ഫെബ്രുവരി 20ന് തിയേറ്ററിലെത്താൻ തയാറെടുക്കുന്ന ഫഹദ് ഫാസിൽ-നസ്രിയ ചിത്രം ട്രാൻസിൽ സൗബിൻ ഷാഹിർ പാടിയ ഗാനം പുറത്തിറങ്ങി. ആദ്യമായാണ് സൗബിൻ ഷാഹിർ ഒരു സിനിമക്കായി പാടുന്നത്. എന്നാലും മത്തായിച്ചാ... എന്ന് തുടങ്ങുന്ന ഗാനം ചിട്ടപ്പെടുത്തിയത് ജാക്സൺ വിജയൻ. വിനായക് ശശികുമാർ, ബ്ലെയ്സി എന്നിവർ ചേർന്നാണ് വരികൾ രചിച്ചിരിക്കുന്നത്.
അൻവർ റഷീദ് എന്റർടെയിൻമെന്റിന്റെ ബാനറിൽ അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ട്രാൻസ്'. 'ബാംഗ്ലൂർ ഡേയ്സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും നസ്രിയയും വീണ്ടും ഒന്നിക്കുന്ന ട്രാൻസിൽ ഫഹദ് ഫാസിൽ, ഒരു മോട്ടിവേഷണൽ ട്രെയിനറുടെ വേഷമാണ് ചെയ്യുന്നത്. 'ട്രാൻസി'ന്റെ തിരക്കഥ വിൻസെന്റ് വടക്കന്റേതാണ്. രാം ഗോപാൽ വർമ്മയുടെ ശിവയ്ക്ക് ശേഷം (2006) മറ്റൊരു സംവിധായകനുവേണ്ടി അമൽ നീരദ് ക്യാമറ ചലിപ്പിക്കുന്നത് 'ട്രാൻസി'ന് വേണ്ടിയാണ്.
സംവിധായകൻ ഗൗതം മേനോൻ ഒരു പ്രധാന വേഷത്തിലെത്തുന്ന 'ട്രാൻസി'ൽ സൗബിൻ ഷാഹിർ, വിനായകൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ, ശ്രീനാഥ് ഭാസി, അർജുൻ അശോകൻ, ജിനു ജോസഫ്, അശ്വതി മേനോൻ, ശ്രിന്ദ, ധർമജൻ ബോൾഗാട്ടി, അമൽഡ ലിസ് തുടങ്ങി ഒരു വൻ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. പ്രമുഖ ഒഡീസ്സി നർത്തകി ആരുഷി മുഡ്ഗൽ അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ഇത്.
സൗണ്ട് ഡിസൈനിംഗിന് വളരെയധികം പ്രാധാന്യമുള്ള 'ട്രാൻസി'ന് വേണ്ടി അത് നിർവഹിക്കുന്നത് ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ്.
സംഗീത സംവിധായകനായ റെക്സ് വിജയന്റെ സഹോദരൻ ജാക്സൺ വിജയൻ, സംഗീത സംവിധായകനായി 'ട്രാൻസി'ൽ അരങ്ങേറുന്നു. അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. വിനായക് ശശികുമാർ ഗാനരചന നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം സുഷിൻ ശ്യാമും ജാക്സൺ വിജയനുമാണ് ഒരുക്കിയിരിക്കുന്നത്.
Published by:meera
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.