#മീര മനു
യുവ നായകൻ ടൊവിനോ തോമസ് ആദ്യമായി മുഴുനീള പോലീസ് വേഷത്തിൽ എത്തുന്ന ചിത്രം കൽക്കി തിയേറ്ററുകളിൽ. പോലീസും ജനങ്ങളും തമ്മിലെ ദൂരം കുറയ്ക്കുന്ന ഈ കാലഘട്ടത്തിൽ കാടൻ നീതി നടപ്പിലാക്കപ്പെടുന്ന നഞ്ചങ്കോട്ട എന്ന സാങ്കൽപ്പിക ഗ്രാമത്തിൽ ചാർജെടുക്കുന്ന സബ് ഇൻസ്പെക്ടറിന്റെ വേഷത്തിൽ ടൊവിനോ എത്തുന്നു.
കാടൻ നിയമങ്ങളെ അതെ കൈക്കരുത്തോടെ വരിധിക്ക് നിർത്തുന്ന എസ്.ഐ. ആണ് ഇദ്ദേഹം. സിനിമ തുടങ്ങി അവസാനിക്കുന്നിടത്തോളം കഥാനായകന്റെ പേര് കെ. എന്നതിലുപരി പ്രേക്ഷകർക്ക് അറിയാൻ സാധിക്കില്ല. കെ. എന്നാൽ കലിയുഗത്തെ തിന്മകൾ തുടച്ചു നീക്കാൻ അവതരിക്കുന്ന കൽക്കി എന്ന് വരികൾക്കിടയിൽ നിന്നും വായിച്ചെടുക്കുന്നത് പ്രേക്ഷകരുടെ ചിന്തക്ക് വിട്ടു നൽകിയിട്ടുണ്ട്.
മറ്റൊരു പോലീസ് പടം കൂടി മലയാള സിനിമയിൽ എത്തുമ്പോൾ പ്രേക്ഷകർ എന്ത് കൊണ്ട് കൽക്കി കാണണം എന്ന് പരിശോധിക്കാം.
1. നാട്ടിലെ ലോക്കൽ നേതാക്കന്മാരും ഗുണ്ടകളുമായ ഒരു കുടുംബത്തിന്റെ ഭരണത്തിലാണ് നഞ്ചങ്കോട്ട. ഇവിടുത്തെ സബ്-ഇൻസ്പെക്ടറിന്റെ മരണത്തെ തുടർന്ന് ചാർജെടുക്കുന്ന എസ്.ഐ. ആയി കെ. എന്ന ടൊവിനോ തോമസ് കഥാപാത്രം എത്തുന്നു. 'നാട്ടിലെ വളരെ സമാധാനം ഉള്ള സ്ഥലം' എന്ന് മറ്റു പോലീസുകാർ വിശേഷിപ്പിക്കുമ്പോൾ ആണ് കെ.യുടെ എൻട്രി. കത്തുന്ന തീഗോളമായി പോലീസ് സ്റ്റേഷൻ ഭരിക്കുന്ന നാട്ടിലെ ഛോട്ടാ ഗുണ്ട സ്റ്റേഷന് പുറത്തേക്ക് തെറിക്കുന്നതോടു കൂടി, കൽക്കിയുടെ അവതാരുദ്ദേശം സ്ഥാപിക്കപ്പെടുന്നു. നാട്ടിലെ അനീതിക്കെതിരെയുള്ള ഇയാളുടെ സംഹാര താണ്ഡവത്തിന് ഇവിടെ തുടക്കം. ചുവടു പിഴയ്ക്കാതെ ടൊവിനോയുടെ കെ. ഭദ്രമായി ആടി തുടങ്ങുന്നു.
2. ഇനിയങ്ങോട്ട് ഒരു ആക്ഷൻ ചിത്രമാണ് പ്രേക്ഷകർക്ക് മുൻപിൽ. അടിയും തടയും ഭംഗിയായി കൊറിയോഗ്രാഫ് ചെയ്യുമ്പോൾ, പിന്നണിയിൽ പശ്ചാത്തല സംഗീതം പൂരത്തിന് വെടിക്കെട്ടെന്ന പോലെ ഉദിച്ചുയരുന്നു. പലപ്പോഴും ആഘോഷ സന്ദര്ഭങ്ങൾക്ക് പിന്നണി ഒരുക്കാറുള്ള ധോൽ കൊണ്ട് ആക്ഷനും ഉപയോഗം ഉണ്ടെന്ന് കാട്ടി തരികയാണ് സംഗീത സംവിധായകൻ. ഇത് പഞ്ചാബി ഭാംഗ്റയുടെ താള മേളങ്ങളെ കൂടി ഓർമ്മിപ്പിക്കുമ്പോൾ രംഗങ്ങൾക്ക് മിഴിവേറുന്നു.
3. മുതിർന്ന നടൻ സുധീഷ് ഉൾപ്പെടുന്ന പോലീസ് വൃന്ദം കെ.യുടെ ചെയ്തികൾക്ക് അകമ്പടി തീർക്കുന്നത് പ്രേക്ഷകന്റെ ആസ്വാദന സ്ഥലത്തെ സ്വാധീനിക്കും. വില്ലൻ വേഷങ്ങളിൽ എത്തുന്നവരും ലഭിച്ച റോളുകൾ ഭംഗിയായി കൈകാര്യം ചെയ്യുന്നു.

ടീസറിലെ ഒരു രംഗം
4. ആദ്യ ഭാഗം ഇടവേളയിൽ അവസാനിക്കുമ്പോൾ, രണ്ടാം ഭാഗം എങ്ങനെ എന്ന ആകാംഷ പ്രേക്ഷകരിൽ വളരെ അധികമാണ്. കെ. പോലീസ് ആയി മാറാൻ സാധ്യതയുള്ള ഫ്ലാഷ്ബാക്കിന്റെ രംഗങ്ങൾ ആദ്യ പകുതിയിൽ മിന്നി മറയുമ്പോൾ ഇതിന്റെ ഉള്ളിലേക്ക് വിശദമായി കടക്കാൻ രണ്ടാം പകുതിക്ക് സാധ്യതയുണ്ടായിരിക്കെ, വേഗത്തിൽ പറഞ്ഞു പോക്കിൽ അത് ചെന്നവസാനിക്കുന്നു. കൂടാതെ പ്രക്ഷുബ്ധമായ പൂർവകാല ചരിത്രമുള്ള നായികയായി സംഗീത (സംയുക്ത മേനോൻ) എത്തുമ്പോൾ, അവരിലേക്ക് സ്ക്രിപ്റ്റ് കൂടുതൽ ഇറങ്ങി ചെല്ലും എന്നതും പ്രേക്ഷകർക്ക് പ്രതീക്ഷ നൽകും. ഈ രണ്ടിടത്തും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇടം ഉണ്ടെന്നിരിക്കെ തന്നെ അതിനു വേണ്ടത്ര പ്രാധാന്യം ലഭിച്ചിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തീവണ്ടിക്ക് ശേഷം ടൊവിനോയും സംയുക്തയും ഒന്നിക്കുമ്പോൾ, പ്രേക്ഷകർക്ക് ഇവരുടെ ഒത്തുചേരൽ ആസ്വദിക്കാൻ ഉണ്ടാവേണ്ടിയിരുന്ന അവസരമാണ് ഇവിടെ വഴുതി പോകുന്നത്.
5. വളരെയധികം ആക്ഷനും, സംഗീതത്തിനും, കൈക്കരുത്തിനും, വില്ലത്തരത്തിനും പ്രാധാന്യം നൽകുന്ന ചിത്രം സസ്പെൻസിനും കൂടി കൂടുതൽ ഇടം നൽകാമായിരുന്നു. സ്ത്രീ കഥാപാത്രങ്ങളായി കെ.പി.എ.സി. ലളിത, സംയുക്ത, അഞ്ജലി നായർ, അപർണ നായർ എന്നിവർ എത്തുമ്പോൾ, ഒരു പുരുഷ കഥാപാത്ര കേന്ദ്രീകൃത സ്ക്രിപ്റ്റിൽ ഇവർക്ക് പെർഫോമൻസ് സാധ്യത ഒരുപാടുണ്ടാവുന്നില്ല. ടെക്നിക്കൽ കാര്യങ്ങളിലേക്ക് കടക്കുമ്പോൾ ഡബ്ബിങ്, കണ്ടിന്യൂയിറ്റി വിഭാഗങ്ങളിലും ചില്ലറ പാളിച്ചകൾ ദൃശ്യമാവുന്നുണ്ട്. രണ്ടാം പകുതിയുടെ വേഗത കുറച്ചു, ഫോക്കസ് കൂട്ടി സ്ക്രിപ്റ്റിന് കൂടുതൽ മുറുക്കം നല്കിയിരുന്നെകിൽ തുടക്കം മുതൽ ക്ളൈമാക്സ് വരെ ഒരേ വേഗതയും, ഫീലും അനുഭവ വിധേയമായേനെ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.