ഒരു ഡാൻസും പത്രപരസ്യവും കൊണ്ട് ജനശ്രദ്ധ ആകർഷിച്ച കുഞ്ചാക്കോ ബോബൻ (Kunchacko Boban) ചിത്രം 'ന്നാ താൻ കേസ് കൊട്' (Nna Thaan Case Kodu) 25 കോടി ക്ലബ്ബിൽ. എന്നാൽ സിനിമ തിയേറ്ററിലെത്തിയതും, പ്രചരണങ്ങളെ പിന്നിലാക്കി ചാക്കോച്ചന്റെ മികച്ച പ്രകടനം സ്കോർ ചെയ്യുകയും ചെയ്ത ചിത്രമാണിത്. റിലീസ് ചെയ്ത് അഞ്ചു ദിവസങ്ങൾക്കുള്ളിലാണ് ഈ നേട്ടം. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണ് സംവിധാനം.
കുഞ്ചാക്കോ ബോബന്റെ 'ദേവദൂതർ പാടി...' എന്ന ഗാനം യൂട്യൂബിൽ ഒരുകോടി വ്യൂസ് കടന്നിരുന്നു. 'കാതോട് കാതോരം' സിനിമയ്ക്ക് വേണ്ടി ഔസേപ്പച്ചൻ ചിട്ടപ്പെടുത്തിയ ഗാനം 37 വർഷങ്ങൾക്കിപ്പുറം അതേ ഈണത്തിൽ ബിജു നാരായണനാണ് പാടിയത്. ചാക്കോച്ചന്റെ ഡാൻസ് കേരളത്തിലാകമാനം ട്രെൻഡ് ആയിരുന്നു. സോഷ്യൽ മീഡിയയിൽ ഇതിന്റെ പകർപ്പായി ഒട്ടേറെ വേർഷനുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തു. അനവധിപ്പേർ ചാക്കോച്ചന് സമാനമായി ചുവടുകൾ തീർത്തു.
എസ്.ടി.കെ. ഫ്രെയിംസിൻ്റെ ബാനറിൽ നിർമ്മാതാവ് സന്തോഷ് ടി. കുരുവിള നിർമ്മാണവും, കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാണം നിർവ്വഹിക്കുന്ന 'ന്നാ താൻ കേസ് കൊട്' ഹാസ്യപശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്. ഷെറിൻ റേച്ചൽ സന്തോഷ് ആണ് ചിത്രത്തിൻ്റെ മറ്റൊരു സഹ നിർമ്മാതാവ്.
View this post on Instagram
കുഞ്ചാക്കോ ബോബനാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൂപ്പർ ഡീലക്സ്, വിക്രം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കർ അഭിനയിക്കുന്ന അദ്യ മലയാള ചലച്ചിത്രം കൂടിയാണ് ഇത്.
ആറ് മാസത്തോളം നീണ്ടു നിന്ന പ്രീ പ്രൊഡക്ഷൻ ജോലികളാണ് ചിത്രത്തിന് വേണ്ടി അണിയറപ്രവർത്തകരും നിർമ്മാതാക്കളും നടത്തിയത്. കാസർഗോഡൻ ഗ്രാമങ്ങളുടെ പശ്ചാത്തലത്തിൽ വികസിക്കുന്ന ഈ സിനിമയ്ക്കായി വൻ മുന്നൊരുക്കങ്ങൾ നടത്തേണ്ടി വന്നിരുന്നു. നിരവധി കലാകാരൻമാരെ ഈ പ്രദേശങ്ങളിൽ നിന്ന് തന്നെ കാസ്റ്റിംഗ് കോളുകളിലൂടെ കണ്ടെത്തുകയും അവരെ പരിശീലന കളരികളിലൂടെ തിരഞ്ഞെടുക്കുകയും ചെയ്തതിന് ശേഷം സിനിമയുടെ ഒരു ചെറുരൂപം ഈ കലാകാരൻമാരെ വെച്ച് മാത്രം യഥാർത്ഥ സിനിമയുടെ ചിത്രീകരണത്തിന് മുൻപേ തന്നെ നടത്തിയിരുന്നു. അറുപത് ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തിനായി കാസർഗോഡ് ജില്ലയിലെ അഞ്ച് ഗ്രാമങ്ങളിലായി പത്തോളം ലൊക്കേഷനുകൾ ഉപയോഗിച്ചിരുന്നു.
ബോളിവുഡ് ഛായാഗ്രാഹകൻ രാകേഷ് ഹരിദാസാണ് (ഷേർണി ഫെയിം) ഈ ചിത്രത്തിന്റെ ക്യാമറ നിർവഹിക്കുന്നത്. മനോജ് കണ്ണോത്ത് ചിത്രസംയോജനവും ജോതിഷ് ശങ്കർ കലാസംവിധാനവും നിർവഹിക്കുന്നു. വൈശാഖ് സുഗുണൻ രചിച്ച വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം ഒരുക്കുന്നു.
Summary: Kunchacko Boban movie Nna Thaan Case Kodu collects 25 crores at the box office
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.