മലയാള സിനിമയിൽ നിന്നുമാണ് ഈ ചോദ്യം ഉയരുന്നത്. ചോദിക്കുന്നത് മറ്റാരുമല്ല. അജു വർഗീസാണ്. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വഴിയാണ് ഈ ചോദ്യം അജു ഉന്നയിക്കുന്നത്. കൂടാതെ നടൻ ജിത്തുവിന് സംഭവിച്ചത് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും എന്ന് കൂടിയുണ്ട്. കേട്ടിട്ട് ആരെങ്കിലും ഞെട്ടിയോ? കാര്യം അറിയാൻ പത്തു രൂപ മുടക്കിയാൽ മതി. ഈ പേരിൽ പ്രശസ്തനായൊരു സംവിധായകൻ മലയാള സിനിമയിൽ ഉള്ളത് കൊണ്ട് ചിന്ത ആ വഴിക്കു പോകാൻ സാധ്യത ഏറെയാണ്. എന്നാലിത് തന്റെ പുതിയ ചിത്രത്തിന്റെ ഭാഗമായാണ് അജു പോസ്റ്റ് ചെയ്തിരിക്കുന്നത്. അടുത്ത ചിത്രം സായാഹ്ന വാർത്തകൾക്കു വേണ്ടിയാണിത്.
ഇതിലെ കഥാപാത്രമാണ് അജുവിന്റെ ജിത്തു ജോസഫ്. സായാഹ്ന വാർത്തകളുടെ കവർ പേജിൽ ഇത്തരം ഒന്ന് രണ്ടു ചോദ്യങ്ങളും, തോക്കും പിടിച്ചുള്ള സ്വന്തം ചിത്രവും അടങ്ങുന്നതാണ് അജുവിന്റെ പോസ്റ്റ്. കൂടാതെ മങ്കേഷ് പാണ്ഡെക്ക് ഇഷ്ടം പുട്ടും പയറും എന്ന് കൂടിയുണ്ട്.
വിനീത് ശ്രീനിവാസന്റെ അസ്സോസിയേറ്റ് ആയിരുന്ന അരുൺ ചന്ദുവിന്റെ ആദ്യ ചിത്രമാണ് സായാഹ്ന വാർത്തകൾ. ഗോകുൽ സുരേഷ്, ധ്യാൻ ശ്രീനിവാസൻ എന്നിവർ നായക വേഷത്തിലെത്തും. സോഷ്യോ-പൊളിറ്റിക്കൽ സറ്റയർ ആയി ഒരുങ്ങുന്ന ചിത്രം D14 എന്റെർറ്റൈന്മെന്റ്സ് നിർമ്മിക്കുന്നു. പ്രശാന്ത് പിള്ളയാണ് സംഗീതം. ശരണ്യ ശർമ്മ, മകരന്ദ് ദേശ്പാണ്ഡെ, വിജയരാഘവൻ, ഇന്ദ്രൻസ്, ആനന്ദ് മന്മഥൻ, ഇർഷാദ്, ദിനേശ് പ്രഭാകർ, വിഷ്ണു ഗോവിന്ദൻ എന്നിവർ മറ്റു വേഷങ്ങളിലെത്തും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.