ജയസൂര്യ, പ്രജേഷ് സെൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന 'വെള്ളം' റിലീസിന് തയ്യാറായി. ചിത്രത്തിന്റെ സെൻസറിങ്ങും പൂർത്തിയായിട്ടുണ്ട്. ക്ളീൻ U സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്.
സിനിമ വ്യവസായ രംഗത്തെ കോവിഡ് കാല പ്രതിസന്ധികളിൽ നിന്നും തിരികെ കൊണ്ട് വരാനായി ഏതു റിസ്ക്കും ഏറ്റെടുക്കാൻ തങ്ങൾ തയ്യാറാണെന്നും ആശങ്കകളില്ലാതെ ചിത്രം തീയറ്ററുകളിൽ എത്തിക്കാൻ ഒരുക്കമാണെന്നും നിർമാതക്കളിൽ ഒരാളായ ജോസ്കുട്ടി മഠത്തിൽ പറഞ്ഞു. തിയറ്ററുകളിൽ ഭയപ്പാടില്ലാതെ പ്രേക്ഷകർ എത്തുമെന്ന പ്രതീക്ഷയിലാണ്.
കണ്ണൂരിലെ മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് വെള്ളം പറയുന്നത്. പൂർണമായും സിങ്ക് സൗണ്ട് ആയി ചിത്രീകരിച്ച ചിത്രമാണ് ‘വെള്ളം’. ഫ്രണ്ട്‍ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ യദു കൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ജയസൂര്യയുടെ നായികമാരായി സംയുക്ത മേനോൻ, സ്നേഹ പാലിയേരി എന്നിവർ എത്തുന്നു. സിദ്ധിഖ്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, ജോണി ആന്റണി, ഇടവേള ബാബു, വെട്ടുകിളി പ്രകാശ്, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്കർ, ബേബി ശ്രീലക്ഷ്മി തുടങ്ങിയവർക്കൊപ്പം മുപ്പതോളം പുതുമുഖതാരങ്ങളും അണിനിരക്കുന്നു. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Jayasurya, Prajesh Sen, Vellam movie