോടുമൊപ്പം അഭിനയിക്കുമ്പോൾ കുറെ കാര്യങ്ങൾ പഠിക്കാൻ പറ്റി. എന്നെക്കാളും എക്സ്പീരിയൻസ് ഉള്ളവരാണ്. അവർ ഒരു സീൻ ചെയ്യുന്ന വിധമോ, അതിനോടുള്ള അവരുടെ സമീപനമോ ഒക്കെയും വളരെ വ്യത്യസ്തമാണ്. രണ്ടു പേരും വളരെ വ്യത്യസ്തരാണ്.  അമ്മ പാർവതി സിനിമയിലേക്ക് മടങ്ങി വരുമോ?

  അമ്മക്ക് തിരിച്ചു വരാൻ താത്പര്യമുണ്ടോ എന്ന് ഞാൻ ഇതുവരെയും ചോദിച്ചിട്ടില്ല. ഒരു പ്രേക്ഷകൻ എന്ന നിലയിൽ അമ്മയെ സ്‌ക്രീനിൽ കാണാൻ താത്പ്പര്യമുണ്ട്. ഇടക്ക് ഒന്ന് രണ്ടു സിനിമക്കുള്ള ഓഫർ വന്നിരുന്നു. പക്ഷെ അമ്മ അതിനു മുൻകൈ എടുക്കാതിരുന്നത് കൊണ്ട് പിന്നെ അധികം ഓഫേർസ് വന്നിട്ടില്ല.

  വീട്ടിലെ വിമർശകർ ആരൊക്കെയാണ്?

  പ്രേക്ഷകരെക്കാളും എനിക്ക് വീട്ടിൽ ചെല്ലുമ്പോഴാണ് പേടി. അവർ ഓ.കെ. പറഞ്ഞാൽ വലിയ കുഴപ്പമില്ലാതെ പോയി എന്നാണ്. അഭിനയത്തിന്റെ വിമർശക അമ്മയാണ്. ഞാൻ കണ്ടു വളർന്നത് അപ്പയുടെ സിനിമകളാണ്. രണ്ടുപേരും തീർച്ചയായും സ്വാധീനിച്ചിട്ടുണ്ട്. നന്നായോ, ഇല്ലയോ എന്ന് അമ്മയും അനിയത്തിയുമാണ് പറയുന്നത്. അനിയത്തി കുറേക്കൂടി വലിയ ക്രിട്ടിക് ആണെന്ന് തോന്നുന്നു.

  അഭിനയിക്കുമ്പോൾ അച്ഛന്റെയും, അമ്മയുടെയും സ്വാധീനം കടന്നു വരാറുണ്ടോ?

  ഞാൻ മനപ്പൂർവം അതൊഴിവാക്കാറുണ്ട്. ഒരു സീൻ വായിക്കുമ്പോൾ നമ്മുടേതായ രീതിയിൽ പെർഫോം ചെയ്യാൻ നോക്കും. കഴിവതും എൻ്റെ മനോധർമ്മത്തിന് ചെയ്യാനാണ് ശ്രമിക്കാറ്. എന്നാലും അറിയാതെ ചില മാനറിസങ്ങൾ വന്നു പോകും. സിനിമ കണ്ട് ആൾക്കാർ വന്നു 'അവിടെ അപ്പയെപ്പോലുണ്ട്, ഇവിടെ അമ്മയെപ്പോലുണ്ട്' എന്ന് പറയുമ്പോഴാണ് ഞാനത് തിരിച്ചറിയുന്നത്.  കാളിദാസനിലെ മിമിക്രിക്കാരൻ തമിഴ് ഫിലിം അവാർഡ് വേദിയിൽ

  കോളേജിൽ ഞാൻ മിമിക്രി ചെയ്യുമായിരുന്നു. സ്റ്റേജ് ഷോ, മറ്റു കലാപരിപാടികളിൽ ഒക്കെ പങ്കെടുത്തിട്ടുണ്ട്. ആദ്യമായായിരുന്നു ഒരു അവാർഡ് വേദിയിൽ ചെയ്തത്.

  തമിഴ്, മലയാളം ഫിലിം ഇൻഡസ്ട്രികൾ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ

  ഭാഷ മാത്രമേ വ്യത്യാസമായി തോന്നിയുള്ളൂ. ബാക്കി വർക്കിംഗ് സ്റ്റൈൽസ് ഒക്കെ സമാനമായിരുന്നു. നല്ലൊരു തമിഴ് സിനിമ കേരളത്തിൽ 100 ദിവസം ഓടുന്നുണ്ട്. അല്ലെങ്കിൽ നല്ലൊരു മലയാള സിനിമ തമിഴ് നാട്ടിൽ 100 ദിവസം തികയ്ക്കും. ഭാഷ മാറുന്നുവെന്നേ ഉള്ളൂ. പ്രേക്ഷകർ ആസ്വദിക്കുന്നതും, അവർക്കിഷ്ടപ്പെടുന്ന വികാരങ്ങളും ഒരു പോലെ തന്നെ.

  എപ്പോൾ മുതലാണ് അഭിനേതാവണം എന്ന് തോന്നിത്തുടങ്ങിയത്?

  പണ്ട് മുതലേയുള്ള ആഗ്രഹമാണ്. നമ്മുക്കാഗ്രഹം ഉണ്ടാവും, പക്ഷെ നമ്മൾ ചെയ്യുന്ന വർക്ക് പ്രേക്ഷകർക്ക് ഇഷ്ടമാവണം. അതിനെ അഭിനന്ദിക്കണം. അങ്ങനെയൊക്കെ വരുമ്പോഴാണ് ഒരു ആക്ടർ രൂപപ്പെടുന്നത്. ഞാൻ ആ പ്രക്രിയയിലൂടെ കടന്നു പോവുകയാണ്. ഇനിയും കുറെ പോണം.

  അനുജത്തി മാളവിക സിനിമയിലേക്ക് വരുമോ?

  ചക്കിക്കങ്ങനെ സിനിമയിലേക്ക് വരാൻ താൽപ്പര്യമില്ല. പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞ് ചെന്നൈയിൽ ജോലി ചെയ്യുന്നു.  കാളിദാസിന്റെ ഫിറ്റ്നസ് രഹസ്യം

  ശരിക്കും ഇപ്പൊ കുറച്ചു തടിച്ചു. ഷൂട്ടും കാര്യങ്ങളുമായി വർക്ക് ഔട്ട് നടത്താൻ കഴിഞ്ഞില്ല. ജിമ്മിൽ പോകാറില്ല. കാരണം ഞാൻ ഇപ്പൊ ചെയ്യുന്ന ക്യാരക്റ്റേഴ്‌സിന് അതിന്റെ ആവശ്യം വന്നിട്ടില്ല എന്നതാണ്. ആവശ്യം വരുമ്പോൾ തീർച്ചയായിട്ടും ചെയ്യണം. ഇപ്പോൾ രാവിലെ നടത്തം, അല്ലെങ്കിൽ ജോഗിങ്, അത്രയേ ഉള്ളൂ.

  വിമർശനങ്ങളോടുള്ള സമീപനം

  നല്ല വിമർശനം ഒരു അഭിനേതാവിനെ വളരാൻ സഹായിക്കും. നല്ല വിമർശനം സ്വീകരിച്ചു എൻ്റെ വർക്ക് മികച്ചതാക്കാൻ ശ്രമിക്കാറുണ്ട്. റിവ്യൂ ആണെങ്കിലും, ട്രോൾസ് ആണെങ്കിലും. ചില ട്രോൾസിൽ കാര്യമുണ്ടാവും, വെറുതെ അവർ ട്രോൾ ഉണ്ടാക്കേണ്ട കാര്യമില്ല.

  മിസ്റ്റർ ആൻഡ് മിസ് റൗഡിയെക്കുറിച്ച്‌

  വലിയ ആക്ഷനോ, ത്രില്ലറോ ഒന്നും പ്രതീക്ഷിക്കരുത്. ഒരു ലൈറ്റ് ഹാർട്ടഡ് കോമഡി ചിത്രമാണ്. തീർച്ചയായും ഫെബ്രുവരി 22 ണ് തിയേറ്ററിൽ പോയി തന്നെ കാണണം. കണ്ടിട്ട് ഇഷ്ടപ്പെട്ടാൽ തീർച്ചയായും സപ്പോർട്ട് ചെയ്യണം.

  (അഭിമുഖത്തിന്റെ വീഡിയോ രൂപം ചുവടെ)

  First published: