പുതുമുഖ താരം കുഞ്ചാക്കോ ബോബനും (Kunchacko Boban) മലയാളത്തിന്റെ പ്രിയപ്പെട്ട ബാലതാരമായിരുന്ന 'ബേബി' ശാലിനിയും (Shalini) നായികാ നായകന്മാരായി അഭിനയിച്ച ആദ്യ ചിത്രം 'അനിയത്തിപ്രാവ്' തിയേറ്ററിലെത്തിയത് 1997 മാർച്ച് മാസം 26ന്. സിനിമയ്ക്കും, തന്റെ അഭിനയജീവിതത്തിനും കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ ചാക്കോച്ചന്റെ ഒപ്പം അന്ന് മിനിയെ ചുറ്റിക്കാൻ കൂടെയുണ്ടായിരുന്ന ഹോണ്ട സ്‌പ്ലെണ്ടർ ബൈക്ക് തിരികെയെത്തിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ചാക്കോച്ചൻ പഴയ ബൈക്ക് കുട്ടപ്പനാക്കിയെടുത്ത് സ്വന്തമാക്കിയ വാർത്ത എങ്ങും നിറഞ്ഞിരുന്നു.
എന്തായാലും ചാക്കോച്ചനെ സ്‌പ്ലെണ്ടർ വിട്ടുപോവുന്ന ഭാവമില്ല. 'അറിയിപ്പ്' എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് മറ്റൊരു സ്‌പ്ലെണ്ടർ കണ്ടവിവരം ചാക്കോച്ചൻ ഇൻസ്റ്റഗ്രാമിൽ ചിത്രം സഹിതം പോസ്റ്റ് ചെയ്തിരുന്നു.
View this post on Instagram
ആദ്യ ചിത്രത്തിൽ 'ഓ പ്രിയേ...' എന്ന ഗാനം ഹിറ്റാക്കിയ നായകന് പിന്നീട് ജീവിതത്തിലും പ്രിയ തന്നെ ഭാര്യയായി എത്തിച്ചേർന്നു എന്നതിലെ യാദൃശ്ചികത പലരും പിന്നീട് ചൂണ്ടിക്കാട്ടാതെയിരുന്നില്ല. ഇനി ആ ബൈക്കിൽ പ്രിയയെ ഇരുത്തി ഓടിക്കണം എന്നാണ് ചാക്കോച്ചന്റെ ആഗ്രഹം.
ഇന്ന് രാവിലെ ശാലിനിയെ ഫോൺ വിളിച്ചുവെങ്കിലും കിട്ടിയില്ല എന്ന് ചാക്കോച്ചൻ. പിന്നെ സംവിധായകൻ ഫാസിൽ, നിർമ്മാതാവ് സ്വർഗ്ഗചിത്ര അപ്പച്ചൻ, സുധീഷ്, ഹരിശ്രീ അശോകൻ, ഇന്നസെന്റ്, ജനാർദ്ദനൻ തുടങ്ങിയവരെ വിളിച്ചു സംസാരിച്ചു എന്ന് ചാക്കോച്ചൻ പറഞ്ഞു.
കുഞ്ചാക്കോ ബോബൻ ആദ്യമായി അഭിനയിച്ച ചിത്രം എന്ന പേരിലാണ് 'അനിയത്തിപ്രാവ്' മലയാള സിനിമയിൽ ഇടം നേടുന്നത്. ശാലിനി അജിത് ആയിരുന്നു ഈ സിനിമയിലെ നായിക. ഫാസിൽ സംവിധാനം ചെയ്ത ചിത്രം അന്നത്തെ യുവാക്കൾക്കിടയിലെ ഹരമായി മാറി. ചാക്കോച്ചൻ ചോക്ലേറ്റ് ഹീറോ പദവിയിൽ എത്തുന്നതും ഈ സിനിമയോടെയാണ്.
രണ്ടു വിശ്വാസ സമൂഹങ്ങളിൽ പെട്ട യുവതിയും യുവാവുമാണ് മിനിയും സുധിയും. ഇവരുടെ ക്യാമ്പസ് പ്രണയം ജീവിതത്തിലേക്ക് പരിണമിക്കുമ്പോൾ ഉണ്ടാവുന്ന പ്രശ്നങ്ങളും കുടുംബ ബന്ധങ്ങളുടെ ആഴവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കേവലം 65 ലക്ഷം രൂപ മുതൽമുടക്കിൽ ഒരുക്കിയ ചിത്രം ബോക്സ് ഓഫിസിൽ 16 കോടി രൂപ നേടിയിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ സിനിമയ്ക്ക് റീമേക് ഒരുങ്ങുകയും ചെയ്‌തു.
ഇതിനു പിന്നാലെ കുഞ്ചാക്കോ ബോബൻ -ശാലിനി ജോഡികളുടെ ഒരുപിടി സിനിമകൾ മലയാളത്തിൽ ഉണ്ടാവുകയും ചെയ്‌തു. നിറം, നക്ഷത്രതാരാട്ട്, പ്രേം പൂജാരി സിനിമകളിൽ കുഞ്ചാക്കോ ബോബൻ -ശാലിനി ജോഡികളായിരുന്നു നായികാ നായകന്മാർ.
കഴിഞ്ഞവർഷം അനിയത്തിപ്രാവ് 24 വർഷങ്ങൾ പൂർത്തിയാക്കിയ വേളയിൽ, കുഞ്ചാക്കോ ബോബന്റെ തമിഴ് പ്രവേശം വാർത്തയായിരുന്നു. 'ഒറ്റ്' എന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ച വിവരം ചാക്കോച്ചൻ അനിയത്തിപ്രാവ് വാർഷികത്തിനാണ് പുറത്തുവിട്ടത്. കുഞ്ചാക്കോ ബോബനൊപ്പം അരവിന്ദ് സ്വാമിയാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. തെലുങ്ക് താരമായ ഈഷ റെബ്ബെയാണ് നായിക. ഇതിലെ ഗാനവും രംഗങ്ങളും ഒട്ടേറെ പ്രചരിച്ചുകഴിഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.