• HOME
 • »
 • NEWS
 • »
 • film
 • »
 • മമ്മൂട്ടിക്കായി കരുതിവെച്ച 'കിരീടം' മോഹൻലാലിന്റേതായി; സേതുമാധവന്റെ ആത്മനൊമ്പരങ്ങൾക്ക് മുപ്പത് വയസ്

മമ്മൂട്ടിക്കായി കരുതിവെച്ച 'കിരീടം' മോഹൻലാലിന്റേതായി; സേതുമാധവന്റെ ആത്മനൊമ്പരങ്ങൾക്ക് മുപ്പത് വയസ്

മക്കളെ നല്ല നിയിലെത്തിക്കാൻ സ്വപ്നം കാണുന്ന മലയാളി അച്ഛനമ്മമാരുടെ പ്രതിനിധിയായിരുന്നതു കൊണ്ടാണ് അച്യുതൻനായരെ മലയാളികൾ ഇന്നും നെഞ്ചേറ്റാൻ കാരണം .

kireedom

kireedom

 • Last Updated :
 • Share this:
  പൊലീസ് കോൺസ്റ്റബിൾ അച്യുതൻ നായരും മകൻ സേതുമാധവനും മലയാളികളുടെ മനസിലിടം നേടിയിട്ട് മൂന്ന് പതിറ്റാണ്ടാകുന്നു. മോഹൻലാലും തിലകനും അവിസ്മരണീയമാക്കിയ കഥാപാത്രങ്ങൾ മലയാളി മനസുകളിൽ ഇന്നും ജീവിക്കുന്നു. ലോഹിതദാസ്- സിബിമലയിൽ കൂട്ടുകെട്ടിൽ 1989 ജൂലൈ 7ന് പുറത്തിറങ്ങിയ ചിത്രമാണ് കിരീടം. മക്കളെ നല്ല നിലയിലെത്തിക്കാൻ സ്വപ്നം കാണുന്ന മലയാളി അച്ഛനമ്മമാരുടെ പ്രതിനിധിയായിരുന്നതു കൊണ്ടാണ് അച്യുതൻനായരെ മലയാളികൾ ഇന്നും നെഞ്ചേറ്റാൻ കാരണം .  ദേശീയപുരസ്കാരങ്ങളിലേക്കുള്ള ചവിട്ടുപടി

  ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിന് ആ വർഷത്തെ ദേശീയ ചലച്ചിത്ര അവാർഡുകളിൽ പ്രത്യേക ജൂറി പരാമർശം ലഭിച്ചു. മികച്ച നടനുള്ള പുരസ്കാരത്തിനായി മമ്മൂട്ടിയോട് (മതിലുകൾ, ഒരുവടക്കൻ വീരഗാഥ) ഇഞ്ചോടിഞ്ച് പോരാടി ഒരു വോട്ടിനാണ് മോഹൻലാൽ പിന്നിലായത്. എന്നാൽ, ചിത്രത്തിലെ പ്രകടനത്തിന് മോഹൻലിലിന് രാഷ്ട്രപതിയിൽ നിന്ന് ആദരം ലഭിച്ചു.

  നടനായും നിർമാതാവായും മോഹൻലാൽ നേടിയ അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെയും ചവിട്ടുപടി കിരീടത്തിലെ അഭിനയത്തിന് ലഭിച്ച ജൂറിപരാമർശം തന്നെയായിരുന്നു.  അച്യുതൻ നായരെന്ന അച്ഛനും സേതു എന്ന മകനും

  മകനെ നല്ലൊരു പൊലീസ് ഓഫീസർ ആക്കണമെന്ന് മോഹിക്കുന്ന അച്യുതൻനായരെന്ന അച്ഛനും അച്ഛന്റെ ആഗ്രഹം പോലെ പൊലീസ് ആകാൻ ആഗ്രഹിച്ച് നടക്കുന്ന സേതുമാധവനെന്ന മകനും ഇന്നും ഒരു നൊമ്പരമാണ്. അച്ഛനെ ആക്രമിക്കുന്ന ഗുണ്ടയിൽ നിന്ന് അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്ന നിമിഷം ഇരുവരുടെയും ജീവിതം തന്നെ മാറ്റിമറിക്കുന്നു. സാഹചര്യങ്ങളുടെ സമ്മർദങ്ങൾ തെരുവുഗുണ്ട എന്ന കിരീടം സോതുമാധവന് ചാർത്തിക്കൊടുക്കുന്നു.

  സിനിമ തിരക്കുകൾ കാരണം തിലകന്‍ വേണ്ടെന്നു വച്ചിരുന്ന കഥാപാത്രമായിരുന്നു ഇത്. എന്നാൽ തിലകനില്ലെങ്കിൽ ചിത്രം മാറ്റിവയ്ക്കുമെന്ന നിർമാതാവ് കൃഷ്ണകുമാറിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് തിലകൻ അച്യതൻനായരായത്.  'കത്തി താഴെയിടെടാ നിന്റച്ഛനാടാ പറയുന്നെ'

  ചിത്രത്തിന്റെ ക്ലൈമാക്സ് സീനിൽ അക്രമാസക്തനായി സമനില നഷ്ടപ്പെട്ട് കത്തിയും ഊരിപ്പിടിച്ച് നിൽക്കുന്ന സേതുമാധവനോട് അച്ഛൻ പറയുന്ന ഈ ഒരൊറ്റ ഡയലോഗിലൂടെ നിസഹായനായ ഒരച്ഛന്റെ വൈകാരികത തിലകൻ പ്രേക്ഷകർക്ക് നൽകി. മകനോടുള്ള വാത്സല്യവും അതിനൊപ്പം മകനിലൂടെ കണ്ടിരുന്ന സ്വപ്നങ്ങൾ തകർന്ന അച്ഛന്റെ നിസംഗതയും ഈ  ഡയലോഗിൽ ആവാഹിക്കപ്പെട്ടിരിക്കുന്നു. വില്ലനെ അടിച്ചൊതുക്കുന്ന മോഹൻലാലെന്ന സൂപ്പർ നായകന്‍റെ ഫൈറ്റിന് കൈയ്യടിക്കുന്നതിനൊപ്പം സ്വപ്നങ്ങൾ തകർന്ന അച്ഛന്റെ വേദനയിൽ പ്രേക്ഷകന് കണ്ണ് നിറഞ്ഞുപോകുന്നുണ്ട്.  പേര് വന്ന വഴി

  മമ്മൂട്ടി നായകനാക്കി ഐ വി ശശി ലോഹിതദാസ് കൂട്ടുകെട്ടിൽ ഒരുക്കിയ മറ്റൊരു ചിത്രത്തിന് നൽകാനായി ലോഹിതദാസ് മനസിൽ കണ്ടിരുന്ന പേരാണ് പിന്നീട് ഈ ചിത്രത്തിന് നൽകിയത്. സാധാരണ കുടുംബത്തിൽ നിന്നുള്ള ഒരാൾക്ക് ഐഎഎസ് കിട്ടുന്നതും ആ കിരീടം ഭാരമാകുന്നതും പ്രമേയമാക്കിയ ചിത്രത്തിനായിരുന്നു കിരീടം എന്ന പേര്
  ലോഹിതദാസ് മനസിൽ കരുതിയിരുന്നത്. എന്നാൽ പേര് ഐ വി. ശശിക്ക് ഇഷ്ടപ്പെട്ടില്ല. ഈ ചിത്രം പിന്നീട് മുക്തി എന്ന പേരിൽ 1988ൽ പുറത്തിറങ്ങി. ഈ ചിത്രത്തിനായി കരുതിവെച്ച കിരീടം എന്ന പേര് സിബിമലയിൽ തന്റെ ചിത്രത്തിനായി സ്വീകരിക്കുകയായിരുന്നു.  കീരിക്കാടൻ ജോസ് എന്ന വില്ലൻ

  നായകൻ സേതുമാധവനെപ്പോലെ വില്ലൻ കീരിക്കാടൻ ജോസും മലയാളിക്ക് പ്രിയങ്കരനാണ്. എയർമോഹൻ രാജ് എന്ന കീരിക്കാടൻ ജോസിന് ഈ ഒറ്റ കഥാപാത്രത്തിലൂടെ സ്വന്തം പേര് തന്നെ നഷ്ടമായി. ഇന്നും മോഹൻരാജ് എന്നു പറഞ്ഞാൽ ആർക്കും അറിയില്ല. കീരിക്കാടൻ ജോസ് എന്നു പറഞ്ഞാൽ എല്ലാവരും അറിയും. കീരിക്കാടൻ ജോസ് എന്നതാണ് യഥാർഥ പേരെന്നാണ് പലരും കരുതിയിരിക്കുന്നത്.

  കൃഷ്ണ കുമാർ എന്ന കിരീടം ഉണ്ണി

  കൃപ ഫിലിംസിന്റെ ബാനറിൽ എൻ കൃഷ്ണകുമാറും ദിനേഷ് പണിക്കരും ചേർന്നായിരുന്നു കിരീടം എന്ന ചിത്രം നിർമ്മിച്ചത് . ചിത്രം സൂപ്പർ ഹിറ്റ് ആയതിന് പിന്നാലെ ഉണ്ണി എന്നറിയപ്പെട്ടിരുന്ന എൻ. കൃഷ്ണകുമാർ കിരീടം ഉണ്ണിയായി. സെവൻ ആർട്സ് ആണ് വിതരണം ചെയ്തത്.

  ഹിന്ദിയിലും തമിഴിലും റീമേക്കിംഗ്

  സംവിധായകൻ പ്രിയദർശൻ 1993-ൽ ഹിന്ദിയിൽ ഈ ചലച്ചിത്രം പുനർനിർമ്മിക്കുകയുണ്ടായി. ജാക്കി ഷെറോഫ് നായകനായി അഭിനയിച്ച ഈ ചിത്രത്തിന്റെ പേര് ഗർദിഷ് എന്നായിരുന്നു. വേറിട്ടൊരു ക്ലൈമാക്സിൽ ഒരുക്കിയ ചിത്രം ഒരു ഹിറ്റ് തന്നെയായിരുന്നു.

  2007-ൽഈചിത്രം തമിഴിൽ പുനർനിർമ്മിക്കുകയുണ്ടായി അജിത് നായകനായി അഭിനയിച്ച ഈ ചിത്രത്തിന്റെ പേര് കിരീടം എന്നു തന്നെയായിരുന്നു.

  ചെങ്കോൽ എന്ന രണ്ടാം ഭാഗം

  ഒരു ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുക എന്നതുപോലെ മറ്റൊരു വെല്ലുവിളി തിരക്കഥാകൃത്തിനും സംവിധായകനുമില്ല. പ്രത്യേകിച്ച് കിരീടം പോലെ സൂപ്പർഹിറ്റായ ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുന്നത്. ആദ്യഭാഗമായ കിരീടം പ്രേക്ഷകരിലുണ്ടാക്കിയ സ്വാധീനം നഷ്ടപ്പെടുത്താത്ത തരത്തിൽ തന്നെയാവണം രണ്ടാം ഭാഗം ഒരുക്കേണ്ടതും. അതിനായി നാല് വർഷങ്ങളാണ് സിബിമലയിലിനും ലോഹിതദാസിനും കാത്തിരിക്കേണ്ടി വന്നത്. 1993ലാണ് രണ്ടാം ഭാഗമായ ചെങ്കോൽ പുറത്തിറങ്ങിയത്. ചെങ്കോലും പ്രേക്ഷകർ നെഞ്ചേറ്റി.  കിരീടം പാലം‌

  സേതുമാധവന്റെ ആത്മനൊമ്പരങ്ങൾക്ക് സാക്ഷിയായ കിരീടം പാലം ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. മോഹൻലാലും പാർവതിയും ശ്രീനാഥുമൊക്കെ കടന്നു പോകുന്ന പാലം സിനിമയുടെ വൈകാരികതയുമായി ബന്ധപ്പെട്ടുകിടക്കുന്നുണ്ട്. കണ്ണീർ പൂവിന്റെ കവിളിൽ തലോടി എന്ന ഗാനത്തിൻറെ കൂടുതൽ ഭാഗവും ചിത്രീകരിച്ചത് ഈ പാലത്തിൽവെച്ചായിരുന്നു.

  തിരുവനന്തപുരത്തെ വെള്ളയാണിയിലെ ശിവോദയം ക്ഷേത്രത്തിന് സമീപം കന്നുകാലിച്ചാലിന് കുറുകെ നിർമ്മിച്ച ഈ പാലം പിന്നീട് അറിയപ്പെട്ടത് കിരീടം പാലം എന്നായിരുന്നു. തകർന്നുപോയ പാലം അടുത്തിടെ പുനർ നിർമിച്ചു. ഇത് നടൻ തിലകന്റെ സ്മാരകമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

  തിരുവനന്തപുരത്തും സമീപപ്രദേശങ്ങളിലും വെച്ചാണ് ഈ സിനിമ ചിത്രീകരിച്ചത്. ആര്യനാട് ചന്തയിൽ വെച്ചാണ് ക്ലൈമാക്സ് രംഗം ചിത്രീകരിച്ചത്.
  First published: