നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Madhuram review | മധുരം: ഇവിടെ മനുഷ്യ ബന്ധങ്ങൾക്ക്‌ അതിമധുരം

  Madhuram review | മധുരം: ഇവിടെ മനുഷ്യ ബന്ധങ്ങൾക്ക്‌ അതിമധുരം

  Madhuram movie review | ബന്ധങ്ങളുടെ മാധുര്യം തുളുമ്പുന്ന 'മധുരം'. റിവ്യൂ

  മധുരം

  മധുരം

  • Share this:
  ചുടുചോറ് കഴിക്കാൻ പാകത്തിന് ചൂടാറിയ ശേഷം മാത്രം വിളമ്പുന്ന അമ്മ, സഹോദരങ്ങളെ അളവറ്റു സ്നേഹിക്കുന്ന മൂത്ത സഹോദരൻ അല്ലെങ്കിൽ സഹോദരി, കർക്കശക്കാരൻ എന്ന് തോന്നുമെങ്കിലും ഉള്ളിൽ സ്നേഹമൊളിപ്പിച്ചു വയ്ക്കുന്ന അച്ഛൻ, പങ്കുവയ്ക്കലിന്റെയും സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും ബാങ്ക് ബാലൻസ് മാത്രം നിറയുന്ന സൗഹൃദങ്ങൾ. ത്രില്ലർ, വി.എഫ്.എക്സ്., യുഗത്തിലെ മലയാള സിനിമയിൽ ഇത്തരം ബന്ധങ്ങൾ എവിടെ എന്നൊരു ചോദ്യം ഉയരാൻ ആരംഭിച്ചിട്ട് കുറച്ചേറെയായി.

  ഇവിടേയ്ക്ക് മാധുര്യം തുളുമ്പുന്ന ഒരു കഥയുമായി വന്നുചേർന്ന സിനിമയാണ് 'മധുരം'. ഒറ്റനോട്ടത്തിൽ വലിയ ഗ്ലാമർ ഇല്ലാത്ത നാടൻ ഹോട്ടലിലെ വിറകുപുരയുടെ സൗന്ദര്യവും, ക്യാമറ കടന്നു ചെന്നിട്ടില്ലാത്ത സർക്കാർ ആശുപത്രിയിലെ കൂട്ടിരിപ്പുകാരുടെ മുറിയുമെല്ലാം ഇവിടെ ബന്ധങ്ങളുടെ മാധുര്യം കൂട്ടുന്നു.

  സ്‌ക്രീനിൽ കാണുന്നതിനേക്കാൾ ഇരട്ടിയോളം കഥാപാത്രങ്ങളുടെ പേര് ഈ സിനിമയിലുടനീളം കേൾക്കുകയും പരിചയപ്പെടുകയും ചെയ്യാം. അങ്ങനെയെങ്കിലും ഒരു തവണ പോലും അവരിൽ പലരെയും ആരും കാണില്ല. ഭാര്യ സുലേഖയുമായുള്ള 40 വർഷത്തെ വിവാഹജീവിതത്തെ കുറിച്ച്, മറ്റുള്ളവരുടെ അഭിപ്രായത്തിൽ നോക്കിയാൽ, സ്ഥിരമായി 'തള്ളുന്ന' രവി (ഇന്ദ്രൻസ്) മുതൽ പ്രണയവിവാഹത്തിന്റെ പുതുമോടി മാറുംമുമ്പേ ആശുപത്രി വാസം ആരംഭിക്കുന്ന സാബുവും (ജോജു ജോർജ്), അമ്മയുടെ ഓപ്പറേഷൻ കാത്തിരിക്കുന്ന കെവിനും (അർജുൻ അശോകൻ), അച്ഛന് കൂട്ടിരിക്കാൻ വരുന്ന താജു എന്ന താജ്ജുദീനും (ഫാഹിം സഫർ) പരസ്പരം വേണ്ടപ്പെട്ട ആരെല്ലാമോ ആയി തീരുന്ന, സൗകര്യങ്ങളുടെ ബാഹുല്യം തൊട്ടുതീണ്ടിയിട്ടില്ലാത്ത കൂട്ടിരിപ്പു മുറി കാണേണ്ടതുതന്നെ.

  സുലേഖയും, താജുവിന്റെ അച്ഛനും, നീതുവിന്റെ ചേച്ചിയും, കെവിന്റെ അമ്മയും ഒക്കെ അത്തരത്തിൽ ഒരിക്കൽപ്പോലും ആരുംകാണാത്ത, എന്നാൽ നന്നേ പരിചയമുള്ള മനുഷ്യരായി തീരുന്ന മാസ്മരികത അനുഭവിച്ചറിയുകയേ വഴിയുള്ളൂ.  പരസ്പരം മത്സരിക്കുന്ന, ഓട്ടപ്പാച്ചിലുകളുടെ ലോകത്തിൽ മനുഷ്യർക്ക് ഇരുന്നു ചിന്തിക്കാൻ അവസരം നൽകുന്ന ജീവിതത്തിലെ ഒരു അവസരത്തിലൂന്നി മെനഞ്ഞ കഥയാണിവിടെ. പ്രണയം, വിരഹം, അസ്വാരസ്യം, അകൽച്ച, സ്നേഹം തുടങ്ങിയ വികാരങ്ങൾ ഏറ്റക്കുറച്ചിലുകൾ കൂടാതെ ഒപ്പിയെടുത്തിരിക്കുന്നു.

  നായകൻ, നായികാ സ്ഥാനങ്ങളിൽ ജോജു ജോർജ്, ശ്രുതി രാമചന്ദ്രൻ എന്നിവരെ പ്രതിഷ്‌ഠിക്കാമെങ്കിലും, മിന്നിമറിയുന്ന കഥാപാത്രത്തിനു പോലും ഏറെ പ്രധാനമുള്ള രീതിയിൽ സിനിമ ചിട്ടപ്പെടുത്തിയിരിക്കുന്നു. ആശുപത്രി വാസത്തിന്റെ കഥയ്ക്ക് പുറമെ കൂടുതലും കാണാൻ സാധിക്കുന്നത് സാബുവും ചിത്രയും തമ്മിലെ കറയറ്റ സ്നേഹമാണ്.

  ആഷിക് അമീർ, ഫാഹിം സഫർ എന്നിവരുടെ പഴുതടച്ച സ്ക്രിപ്റ്റ്, മനുഷ്യ മനസ്സിന്റെ ഊഷ്മളതയ്ക്കൊപ്പം ചലിക്കാൻ ശ്രദ്ധിച്ച ജിതിൻ സ്റ്റാനിസ്‌ലാസിന്റെ ക്യാമറ, അഹമ്മദ് കബീറിന്റെ സംവിധാനം തുടങ്ങിയ ചേരുവകൾ മനസ്സിന്റെ ആഴങ്ങളെ സ്പർശിച്ചേ കടന്നു പോകൂ.

  റിലീസിനും മുൻപ് പുറത്തുവന്ന സൂചനകളിൽ നിന്നും വായിക്കാൻ കഴിഞ്ഞ ഭക്ഷണക്കലവറയുടെ 'മധുരത്തിനും' മേലെ ഈ സിനിമ ഏറെ പ്രതീക്ഷ നൽകുന്നു. 'ഫീൽ ഗുഡ്' അനുഭവം സമ്മാനിച്ച് പോയ 'ഹോം' സിനിമയ്ക്ക് ശേഷം ഹൃദയബന്ധങ്ങളെ ഇത്രയും ആഴത്തിലും പരപ്പിലും സ്പർശിച്ച മലയാള ചിത്രം 'മധുരം' അല്ലാതെ വേറെയില്ല എന്ന് നിസ്സംശയം പറയാം.

  'മധുരം' സോണി ലിവിൽ കാണാം.
  Published by:Meera Manu
  First published: