• HOME
 • »
 • NEWS
 • »
 • film
 • »
 • Film review: ബാലൻ വക്കീൽ നയം വ്യക്തമാക്കുന്നു

Film review: ബാലൻ വക്കീൽ നയം വ്യക്തമാക്കുന്നു

ദിലീപ് വീണ്ടും ജനപ്രിയ സിനിമയുടെ ഫോർമുലയിലേക്ക് മടങ്ങിയെത്തി എന്നത് ശ്രദ്ധേയം

 • Share this:
  2019 ലെ ദിലീപിന്റെ ആദ്യ ചിത്രം. ഏകദേശം ഒരു വർഷത്തിന് ശേഷം താരത്തിന്റെ ഒരു ചിത്രം തിയേറ്ററുകളിലെത്തുന്നു. കോടതി സമക്ഷം ബാലൻ വക്കീലിന്റെ ആമുഖക്കുറിപ്പായി ഇത്രയും പറയാം. കുഞ്ഞിക്കൂനനായും, ജോക്കറായും, ചക്കരമുത്തായും, സൗണ്ട് തോമയായുമെല്ലാം വേഷമിട്ട് മലയാളികൾക്ക് പ്രിയങ്കരനായി മാറിയ താരം. ഇതെല്ലാമാണ് ദിലീപ് ചിത്രങ്ങൾ കാത്തിരിക്കാൻ എക്കാലവും പ്രേക്ഷകർക്ക് പ്രചോദനമായത്. 2009ൽ പുറത്തിറങ്ങിയ പാസ്സഞ്ചറിലെ അഡ്വക്കേറ്റ് നന്ദൻ മേനോന് ശേഷം ഒരിക്കൽ കൂടി ദിലീപ് വക്കീൽ കുപ്പായമണിയുന്നു. എന്നാൽ എല്ലാ വക്കീലന്മാരെയും പോലെയല്ല സംസാരവൈകല്യമുള്ള ബാലകൃഷ്ണൻ എന്ന ബാലൻ വക്കീൽ.

  First half review: കോടതി സമക്ഷം ബാലൻ വക്കീൽ

  ഒരു അക്ഷരം പോലും കൃത്യതയോടെ ഉരിയാടാതെ തന്നെ ആദ്യ കേസ് വിജയിക്കുന്നിടത്താണ് ബാലൻ വക്കീലിന്റെ ഇൻട്രോ. ഈ വൈകല്യം കൊണ്ട് മാത്രം ബുദ്ധി കൂർമ്മതയും, നിരീക്ഷണ പാടവവും നന്നെയുള്ള ബാലൻ, ജൂനിയർ വക്കീലായി ഒതുങ്ങിപ്പോകുന്നു. അയാൾ മറ്റുള്ളവരുടെ പരിഹാസപാത്രം ആവുന്നതും അത് കൊണ്ട് തന്നെയാണ്. എന്നാൽ തന്റെ ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കുന്ന സ്വഭാവം ബാലൻ വക്കീലിനില്ല. അങ്ങനെയിരിക്കെ, തന്റേതല്ലാത്ത കാരണത്താൽ ബാലനും അയാൾ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത അനുരാധയെന്ന പെൺകുട്ടിയും (മംമ്ത മോഹൻദാസ്)  ഒരു കുരുക്കിൽ പെടുന്നു. വാദി പ്രതിയാക്കുന്ന കാഴ്ചയാണ് ഇവിടെ നിന്നും സിനിമയെ മുന്നോട്ടു കൊണ്ട് പോകുന്നത്.  മുൻപും ത്രില്ലറുകൾ സമ്മാനിച്ച ബി. ഉണ്ണികൃഷ്ണൻ, ഒരിക്കൽ കൂടി ആ കല പുറത്തെടുക്കുകയാണ്. അതിനുള്ള തിരക്കഥ തയ്യാറാക്കിയത് സംവിധായകൻ തന്നെയെന്നുള്ളത് ശ്രദ്ധേയം. പ്രശ്നങ്ങളിൽ അകപ്പെട്ടു പോകുന്ന പെൺകുട്ടിയും, അവളുടെ രക്ഷകനായ ഹീറോ കാമുകനും, എന്ത് വില കൊടുത്തും തന്റെ സാമ്രാജ്യം മുന്നോട്ടു കൊണ്ട് പോകുന്ന വില്ലനും, ഒടുവിൽ ദുഷ്ടശക്തികളെ തുടച്ചു നീക്കിയുള്ള നായികാ-നായകന്മാരുടെ വിജയവും ചേർന്നൊരു സിനിമയാണിത്.

  നായക കഥാപാത്രത്തിന്റെ സംസാരത്തിലെ ന്യൂനത കൊണ്ടെന്നോണം, വളരെ സൂക്ഷ്മതയോടുകൂടിയാണ് ഡയലോഗുകൾ തിരഞ്ഞെടുത്തിരിക്കുന്നത്. തീപ്പൊരി പ്രസംഗം പോലുള്ള വരികൾ കഴിവതും ഒഴിവാക്കിയിട്ടുണ്ട് താനും. സംസാര വൈകല്യം എങ്ങനെ വന്നു ഭവിച്ചു എന്ന് സമർത്ഥിക്കാൻ ഉൾക്കൊള്ളിച്ചിരിക്കുന്ന ഫ്ളാഷ്ബാക് പ്രേക്ഷകരിൽ ഉദ്വേഗമുണർത്തുന്നു.

  രാഷ്ട്രീയ ചിത്രങ്ങളായ രാമലീലക്കും, കമ്മാര സംഭവത്തിനും ശേഷം ദിലീപ് വീണ്ടും ജനപ്രിയ സിനിമയുടെ ഫോർമുലയിലേക്ക് മടങ്ങിയെത്തി എന്നത് ശ്രദ്ധേയം. തനിക്കു കിട്ടിയ വേഷം വലിച്ചു നീട്ടലുകളോ, മുഴച്ചു നിൽക്കലുകളോ ഇല്ലാതെ ദിലീപ് കൈകാര്യം ചെയ്തിരിക്കുന്നു. ചിരിയുടെ രസക്കൂട്ടുകളുമായി അജു വർഗീസും, സിദ്ദിഖും സ്‌ക്രീനിൽ ഉടനീളം നിറഞ്ഞു നിൽക്കുന്നു. തിയേറ്റർ പ്രേക്ഷകർക്ക് മടുപ്പുളവാക്കാത്ത വണ്ണം ചേരുംപടി ചേരുവകൾ ചേർത്ത് നിർമ്മിക്കാൻ അണിയറക്കാർ ശ്രദ്ധിച്ചിട്ടുണ്ട്.

  First published: