• HOME
  • »
  • NEWS
  • »
  • film
  • »
  • Keshu Ee Veedinte Nadhan review | സെൽഫ് ട്രോളും, ചില വീട്ടുകാര്യങ്ങളുമായി പുതുവർഷം കേശുവിന്റെയൊപ്പം

Keshu Ee Veedinte Nadhan review | സെൽഫ് ട്രോളും, ചില വീട്ടുകാര്യങ്ങളുമായി പുതുവർഷം കേശുവിന്റെയൊപ്പം

Keshu Ee Veedinte Nadhan review | കേശുവും രത്നമ്മയും അവരുടെ കഥയും. 'കേശു ഈ വീടിന്റെ നാഥൻ' റിവ്യൂ

കേശു ഈ വീടിന്റെ നാഥൻ

കേശു ഈ വീടിന്റെ നാഥൻ

  • Last Updated :
  • Share this:
പുതിയ ഒരു സിനിമയിറങ്ങിയാൽ, തിയേറ്ററിൽ പോയി കണ്ടവരോടെല്ലാം അഭിപ്രായം ചോദിച്ചറിഞ്ഞ് കുടുംബമായോ, കൂട്ടുകാരുടെയോ സഹപ്രവർത്തകരുടെയോ ഒപ്പമോ, തനിച്ചോ കാണാൻ പോയിരുന്ന കാലം ഓർമ്മയുണ്ടാവുമല്ലോ, അല്ലേ? ഇപ്പോൾ അങ്ങനെയൊരു ആവശ്യമില്ലതെയായിരിക്കുന്നു. ഫേസ്ബുക്ക്, വാട്സാപ്പ് അല്ലെങ്കിൽ ഇൻസ്റ്റഗ്രാം എടുത്ത് ഇരുത്തിയൊന്ന് സ്ക്രോൾ ചെയ്താൽ റിലീസിന്റെ ചൂടാറും മുൻപേ പുത്തൻപടത്തിന്റെ ട്രോളുകളുടെ പ്രവാഹമായി. ചിലതെല്ലാം തമാശ രൂപേണ എടുക്കാമെങ്കിലും, മറ്റു ചിലപ്പോൾ ട്രോൾ ഒരു മാരക 'പണിയായി' മാറിയ കഥ ആ സിനിമയ്ക്ക് പിന്നിൽപ്രവർത്തിച്ചവർക്ക് പറയാനുണ്ടാവും.

സിനിമ ഇറങ്ങിക്കഴിഞ്ഞാൽ ഉണ്ടാവാൻ പോകുന്ന ട്രോൾ ചാകരയെ നല്ലതുപോലെ ഒന്ന് ഇരുത്തിക്കൊണ്ട് തന്നെ സിനിമ തുടങ്ങിയാലോ? എങ്ങനെയുണ്ട് ഐഡിയ? മലയാളി പ്രേക്ഷകർ ഒരുകാലത്ത് നിലത്ത് വീണുരുണ്ട് ചിരിക്കാൻ കാരണക്കാരായ നാദിർഷയും ചങ്ങാതി ദിലീപും കൂടി ഒന്നിച്ചിറങ്ങിയാൽ ഇങ്ങനെയൊന്നും സംഭവിച്ചില്ലെങ്കിൽ മാത്രം അത്ഭുതപ്പെട്ടാൽ മതി. ഞങ്ങളെ ട്രോളാൻ ആരുടേയും സഹായം വേണ്ട, ആവശ്യമെങ്കിൽ കുറച്ച് ഐഡിയ അങ്ങോട്ട് തരപ്പെടുത്തി തരാമെന്ന മട്ടിലാണ് 'കേശു ഈ വീടിന്റെ നാഥന്റെ' (Keshu Ee Veedinte Nadhan) ആരംഭം. സംഭവിച്ചതെന്താണ് എന്ന് അറിയാൻ, പടം കാണുക. അത്രതന്നെ.

ജോക്കറും, കുഞ്ഞിക്കൂനനും, പച്ചക്കുതിരയുമായി വേഷപ്പകർച്ച നടത്തി മലയാളി ജനപ്രിയ നായകൻ എന്ന് വിളിച്ച ദിലീപിനെ തിരിച്ചു നൽകിയതിന് നാദിർഷയ്ക്കും, അത്തരത്തിൽ മടങ്ങിവരവ് നടത്തിയതിന്‌ ദിലീപിനും നന്ദി. ഒപ്പം മലയാളി മറന്നു തുടങ്ങിയ കുടുംബചിത്ര ഫോർമാറ്റിന് ഇനിയും തിളക്കം കുറഞ്ഞിട്ടില്ല എന്ന് ഓർമ്മപ്പെടുത്തിയതിനും.

കുടവയറും, കഷണ്ടിയും, കട്ടിക്കണ്ണടയും, സ്വാഭാവികത നിറഞ്ഞ ചിരിയും മുഖമുദ്രയാക്കിയ പഴയ ഡ്രൈവിംഗ് സ്കൂൾ ഉടമയായ കുടുംബനാഥനാണ് കേശു. ഏതൊരു സാധാരണ വീട്ടമ്മെയെയും പോലെ ചില്ലറ ആഗ്രഹങ്ങളും പരിഭവങ്ങളും ഒക്കെയായി കുടുംബം പൊന്നുപോലെ നോക്കുന്ന ഭാര്യ രത്നമ്മയായി ഉർവശിയും ചേർന്നാൽ സിനിമയുടെ നെടുംതൂണുകൾ റെഡി. ഈ ദമ്പതികൾക്ക് രണ്ടു മക്കളുമുണ്ട്‌. സർവ്വതിനും പുറമെ, സ്വന്തം കുടുംബമുണ്ടായിട്ടും മൂന്നു പെങ്ങന്മാരുടെ ജ്യേഷ്‌ഠനായ മധ്യവയസ്ക്കൻ കേശുവിന് പ്രാരാബ്ധങ്ങൾ ഇനിയും ഒഴിഞ്ഞിട്ടില്ല.ഇത്തരമൊരു പരിസരം കയ്യിൽകിട്ടിയാൽ മത്സരിച്ചു സ്കോർ ചെയ്യാൻ സാധ്യതയുള്ള രണ്ട് പേരെ നായകനും നായികയുമാക്കാനുള്ള തിരഞ്ഞെടുപ്പാണ് ഈ സിനിമയുടെ മുതൽക്കൂട്ട്. അവർക്കൊപ്പം തന്നെ സപ്പോർട്ടിങ് വേഷമാണെന്നു പ്രേക്ഷകർക്കു തോന്നാത്ത വിധം കലാഭവൻ ഷാജോൺ, കോട്ടയം നസീർ, ജാഫർ ഇടുക്കി, വത്സല മേനോൻ, പ്രിയങ്ക, സീമ ജി. നായർ, സ്വാസിക, നസ്‌ലൻ, വൈഷ്ണവി, ഗണപതി എന്നിവരിൽത്തുടങ്ങി ഈ സിനിമയിലെ മിന്നിമറയുന്ന കഥാപാത്രങ്ങൾ പോലും പ്രേക്ഷകരെ സ്വാധീനിച്ച അഭിനയം കാഴ്ചവച്ചിരിക്കുന്നു.

1980-90 കളിലെ നാടൻ പെൺകൊടിയും യുവനായികയുമായി സ്‌ക്രീനിൽ നിറഞ്ഞ ഉർവശി അമ്മ വേഷങ്ങളിലൂടെയുള്ള മടങ്ങിവരവിൽ മികച്ച ഹാസ്യകഥാപാത്രങ്ങൾ നൽകി പ്രേക്ഷകരെ അമ്പരപ്പിച്ചത് ചെറുതായൊന്നുമല്ല. മാത്രമല്ല, ഹാസ്യവും വൈകാരിക തീവ്രതയും ഒത്തിണങ്ങിയ വേഷങ്ങൾക്ക് ഒരു മുഖം വേണമെങ്കിലും അവിടെ എന്തുകൊണ്ടും അനുയോജ്യം ഉർവശി തന്നെ. 'മൂക്കുത്തിഅമ്മൻ' എന്ന തമിഴ് ചിത്രത്തിലെ പ്രാരാബ്ധക്കാരിയായ പാൽത്തംഗം എന്ന അമ്മയെ എവിടേയെല്ലാമോ രത്നമ്മ ഓർമ്മപ്പെടുത്തുന്നു.

പഴയ തറവാട് വീടും, ഡ്രൈവിംഗ് സ്കൂളും ഒപ്പം പ്രാരാബ്ധങ്ങളും പ്രതീക്ഷകളുമായി ജീവിക്കുന്ന കേശുവിനും രത്നമ്മയ്ക്കും കോടികളുടെ ലോട്ടറിയടിക്കുന്നിടം മുതലാണ് സിനിമ വഴിത്തിരിവിലേക്ക് കടക്കുക. വൈകിയെത്തിയ ഭാഗ്യം കയ്യെത്തിപ്പിടിക്കാൻ അവർ നടത്തുന്ന ശ്രമങ്ങളും മറ്റും നർമ്മരസവും വൈകാരിക തീവ്രതയും ചേർത്ത് അവതരിപ്പിക്കുമ്പോൾ കേശുവിന്റെയും കുടുംബത്തിന്റെയുമൊപ്പം പ്രേക്ഷകർക്കും കൂടാം. കഥാപാത്രത്തിനുള്ളിൽ ഒരിക്കൽപ്പോലും ദിലീപിനെയോ ഉർവശിയോ കാണാൻ കഴിയാത്ത വിധമുള്ള പ്രകടനമാണ് ഇരുവരുടെയും.

അതിഥി വേഷമെങ്കിലും, വന്നു പോകാൻ ലഭിച്ച അവസരത്തിൽ തകർത്താടിയ ജോണി ആന്റണി തന്റെ ഗ്രാഫ് താഴെപ്പോകാൻ അനുവദിച്ചിട്ടില്ല. ഗാനരംഗത്തിൽ അനുശ്രീ അതിഥിയായെത്തുന്നു.

കുടുംബവുമൊത്ത് യാത്ര ചെയ്ത് തിയേറ്ററിലിരുന്ന് ഒരു സിനിമ ആസ്വദിക്കാൻ പ്രേക്ഷർക്ക് സാധിച്ചില്ല എന്നത് മാത്രമാവും ഈ ഡിജിറ്റൽ റിലീസ് ചിത്രത്തിന്റെ ഏക നിരാശ. കേശുവിനെയും കുടുംബത്തെയും കാണാൻ Disney + Hotstarലേക്ക് പോകാവുന്നതാണ്.
Published by:Meera Manu
First published: