വിവാദങ്ങൾക്കിടെ അക്ഷയ് കുമാർ ചിത്രം
ലക്ഷ്മി ബോംബിന്റെ പേര് മാറ്റി. ലക്ഷ്മി എന്നാണ് ചിത്രത്തിന്റെ പുതിയ പേര്. ചിത്രത്തിന്റെ പേരിനെ ചൊല്ലി വിവാദം ഉയർന്നതിന് പിന്നാലെയാണ് പേര് മാറ്റൽ. രാഘവ ലോറൻസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ പേരിനെതിരെ കർണിസേന രംഗത്തെത്തിയിരുന്നു.
ചിത്രത്തിന്റെ പേര് ഹിന്ദു ദേവതയെ അപമാനിക്കുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമായിരുന്നു സംഘടനയുടെ ആരോപണം. തമിഴിൽ രാഘവ ലോറൻസ് നായകനായ കാഞ്ചനയുടെ ഹിന്ദി പതിപ്പാണ് ബോളിവുഡിൽ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ അക്ഷയ് കുമാർ അവതരിപ്പിക്കുന്ന ട്രാൻസ്ജെന്റർ വേഷം ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്.
കിയാര അദ്വാനി നായികയാകുന്ന ചിത്രത്തിലെ ബുർജ് ഖലീഫ എന്ന പാട്ടും ഇതിനകം ഹിറ്റാണ്. നവംബർ ഒൻപതിന് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യാനിരിക്കേയാണ് ചിത്രത്തിന്റെ പേര് മാറ്റം.
സെൻസർ ബോർഡുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ചിത്രത്തിന്റെ പേര് മാറ്റാൻ തീരുമാനിച്ചത്.
ദേവിയുടെ അന്തസ്സ് കുറയ്ക്കാനും ദേവിയോട് അനാദരവ് കാണിക്കാനും ഉദ്ദേശിച്ച് 'ലക്ഷ്മി ബോംബ്' എന്ന തലക്കെട്ട് നിർമ്മാതാക്കൾ മനപൂർവ്വം ഉപയോഗിച്ചെന്നാണ് രജപുത് കർണി സേനയുടെ ആരോപണം.
അക്ഷയ് കുമാർ, തുഷാർ കപൂർ, ഷാബിനാ ഖാൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.