അതിൽ അവന് യാതൊരു പങ്കുമില്ലെന്ന് എനിക്കറിയാം; ദിലീപിനെപ്പറ്റി ലാൽ ജോസ്

Lal Jose on Dileep and his alleged role in the ongoing case on actor assault | തുറന്ന പ്രതികരണവുമായി ലാൽ ജോസ്

News18 Malayalam | news18-malayalam
Updated: November 12, 2019, 2:20 PM IST
അതിൽ അവന് യാതൊരു പങ്കുമില്ലെന്ന് എനിക്കറിയാം; ദിലീപിനെപ്പറ്റി ലാൽ ജോസ്
ദിലീപും ലാൽ ജോസും; ലാൽ ജോസ്
  • Share this:
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ പേരുൾപ്പെട്ടതിൽ പ്രതികരണവുമായി സംവിധായകൻ ലാൽ ജോസ്. ദിലീപിനൊപ്പം സുഹൃത്തായും സഹപ്രവർത്തകനായും വളരെക്കാലമായുള്ള പരിചയമാണ് ലാൽ ജോസിന്. ന്യൂസ് 18 കേരളം അസ്സോസിയേറ്റ് എഡിറ്റർ ശരത് ചന്ദ്രനുമായി വരികൾക്കിടയിൽ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ലാൽ ജോസ്. സംവിധാന രംഗത്ത് 25 വർഷം പൂർത്തിയാക്കിയ വേളയിൽ പുറത്തിറങ്ങിയ ചിത്രം 41ന്റെ റിലീസുമായി ബന്ധപ്പെട്ടാണ് ലാൽ ജോസ് മനസ്സ് തുറന്നത്.

"ആ വിഷയം ഉണ്ടായപ്പോൾ എഴുതിയ ഫേസ്ബുക് നോട്ട് മാത്രമാണ് എന്റേതായി വന്നിട്ടുള്ളത്. 'കഴിഞ്ഞ 26 വർഷമായി എനിക്ക് നിന്നെ അറിയാം. നീയിത് ചെയ്യില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. നിന്നെ അറിയുന്ന ആരും ഇത് വിശ്വസിക്കില്ല. ആ അർഥം വരുന്ന രണ്ടോ മൂന്നോ വരികളാണ് ഞാൻ അതിൽ എഴുതിയത്. അവൻ അത് ചെയ്തിട്ടില്ല എന്ന് അന്നും ഇന്നും എന്നും ഞാൻ 100 ശതമാനം വിശ്വസിക്കുന്നു. അത് കൊണ്ടാണ് എനിക്കങ്ങനെ പറയാൻ കഴിയുന്നതും. അത് ഞാൻ പറയണ്ടേ?," ലാൽ ജോസ് ചോദിക്കുന്നു.

അങ്ങനെയെങ്കിൽ ആരോപണം ഉന്നയിക്കുന്ന നടിയോട് എന്ത് സമീപനം എടുക്കും എന്ന ചോദ്യത്തിനും ലാൽ ജോസിന് വ്യക്തമായ മറുപടിയുണ്ട്.

"നൂറു ശതമാനവും ദിലീപ് അത് ചെയ്തിട്ടില്ല എന്നറിയുമ്പോൾ, എതിർ ചേരിയിൽ നിൽക്കുന്നവർ കൂടി തിരിച്ചറിയാൻ അത് ഞാൻ പറയണ്ടേ? അവരെയും കൂടി ബോധ്യപ്പെടുത്താനാണത്."

നടിയടക്കം ഉൾപ്പെടുന്നവർ വിശ്വസിച്ചത് തെറ്റാണെന്ന ഉറച്ച ബോധ്യം തനിക്കുണ്ടെന്നും ലാൽ ജോസ് പറയുന്നു. ഒരു ഘട്ടത്തിലും ആ നിലപാട് മാറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

"ഒരാളെ കോടതി വിധിക്കുമ്പോൾ മാത്രമേ പ്രതി എന്ന് വിളിക്കാവൂ. ഗൂഢാലോചനയിൽ ദിലീപ് ഉണ്ടായിരുന്നുവെന്നത് ആരോപണമാണ്. ആ ആരോപണത്തിന്റെ പേരിൽ അയാളും അയാളുടെ കുടുംബവും അനുഭവിച്ചതെന്താണ്? ഞങ്ങൾ ഒന്നിച്ച് ഉണ്ടുറങ്ങി, സിനിമ ചെയ്ത്, കുടുംബവുമായി ബന്ധമുള്ളവരാണ്. കുടുംബ പരിപാടികളിൽ പങ്കെടുക്കാറുണ്ട്. മൂത്ത മകനായിട്ടാണ് അവന്റെ അച്ഛനും അമ്മയും എന്നെ കാണുന്നത്. അങ്ങനെയുള്ള ഞാൻ പറയുന്നതാണോ, ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലാത്ത ആളുകൾ അവനെപ്പറ്റി പറയുന്നതാണോ വിശ്വസിക്കേണ്ടത്?" അദ്ദേഹം ചോദിക്കുന്നു.

നമ്മൾ എന്ത് പറഞ്ഞാലും ജനം അവർക്കിഷ്‌ടമുള്ളത് വിശാസിക്കുമെന്നും, ഇനി കോടതി പറയട്ടെയെന്നും ലാൽ ജോസ് പറയുന്നു.

First published: November 12, 2019, 2:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading