• HOME
 • »
 • NEWS
 • »
 • film
 • »
 • എന്നിട്ടും പ്രവാചകൻറെ ചിത്രം പ്രദർശിപ്പിക്കാൻ വിലക്ക്: മജീദ് മജീദി

എന്നിട്ടും പ്രവാചകൻറെ ചിത്രം പ്രദർശിപ്പിക്കാൻ വിലക്ക്: മജീദ് മജീദി

 • Last Updated :
 • Share this:
  കുട്ടികളുടെ ചലച്ചിത്രകാരൻ എന്ന വിശേഷണത്തിന് എന്ത് കൊണ്ടും അർഹനാണ് മജീദ് മജീദി. ചിൽഡ്രൻ ഓഫ് ഹെവൻ എന്ന ഒറ്റ ചിത്രം കൊണ്ട് ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ മനം കവർന്ന ഇറാനിയൻ സംവിധായകൻ. കാലമേറെ കടന്നു പോയി, പിന്നീടദ്ദേഹം ക്യമറക്കാണുകളിലൂടെ പറഞ്ഞ കഥ പ്രവാചകൻറെതായിരുന്നു. മുഹമ്മദ് വെള്ളിത്തിരയിൽ. പേര് കൊണ്ട് മാത്രം പലരും രോഷം കൊണ്ടു. എന്നാൽ തന്റെ ചിത്രത്തെ മതപരമെന്നോ, രാഷ്ട്രീയപരമോ എന്ന് വിഭജിക്കണ്ടെന്നാണ് മജീദി പറയുന്നത്.

  "ചിത്രത്തിലുള്ളത് പ്രവാചകൻറെ കുട്ടിക്കാലമാണ്. ഒരു ചലച്ചിത്രകാരനെന്ന നിലക്കും, വിശ്വാസിയെന്ന നിലക്കും വിഷമം നേരിട്ട ഘട്ടം. ഇവിടെ വരച്ചു കാട്ടുന്നത് യഥാർത്ഥ ഇസ്‌ലാമിന്റെ ചിത്രമാണ്. ഇസ്‌ലാം പഠിപ്പിക്കുന്നത് മറ്റു മതങ്ങളെ ബഹുമാനിക്കാനാണ്. മറ്റുള്ളവരെ സ്നേഹത്തോടും, അനുകമ്പയോടും, കാരുണ്യം കൊണ്ടും നോക്കിക്കാണുകയെന്നതാണ്. എന്നിട്ടും പല രാജ്യങ്ങളും ചിത്രം പ്രദർശിപ്പിക്കാൻ തായ്യാറായില്ല," മജീദ് പറയുന്നു. 23-മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ജൂറി ചെയർമാനാണ് മജീദി. ഒപ്പം സമഗ്ര സംഭാവനയ്ക്കുള്ള അവാർഡും ഈ വർഷം അദ്ദേഹത്തിനാണ്.

  പുരസ്കാരവുമായി മജീദി മേളയുടെ ഉദ്ഘാടന വേളയിൽ


  എന്നും ഇന്ത്യൻ സിനിമയോട് സ്നേഹം ഉണ്ടായിരുന്ന മജീദി സത്യജിത് റേക്കൊപ്പം ചിത്രമെടുക്കണം എന്നാഗ്രഹിച്ച വ്യക്തിയാണ്. എന്നാൽ മറ്റൊരു ഇൻഡ്യാക്കാരനായ എ.ആർ. റഹ്‌മാനൊപ്പം കൂടാൻ സാധിച്ചു. ഊഷ്മളമായ ബന്ധമാണ് റഹ്‌മാനോട്. ഒരു ചിത്രം ഇവിടെ തന്നെ ചെയ്തു (ബിയോണ്ട് ദി ക്‌ളൗഡ്‌സ്). കടുത്ത സെൻസർഷിപ്പ് നിയമങ്ങൾ നിലവിലുള്ള ഇവിടെ മജീദി നേരിട്ട വെല്ലുവിളിയെന്തെന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് ലഭിച്ചത്. "ഇവിടെ അനുമതി ലഭിക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഞാൻ ഒരു തെരുവിൽ വച്ച് ചിത്രീകരിക്കണം എന്ന് തീരുമാനിച്ചതാണ്. അവിടെ വെളിച്ചക്കുറവുള്ളതു കാരണം മറ്റൊരിടത്തേക്ക് മാറാൻ തീരുമാനിച്ചു. പക്ഷെ അനുവാദം കിട്ടിയില്ല," മജീദി പറയുന്നു.

  പക്ഷെ കുട്ടികളുടെ ചിത്രങ്ങളെ മജീദി അപ്പാടെ മറന്നു പോയിട്ടൊന്നുമില്ല. ഏതാനും മാസങ്ങൾക്കുള്ളിൽ പുതിയ ചിത്രം ആരംഭിക്കും. കുട്ടികളും, യുവാക്കളുമാണ് പ്രതിപാദ്യം. ഇറാനിലാവും ചിത്രീകരണം. മാത്രമല്ല കുട്ടികൾക്കൊപ്പം ചിത്രീകരിക്കാൻ മജീദിക്കു തന്റേതായ രീതിയുണ്ട്. "അഭിനേതാക്കളെ കണ്ടെത്തിയാൽ ഞങ്ങൾ കുറച്ചു ദിവസം മാറി ക്യാമറയും മറ്റുമായി കുന്നിൻ മുകളിലോ മറ്റോ പോകും. ഞങ്ങൾ ഒരു കളിയിലാണെന്ന ഭാവമാണ്. ആ ദിവസങ്ങൾ കൊണ്ടവർ ക്യാമറ പരിചയപ്പെടും. ശേഷം ഷൂട്ടിംഗ് ആരംഭിക്കും," മജീദി പറയുന്നു.

  ചിൽഡ്രൻ ഓഫ് ഹെവൻ ചിത്രത്തിൽ നിന്നും


  മജീദിയെ ലോകർക്ക് പരിചിതനാക്കിയ ചിൽഡ്രൻ ഓഫ് ഹെവൻ അത്തരത്തിൽ സൃഷ്ടിക്കപ്പെട്ടതാണ്. വാക്കുകളേക്കാൾ ബിംബങ്ങൾ സംസാരിക്കുന്ന ചിത്രം. എന്നാൽ ആ ലോക വിജയ ചിത്രം നിർമ്മിക്കാൻ താൻ കടന്നു പോയതു കയ്‌പ്പേറിയ അനുഭവങ്ങളിലൂടെയാണ്. "എന്റെ ആദ്യ ഫീച്ചർ ചിത്രം (ബാദുക്, 1992) ഒട്ടേറെ അവാർഡുകൾ നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് പിന്നീട് ചിത്രങ്ങൾ എടുത്തത്. ചിൽഡ്രൻ ഓഫ് ഹെവൻറെ കഥ കേട്ട ആരും അത് നിർമ്മിക്കാൻ താത്പര്യം കാട്ടിയില്ല. രണ്ടു വർഷം ഞാൻ കാത്തിരുന്നു. പത്തിലേറെ കമ്പനികൾ നിരസിച്ച ചിത്രം ഒടുവിൽ എന്റെ ഒരു സുഹൃത്തു നിർമ്മിക്കാമെന്നേറ്റു, പരിമിതമായ ബഡ്ജറ്റിലാണെന്നു മാത്രം. അത് നേടി തന്നതാകട്ടെ, 100നു പുറത്തു അവാർഡുകളും. ലോകത്തെ 30ൽ പരം ഭാഷകളിൽ ചിത്രം മൊഴിമാറ്റം ചെയ്യപ്പെട്ടു, പത്തിലേറെ രാജ്യങ്ങളിൽ ചിത്രം പാഠഭാഗമാണ്. കഷ്ടപ്പെട്ടാൽ വിജയമുണ്ടാവും. ഇപ്പോൾ നിർമ്മാണ കമ്പനികൾ എന്റെ പിറകെയാണ്. പക്ഷെ ഞാൻ സ്വീകരിച്ചില്ല."

  വർഷങ്ങൾക്കു ശേഷം ഇറാൻ ചലച്ചിത്ര നിർമ്മാണ മേഖല മാറിയിരിക്കുന്നു. "ഇപ്പോൾ 100ൽ പരം ചിത്രങ്ങൾ ഇറാനിൽ നിർമ്മിക്കപ്പെടുന്നുണ്ട്. 70 ശതമാനത്തിലേറെ നിർമ്മിക്കാൻ പ്രൈവറ്റ് കമ്പനികൾ മുന്നോട്ടു വന്നിട്ടുണ്ട്. ചലച്ചിത്ര മേളകൾ വേദിയൊരുക്കിയാൽ അവ ലോകത്തിന്റെ മുന്നിലെത്തും," മജീദി പ്രത്യാശിക്കുന്നു.

  First published: