നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Meow movie | തീർത്തും വേറിട്ട വേഷത്തിൽ സൗബിനും, മംമ്തയും; 'മ്യാവൂ' സിനിമയെക്കുറിച്ച് ലാൽ ജോസ്

  Meow movie | തീർത്തും വേറിട്ട വേഷത്തിൽ സൗബിനും, മംമ്തയും; 'മ്യാവൂ' സിനിമയെക്കുറിച്ച് ലാൽ ജോസ്

  Lal Jose narrates shooting experience for Meow | 'മ്യാവൂ' സിനിമയെക്കുറിച്ച് സംവിധായകൻ ലാൽ ജോസ്

  ടീം മ്യാവു

  ടീം മ്യാവു

  • Share this:
   ലാൽ ജോസ് (Lal Jose) സംവിധാനം നിർവഹിച്ച്, സൗബിൻ ഷാഹിർ (Soubin Shahir), മംമ്ത മോഹൻദാസ് (Mamtha Mohandas) എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത ചിത്രമാണ് 'മ്യാവു' (Meow). ഈ മാസം റിലീസിന് തയാറെടുക്കുന്ന സിനിമയെക്കുറിച്ചുള്ള വിശേഷങ്ങൾ സംവിധായകൻ വിവരിക്കുന്നു.

   കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട ആദ്യത്തെ ലോക്ക്ഡൗൺ കഴിഞ്ഞ് മനുഷ്യ ജീവിതം അൽപ്പമെങ്കിലും നേരെയായി വരുന്ന സാഹചര്യത്തിലാണ് ലാൽ ജോസ് സംവിധാനം ചെയ്യുന്ന 'മ്യാവു' ചിത്രീകരണം ഗൾഫിൽ ആരംഭിച്ചത്.

   കേരളത്തിലേത് പോലെ ഏതു സമയത്തും ഷൂട്ടിംഗ്‌ നടത്താൻ പറ്റുന്ന ഒരു സ്ഥലമല്ല ഗൾഫ്. കാലാവസ്ഥയനുസരിച്ചേ കഴിയൂ. ചൂടു കൂടുമ്പോൾ ഷൂട്ടിംഗ് നടത്തുക പ്രയാസമാണ്. ലോക്ക്ഡൗൺ കഴിഞ്ഞ് പിന്നെയും കുറേക്കഴിഞ്ഞതിനു ശേഷമാണ് ചൂടുകുറഞ്ഞ കാലാവസ്ഥ വന്നതും ഷൂട്ടിംഗ്‌ തുടങ്ങിയതും.

   ലാൽ ജോസ് ഇതിനു മുമ്പ് രണ്ടു ചിത്രങ്ങൾ ഗൾഫ് പശ്ചാത്തലത്തിൽ ചിത്രീകരിച്ചിട്ടുണ്ട്; അറബിക്കഥയും, ഡയമണ്ട് നെക്ലസ്സും. ഈ രണ്ടു ചിത്രങ്ങൾക്കും തിരക്കഥ രചിച്ചിരിക്കുന്നത് ഡോ: ഇക്ബാൽ കുറ്റിപ്പുറമാണ്. ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നതും ഇക്ബാൽ കുറ്റിപ്പുറം തന്നെ. ദുബായിലെത്തിയപ്പോഴാണ് ചിത്രീകരണം റാസൽഖൈമയിലാണന്നറിയുന്നത്.

   നിർമ്മാതാവ് തോമസ് തിരുവല്ലക്കൊപ്പമാണ് ദുബായിൽ നിന്നും റാസൽ ഖൈമയിലേക്കു പുറപ്പെട്ടത്. തോമസ് ദുബായിൽ സ്വന്തം ബിസിനസ്സ് ചെയ്യുന്ന ആളാണ്. ബ്ലെസ്സി സംവിധാനം ചെയ്ത കളിമണ്ണ് എന്ന ചിത്രം നിർമ്മിച്ചു കൊണ്ടാണ് തോമസിൻ്റെ ഈ രംഗത്തേക്കുള്ള കടന്നുവരവ്. കുറച്ചു ദിവസം മുമ്പ് പ്രദർശനത്തിനെത്തിയ എല്ലാം ശരിയാകും എന്ന ചിത്രവും ഇദ്ദേഹമാണ് നിർമ്മിച്ചത്. കലാകാരനും മോണോ ആക്ടിൽ വിദഗ്ദനുമാണ് തോമസ്. കലയോടുള്ള സ്നേഹമാണ് സിനിമാ നിർമ്മാണ രംഗത്തേക്കു കടന്നതും.

   റാസൽഖൈമ സിറ്റിയിൽ നിന്നും പിന്നെയും അരമണിക്കൂറോളം ദൂരം യാത്ര ചെയ്താണ് ലൊക്കേഷനിലെത്തുക. സിറ്റിയിൽ നിന്നും മാറിയ പ്രദേശങ്ങളാണ് ലൊക്കേഷനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഗൾഫിൻ്റെ വർണ്ണപ്പകിട്ടുകളല്ല ഈ സിനിമയിലൂടെ അവതരിപ്പിക്കുന്നത്, മറിച്ച് സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തിൻ്റെ നേർക്കാഴ്ച്ചയാണ് ഒട്ടും അതിശയോക്തി കലർത്താതെ അവതരിപ്പിക്കുന്നതെന്ന് ലൊക്കേഷനിൽ വച്ച് ലാൽ ജോസ് പറഞ്ഞു.

   ഇവിടുത്തെ ഇടത്തരം ഒരു വില്ലായിലായിരുന്നു ചിത്രീകരണം.

   സൗബിൻ ഷാഹിർ, മംമ്ത മോഹൻദാസ്, എന്നിവരും മൂന്നു കുട്ടികളുമുണ്ട്. കുട്ടികൾ ഭഗത് ഷൈൻ, തമന്നാ പ്രമോദ്, ആതിരാ മനോജ് എന്നിവരാണ്. ഇതിൽ ഭഗത് ഷൈൻ സംവിധായകൻ എബ്രിഡ് ഷൈനിൻ്റെ മകനാണ്, തമന്ന ഫൊറൻസിക് എന്ന ചിത്രത്തിൽ അഭിനയിച്ച കുട്ടിയാണ്. സൗബിൻ - മംമ്ത എന്നിവർ അവതരിപ്പിക്കുന്ന ദസ്തക്കീർ, സുലേഖ ദമ്പതികളുടെ മക്കളായി അഭിനയിക്കുന്നവർ. അസീം, ദിൽരൂപ, റൂമി എന്നിങ്ങനെയാണ് ഈ കഥാപാത്രങ്ങളുടെ പേരുകൾ.

   സൗബിൻ്റെ വേഷം പാക്കിസ്ഥാനി പഠാണി വർഗം ഉപയോഗിക്കുന്ന തരത്തിലുള്ളതാണ്. ഇവിടെ ഇവർക്കൊപ്പം ഒരു പൂച്ചയും അഭിനയിക്കുന്നുണ്ട്. ഈ വീട്ടിലെ ഒരംഗത്തേപ്പോലെയാണ് പൂച്ചയും,
   പൂച്ചയേക്കുറിച്ചും ലാൽ ജോസ് പറഞ്ഞു.

   "പൂച്ച ഇവരുടെ കുടുംബത്തിലെ പ്രധാന കഥാപാത്രമാണ്. പൂച്ചയുടെ രംഗങ്ങൾ എളുപ്പത്തിൽ ചിത്രീകരിക്കുവാൻ കഴിയുന്നതല്ലല്ലോ? അതിനായി പരിശീലനം നേടിയ ഒരു പൂച്ചയെ കൊണ്ടുവന്നിരുന്നു. എന്നാൽ ആ പൂച്ചയെക്കൊണ്ട് അഭിനയിപ്പിക്കുക വലിയ ദുഷ്ക്കരമായിരുന്നു. പിന്നെ ഒരു സുഹൃത്ത് കൊണ്ടുവന്ന പൂച്ചയെ പരീക്ഷിച്ചു. ആ പൂച്ചയാണിത്. സുഖമായി ഷൂട്ടു ചെയ്യാൻ കഴിഞ്ഞു."

   പലപ്പോഴും മോഡേൺ കഥാപാത്രങ്ങളെ അവതരിപ്പിച്ചു പോന്ന മംമ്ത ഈ ചിത്രത്തിൽ ഇരുത്തംവന്ന ഒരു കഥാപാത്രത്തെയാണവതരിപ്പിക്കുന്നത്. അതും മൂന്നു മക്കളുടെ മാതാവായാണ് വേഷം.

   ആലുവാ സ്വദേശികളാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ.
   ഈ കുടുംബവും ആലുവാക്കാരാണ്. ആലുവാ സ്ലാങ് ആണ് കഥാപാത്രങ്ങൾ ഉപയോഗിക്കുന്നതും.

   അനസ് മുസ്സലിയാർ എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ സലിം കുമാർ അവതരിപ്പിക്കുന്നു. ഹരിശ്രീ യൂസഫ് ചന്ദ്രേട്ടൻ എന്ന കഥാപാത്രത്തേയും അവതരിപ്പിക്കുന്നു. ഇവർ രണ്ടുപേരും ആലുവാക്കാരാണ്.

   ആലുവാ യു.സി. കോളജിലെ സജീവ ഇടതു പ്രവർത്തകനായിരുന്നു ദസ്തക്കീർ. ഒരു സാഹചര്യത്തിൽ നാടുവിട്ട് ഗൾഫിൽ കട നടത്തുന്ന വാപ്പയുടെ അടുത്തേക്ക് ചേക്കേറേണ്ടി വന്നു, വാപ്പക്കൊപ്പം കുറേ നാൾ കൂടി പിന്നീടാണ് സ്വന്തമായി ഒരു മിനി സൂപ്പർമാർക്കറ്റ് തുടങ്ങി മാറിയത് - കുടുംബമായി മക്കളായി ഇവരുടെ കുടുംബ ജീവിതത്തിലും ചില പ്രശ്നങ്ങൾ ഉണ്ടായി. സാമ്പത്തികവും ആഭ്യന്തര വിഷയങ്ങളുമൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു. ഈ പ്രശ്നങ്ങളെ തരണം ചെയ്യുവാനുള്ള ദസ്തക്കീറിൻ്റേയും സുലുവിൻ്റേയും ശ്രമങ്ങളാണ് തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്നത്.

   തൻ്റെ മുൻ ചിത്രങ്ങളിൽ നിന്നും ചില വ്യത്യാസങ്ങൾ ഈ ചിത്രത്തിലുണ്ടന്ന് ലാൽ ജോസ് പറഞ്ഞു. "ഈ ചിത്രത്തിൽ ഒരു കുടുംബത്തെ പ്രധാനമായും കേന്ദീകരിച്ചുകൊണ്ടാണ് കഥാപുരോഗതി. മറ്റു ചിത്രങ്ങളിലൊക്കെ പ്രധാന കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട മറ്റു ചില കഥാപാത്രങ്ങൾക്കും പ്രാധാന്യമുണ്ടായിരുന്നു. ഇക്കുറി മറ്റുകഥാപാത്രങ്ങൾ അധികമില്ല. അതുകൊണ്ടു തന്നെ പരിമിതമായ അഭിനേതാക്കളെ ഈ ചിത്രത്തിലുള്ളൂ," ലാൽ ജോസ് പറഞ്ഞു.

   പ്രകാശ് വടകര, ജയാ മേനോൻ തുടങ്ങിയവരും ഗൾഫിൽ നിന്നുള്ള ഏതാനും പേരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

   സുഹൈൽ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗീസ് ഈണം പകർന്നിരിക്കുന്നു. അജ്മൽ സാബുവാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്- രഞ്ജൻ ഏബ്രഹാം, കലാസംവിധാനം- അജയൻ മങ്ങാട്.
   മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റ്യം ഡിസൈൻ - സമീറ സനീഷ്, അസ്സോസ്സിയേറ്റ് ഡയറക്ടർ- രഘുരാമവർമ്മ, പ്രൊഡക്ഷൻ കൺട്രോളർ- രഞ്ജിത്ത് കരുണാകരൻ, ലൈൻ പ്രൊഡ്യൂസർ - വിനോദ് ഷൊർണൂർ, പി.ആർ.ഒ. - വാഴൂർ ജോസ്, ഫോട്ടോ- ജയപ്രകാശ് പയ്യന്നൂർ. തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ലാ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി.

   ഡിസംബർ 24ന് ചിത്രം എൽ.ജെ. ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.
   Published by:user_57
   First published:
   )}