ഫെബ്രുവരി 20ന് തുടങ്ങി മുന്നോട്ടുള്ള 26 ദിവസങ്ങൾ. ഒരു ദിവസം ഒന്നെന്ന കണക്കിൽ ലൂസിഫറിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷക മുന്നിലെത്തും. വളരെ വ്യത്യസ്ത രീതിയിൽ കഥാപാത്രങ്ങളെ പോസ്റ്റർ വഴി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് പൃഥ്വിരാജിന്റെ സംവിധാനത്തിൽ പുറത്തു വരാനിരിക്കുന്ന മോഹൻലാൽ ചിത്രം ലൂസിഫർ. മാർച്ച് മാസം റിലീസ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്. അടുത്തിടെ പൃഥ്വിരാജ് നിർമ്മാതാവായ സയൻസ് ഫിക്ഷൻ- ഹൊറർ ചിത്രം നയൻ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്.
സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായി മോഹൻലാൽ നായകനാവുന്ന ചിത്രത്തിൽ മഞ്ജു വാര്യർ നായികയാവും. മോഹൻലാലിൻറെ വരവറിയിക്കുന്ന ടീസർ ഇതിനോടകം ലക്ഷക്കണക്കിന് പ്രേക്ഷകർ കണ്ടു കഴിഞ്ഞു. മുൻ നിര താരങ്ങൾ അണിനിരക്കുന്ന ചിത്രമാണ് ലൂസിഫർ. ബോളിവുഡ് താരം വിവേക് ഒബ്റോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഫാസിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. മുരളി ഗോപിയുടേതാണ് തിരക്കഥ.
ലൂസിഫറിന്റെ ഓവർസീസ് റൈറ്റ്സ് ദുബായ് കേന്ദ്രീകരിച്ച ഫാർസ് ഫിലിംസ് വൻ തുക നൽകി സ്വന്തമാക്കിയിട്ടുണ്ട്. ഏകദേശം 92 ഇടങ്ങളിലായി 686ന് മുകളിൽ വരുന്ന കേന്ദ്രങ്ങളിൽ ആയിരിക്കും ചിത്രം റിലീസ് ചെയ്യുക. നിലവിൽ മലയാള സിനിമയിലെ ഏറ്റവും വലിയ റിലീസ് ആയിരിക്കും രാജ്യത്തിന് പുറത്ത് ലൂസിഫറിന് ലഭിക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.