ലൂസിഫറിലെ ക്രെഡിറ്റ് സ്ക്രോളും കണ്ടുകഴിഞ്ഞ് തിയേറ്ററിൽ നിന്നിറങ്ങിയവർക്ക് മാത്രമേ 'എമ്പുരാനെ...' ഗാനം കേട്ട് പരിചയമുണ്ടാവൂ. 13 വർഷങ്ങൾക്ക് ശേഷം ഉഷ ഉതുപ് മലയാള സിനിമയ്ക്കു വേണ്ടി ഒരിക്കൽ കൂടി പാടിയ ഗാനമാണിത്. ഗാനത്തിന്റെ ഉത്ഭവത്തെക്കുറിച്ച് വിശദമാക്കുന്ന മേക്കിങ് വീഡിയോ അണിയറയിൽ നിന്നും പുറത്തു വന്നിരിക്കുകയാണ്. മുരളി ഗോപിയുടെ വരികൾക്ക് ഈണമിട്ടത് ദീപക് ദേവ്.
വെറുതെ അങ്ങ് ക്രെഡിറ്റ് പറഞ്ഞു പോകണ്ട എന്ന തീരുമാനത്തിൽ സംവിധായകൻ പൃഥ്വിരാജ്, തിരക്കഥാകൃത്ത് മുരളി ഗോപി എന്നിവർ എത്തിയപ്പോൾ അവർക്കു മുൻപിൽ അധികം ദിവസങ്ങൾ ബാക്കി ഇല്ലായിരുന്നു. റീ റെക്കോർഡിങ്ങും കഴിഞ്ഞാണ് അവർ ഇങ്ങനെയൊരു ഗാനത്തെക്കുറിച്ച് ചിന്തിക്കുന്നത് പോലും. ചിത്രത്തിന്റെ കറുപ്പും വെളുപ്പും ഷെയ്‌ഡുകൾ പറഞ്ഞു വയ്ക്കാൻ ഒരു ഗാനം, അത് അത്യാവശ്യമായിരുന്നു. ഉടൻ തന്നെ ദീപക് ദേവ് ഒപ്പം ചേർന്നു. പക്ഷെ ടോംബോയിഷ് ശബ്ദം ആരുടേതാവണം എന്ന ചിന്തയിൽ ആയിരുന്നു പൃഥ്വിയും കൂട്ടരും. അതിന്റെ അവസാനം ഉഷ ദീദി എന്ന പേരിൽ ചെന്നവസാനിച്ചു.
വിളിച്ചപ്പോൾ ദീദി റെഡി. പക്ഷെ തിരക്കുകൾ കാരണം അത് സ്വന്തം സ്റ്റുഡിയോയിൽ നിന്നും റെക്കോർഡ് ചെയ്ത് അയച്ചു തരാം എന്നായി. പക്ഷെ കൂട്ടായ ശ്രമത്തിൽ പിറന്ന ഗാനം. അത് എല്ലാവരും ഒന്നിച്ചു തന്നെ റെക്കോർഡ് ചെയ്യണം എന്ന ആഗ്രഹം പൃഥ്വി പങ്ക് വച്ചു. ട്രാക്ക് കേട്ട ദീദി പിന്നെ അമാന്തിച്ചില്ല. എല്ലാവരും ചേർന്ന് 'എമ്പുരാനെ...' റെക്കോർഡ് ചെയ്‌തു.
മേക്കിങ് വിഡിയോയിൽ സംവിധായകൻ പൃഥ്വിയും, തിരക്കഥാകൃത്തും ഗാനരചയിതാവുമായ മുരളി ഗോപിയും സംഗീത സംവിധായകൻ ദീപക് ദേവും ഈ ഗാനത്തിലൂടെയുണ്ടായ തങ്ങളുടെ അനുഭവം പങ്ക് വയ്ക്കുന്നുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.