നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം നിർവഹിച്ച മഞ്ജു വാര്യർ (Manju Warrier) ചിത്രം ‘ആയിഷ’ (Ayisha) വിജയകരമായി തിയെറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആറ് ഭാഷകളിലായി പ്രദർശനത്തിനെത്തിയ ചിത്രം ഗൾഫ് രാജ്യങ്ങളിലാണ് കൂടുതലായും ചിത്രീകരിച്ചിരിക്കുന്നത്. പുറത്ത് നിന്നുള്ളവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്ന ഒട്ടുമിക്ക അഭിനേതാക്കളും.
തിരസ്കാരങ്ങളും പ്രാരാബ്ധങ്ങളും കാരണം പ്രവാസിയാകേണ്ടി വന്ന നിലമ്പൂർ ആയിഷ എന്ന വിപ്ലവകാരിയായ കലാകാരിക്കുള്ള ആദരമാണ് ഈ സിനിമ. നൃത്തത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ കോറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത് നടനും സംവിധായകനും നര്‍ത്തകനുമായ പ്രഭുദേവയാണ്.
ബി.കെ. ഹരിനാരായണൻ, സുഹൈല്‍ കോയ എന്നിവർ എഴുതിയ വരികൾക്ക് എം. ജയചന്ദ്രന്‍ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. ആഷിഫ് കക്കോടിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മഞ്ജു വാര്യര്‍ക്കു പുറമെ രാധിക, സജ്‌ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും അണിനിരക്കുന്നു.
ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇപ്പോഴിതാ മുൻ ആരോഗ്യമന്ത്രിയും എം എൽ എയുമായ ശ്രീമതി ഷൈലജ ടീച്ചർ ചിത്രം കണ്ട് അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുയാണ്. ടീച്ചർ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ…
‘ആയിഷ’ കേരളത്തിന്റെ അഭിമാനമായ കലാകാരി നിലമ്പൂർ ആയിഷയുടെ ജീവിതാനുഭവങ്ങൾ ഉൾചേർന്ന സിനിമയാണെന്ന് അറിഞ്ഞപ്പോൾ തീർച്ചയായും കാണണമെന്ന് ആഗ്രഹിച്ചിരുന്നു. മാത്രമല്ല മഞ്ജു വാര്യർ ആ കഥാപാത്രമായി പകർന്നാടുന്നത് കാണാനും അതീവ താല്പര്യമുണ്ടായിരുന്നു. സിനിമ കണ്ടു. ഒട്ടും നിരാശപ്പെടുത്തിയില്ല.
ഫ്യൂഡൽ യാഥാസ്ഥിതിക സമൂഹത്തോട് പടപൊരുതി അരങ്ങിലേക്ക് തലയുയർത്തി കടന്നുവന്ന അയിഷാത്തയുടെ ജീവിതകഥ പൂർണ്ണമായും പറയുകയല്ല ആമിർ പള്ളിക്കലും ആസിഫും ഉദ്ദേശിച്ചതെന്ന് മനസ്സിലായി. ഗദ്ദാമമാരായി ഗൾഫ്നാടുകളിൽ എത്തുന്ന പെൺകുട്ടികളുടെ ദുരിതകഥകൾ നേരത്തെ പല സിനിമകളിലും വരച്ചുകാട്ടിയിട്ടുണ്ട്. ആൾകൂട്ടത്തിലും ഒറ്റപ്പെട്ടുപോകുന്ന ധനിക കുടുംബാംഗമായ മാമ്മയും ഗദ്ദാമയായ ആയിഷയും തമ്മിലുള്ള ഹൃദയഹാരിയായ ബന്ധത്തിൻറെ കഥ പറയുകയാണ് ‘ആയിഷ’.
എന്നാൽ അതോടൊപ്പം ആരുടെയും മുന്നിൽ തലകുനിക്കാത്ത നിലമ്പൂർ ആയിഷയുടെ വ്യക്തിത്വം വരച്ചുകാട്ടുകയും ചെയ്യുന്നു. ആയിഷയായി മഞ്ജു ജീവിച്ചു, മാമ്മയായി അഭിനയിച്ച ഡോണ അത്ഭുതകരമായ പകർന്നാട്ടമാണ് നടത്തിയത്. യാഥാസ്ഥിതിക കേരളീയ സമൂഹത്തോട് അയിഷാത്ത നടത്തിയ വെല്ലുവിളികൾ കുറച്ചുകൂടി പ്രകടമാക്കാൻ സമയക്കുറവ് മൂലമാകാം കഴിയാതിരുന്നത്. പക്ഷേ അത് ഒരു കുറവായി തോന്നാത്തവിധം ആയിഷയെ ശക്തമാക്കാൻ സംവിധായകന് കഴിഞ്ഞു. ആയിഷ ടീമിന് അഭിനന്ദനങ്ങൾ.
Summary: Former Minister for Health, K.K. Shailaja, comments on the performance of Manju Warrier in the movie Ayisha. She lauded the acting skills of the actor who brought the character on screen
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.