• News
 • World Cup 2019
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

തിയറ്ററിലെത്തിയത് 86 ചിത്രങ്ങൾ, വിജയിച്ചത് 17 എണ്ണം

News18 Malayalam
Updated: July 1, 2018, 10:03 PM IST
തിയറ്ററിലെത്തിയത് 86 ചിത്രങ്ങൾ, വിജയിച്ചത് 17 എണ്ണം
Aadhi Film/Facebook
News18 Malayalam
Updated: July 1, 2018, 10:03 PM IST
#മനു വർഗീസ്

പ്രതിക്ഷകളുടെ അമിതഭാരവുമായാണ് ഓരോ വർഷത്തേയും മലയാള സിനിമ വരവേൽക്കുന്നത്. ആ പതിവ് ശൈലി 2018ലും തെറ്റിയില്ല. സിനിമകളുടെ കുത്തൊഴുക്ക് നടന്ന 2017ൽ നിന്ന് 2018 എത്തിയപ്പോൾ അണിയറക്കാരും പ്രേക്ഷകരും അമിതപ്രതീക്ഷ വെച്ചുപുലർത്തി. എന്നാൽ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ മാസങ്ങളാണ് 2018ലെ സിനിമയുടെ അർദ്ധവാർഷിക കണക്കെടുക്കുമ്പോൾ കടന്നുപോകുന്നത്. അവിടെ കൈയടി നേടുന്ന നവാഗത കൂട്ടവും കാലിടറിയ സൂപ്പർ താരങ്ങളെയും കെട്ടുകാഴ്ചകളോ ബഹളങ്ങളോ ഇല്ലാതെ റിയലിസത്തിന്‍റെ പകർത്തിയെഴുത്തായെത്തിയ മനോഹരചിത്രങ്ങളും പ്രേക്ഷകർ കണ്ടു. 86 ചിത്രങ്ങളാണ് ജൂൺമാസം വരെ തിയറ്ററിലെത്തിയത്.

കുഞ്ചാക്കോ ബോബൻ ചിത്രം ദിവാൻജിമൂല ഗ്രാൻഡ് പിക്സായിരുന്നു 2018നെ വരവേറ്റ ആദ്യ മലയാളചിത്രം. അനിൽ രാധാകൃഷ്ണ മേനോന്‍ ഒരുക്കിയ ചിത്രം വ്യത്യസ്തമായ ടൈറ്റിൽ കൊണ്ട് ആദ്യം തന്നെ പ്രേക്ഷകമനസില്‍ ഇടം നേടുന്ന സംവിധായകന്‍റെ പതിവുശൈലിക്കപ്പുറം കാഴ്ച്ചക്കാരനെ ത്യപ്തിപ്പെടുത്തിയില്ല. പിന്നാലെയെത്തിയ ബി അജിത്ത് കുമാർ ചിത്രം 'ഈട', നായകൻ ഷെയിന്‍ നിഗത്തിന്‍റെ പ്രകടനം കൊണ്ട് ശ്രദ്ധേയമായി. സലീംകുമാർ - ജയറാം കൂട്ടുകെട്ടിലെത്തിയ 'ദൈവമേ കൈതൊഴം കെ. കുമാറകണം', വിപ്ലവവും പ്രണയവും കോര്‍ത്തിണക്കിയ 'സഖാവിന്റെ പ്രിയസഖി', തുടങ്ങിയ ചിത്രങ്ങൾ തിയറ്ററിൽ വന്നു പോയതും പെട്ടന്നായിരുന്നു. കുഞ്ചാക്കോ ബോബന്‍റെ 'ശിക്കാരി ശംഭു' കാര്യമായ ചലനമുണ്ടാക്കിയില്ലെങ്കിലും കുറച്ചു നാൾ പിടിച്ചുനിന്നു. 15 ചിത്രങ്ങൾ തിയറ്ററിലെത്തിയ ജനുവരിയിൽ ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞത് ഫഹദ് ഫാസില്‍ ചിത്രം 'കാർബണി'നും പ്രണവ് മോഹൻലാലിന്റെ അരങ്ങേറ്റചിത്രം 'ആദി'ക്കും നവാഗതനായ ഡിജോ ജോസ് ആന്‍റണി ഒരുക്കിയ 'ക്വീനു'മാണ്.

തിളക്കമാർന്ന ചിത്രങ്ങൾ

റിയാലിറ്റിയും ഫാന്‍റസിയും ഇടകലര്‍ന്ന രീതിയിലുള്ള ആഖ്യാനം കൊണ്ടും ഫഹദിന്‍റെ തനത് ശൈലി കൊണ്ടും കാർബണിന്‍റെ മൂല്യം പ്രേക്ഷകർക്കിടയിൽ വർദ്ധിച്ചു. വേണുവെന്ന പ്രതിഭാശാലിയുടെ കൈയൊപ്പും എടുത്തുപറയണം. കോളജ് പശ്ചാത്തലത്തിലൊരുക്കിയ ക്വീൻ നവാഗതരുടെതെന്ന് മാത്രം പറയാന്‍ പറ്റുന്ന ചിത്രമായിരുന്നു. സിനിമയിലെ അണിയറയിലെല്ലാം നവാഗതരാണന്നുള്ളതും ശ്രദ്ധേയം. താരപുത്രന്‍റെ അരങ്ങേറ്റത്തിനും 2018 സാക്ഷ്യം വഹിച്ചു. മോഹൻലാലിന്‍റെ മകൻ പ്രണവ് നായകനായി എത്തിയ ആദി ബോക്സ് ഓഫീസിൽ വിജയം നേടി. മലയാളസിനിമയ്ക്ക് അത്ര പരിചിതമല്ലാത്ത ആക്ഷന്‍രംഗങ്ങള്‍ കൊണ്ട് ചിത്രം പ്രേക്ഷകമനസിലും ഇടം നേടി.
റിപ്പബ്ലിക് ദിനത്തില്‍ റിലീസിനെത്തിയ 'സ്ട്രീറ്റ് ലൈറ്റ്‌'സായിരുന്നു ഈ വർഷത്തെ ആദ്യ മമ്മൂട്ടിചിത്രം. ആക്ഷന്‍ ത്രില്ലറായെത്തിയ ചിത്രം ബോക്സ് ഓഫീസിൽ തകർന്നടിയുന്നതാണ് ജനുവരിയിൽ കണ്ടത്. ക്യാപ്റ്റന്‍, ഹേയ് ജൂഡ്, ആമി തുടങ്ങിയ ചിത്രങ്ങളാണ് ഫെബ്രുവരിമാസത്തിലെ ശ്രദ്ധേയചിത്രങ്ങൾ. ഫുട്‌ബോള്‍ താരമായിരുന്ന വിപി സത്യന്‍റെ ജീവിതകഥ ആസ്പദമാക്കിയ 'ക്യാപ്റ്റൻ' ജയസൂര്യ എന്ന നടനെ അടയാളപ്പെടുത്തിയ ചിത്രമായിരുന്നു, പയറ്റിതെളിഞ്ഞ കലാകാരന്‍റെ കൈയൊതുക്കം ഓരോ ഫ്രെയിമിലും മാറിമറിയുന്നതിന് പ്രേക്ഷകൻ സാക്ഷ്യം വഹിച്ചു. നിവിന്‍ പോളിയുടെ കരിയറിലെ ഫീല്‍ ഗുഡ് സിനിമ എന്ന വിലയിരുത്തലുമായി എത്തിയ ചിത്രമാണ് 'ഹേയ് ജൂഡ്', ശ്യാമപ്രസാദ് സംവിധാനം ചെയ്ത ചിത്രത്തിലൂടെ തമിഴ് നടി തൃഷ മലയാളത്തിൽ അരങ്ങേറി. മാധവിക്കുട്ടിയുടെ ജീവിതകഥ ആസ്പദമാക്കി കമൽ ഒരുക്കിയ 'ആമി' ബയോപിക്ക് വിഭാഗത്തിൽപ്പെടുന്ന ചിത്രമായിരുന്നു. മാധവിക്കുട്ടിയുടെ ജീവിതകഥയായതിനാൽ തന്നെ സിനിമ വിവാദത്തിന്റെ കാര്യത്തിൽ മുന്നിലായിരുന്നു.

നഷ്ടക്കണക്കുകൾ
Loading...

അങ്കരാജ്യത്തെ ജിമ്മന്മാര്‍, ബിജു മേനോന്‍റെ റോസാപ്പൂ, നജീം കോയ സംവിധാനം ചെയ്ത കളി, മുകേഷിന്‍റെ മകൻ ശ്രാവണ്‍ മുകേഷ് നായകനായി അരങ്ങേറ്റം കുറിച്ച കല്യാണം, ഭഗത് മാനുവലിന്‍റെ സുഖമാണോ ദാവിദേ തുടങ്ങിയ ചിത്രങ്ങൾ ഫെബ്രുവരിയുടെ നഷ്ടക്കണക്കുകളായി മാറി. ദളിത് മനുഷ്യരുടെ അതിജീവനത്തിന്റെ കഥയെ ആസ്പമാക്കിയ 'ബോണ്‍സായും' കുടിവെള്ളക്ഷാമം പ്രമേയമാക്കി ഒരുക്കിയ 'കിണറും' കഥാമൂല്യംകൊണ്ട് ഫെബ്രുവരിയിൽ വേറിട്ടുനിന്നു.

17 ചിത്രങ്ങൾ തിയറ്ററിലെത്തിയ മാർച്ച് മാസത്തിൽ വിജയം കൊയ്തത് അഞ്ചെണ്ണം മാത്രം. അതിൽ കാത്തിരിപ്പിന്‍റെ പൂമരം കൊണ്ട് ട്രോളൻമാർക്കിടയിൽ സജീവമായ കാളിദാസ് ജയറാം-എബ്രിഡ് ഷൈൻ കൂട്ടുകെട്ടിൽ പിറന്ന 'പൂമരം' കലാലയ ഓർമ്മകളുടെ ഇടനാഴിയിലേക്കു പ്രേക്ഷകരെ കൊണ്ടുപോയി. ഉണ്ണിമുകുന്ദനും ഗോകുൽ സുരേഷും പ്രധാനവേഷത്തിലെത്തിയ 'ഇര' മികച്ച ക്രൈം ത്രില്ലർ എന്ന നിലയിൽ പ്രേക്ഷകർ ഏറ്റെടുത്തു. മികച്ച ഇനീഷ്യൽ കളക്ഷൻ നേടാനും ചിത്രത്തിനായി. സൗബിൻ എന്ന താരത്തിന്‍റെ അഭിനയമികവും നൈജീരിയൻ താരം സാമുവൽ റോബിൻസണിന്‍റെ അരങ്ങേറ്റവും മലപ്പുറത്തെ ഫുട്ബോൾ സ്നേഹവും കഥാവിഷയമായ 'സുഡാനി ഫ്രം നൈജീരിയ'യെ ഈ വർഷത്തെ ഏറ്റവും വലിയ വിജയചിത്രമാക്കി മാറ്റി. കുഞ്ചാക്കോ ബോബന്‍റെ 'കുട്ടനാടൻ മാർപാപ്പ' മാർച്ചിൽ ബോക്സ് ഓഫീസ് കൈയടക്കി. അങ്കമാലി ഡയറീസിലൂടെ താരമായ ആന്‍റണി വർഗീസിനെ മുഖ്യകഥാപാത്രമാക്കി നവാഗതനായ ടിനു പാപ്പച്ചൻ ഒരുക്കിയ 'സ്വാതന്ത്ര്യം അർദ്ധരാത്രി' മാർച്ച് മാസത്തിൽ ബോക്സ് ഓഫീസിലെ ഏറ്റവും വലിയ വിജയമായി. മലയാളത്തിലെ ആദ്യ മുഴുനീള ജയിൽ ബ്രേക്ക് മൂവിയായ ചിത്രം നായകന്‍റെയും കൂട്ടാളികളുടെയും സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയാണ് പ്രേക്ഷകരിലെത്തിച്ചത്. ചടുലതയാർന്ന ദ്യശ്യമികവും ആവിഷ്കാരത്തിലെ പുതുശൈലികൊണ്ടും ടിനു പാപ്പച്ചൻ എന്ന നവാഗതസംവിധായകൻ മലയാള സിനമയിലേക്കുള്ള അരങ്ങേറ്റം മികവുറ്റതാക്കി.

അവധിക്കാലചിത്രങ്ങൾ

അവധിക്കാല സിനിമാ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ ഏപ്രിൽ - മെയ് മാസത്തിൽ തിയറ്റർ നിറയെ ചിത്രങ്ങളാണ് എത്തിയത്. അഭിനയത്തികവു കൊണ്ട് ഇന്ദ്രന്‍സ് അവിസ്മരണീയമാക്കിയ 'ആളൊരുക്ക'മായിരുന്നു ഏപ്രിൽ മാസത്തെ ആദ്യറിലീസ്. കാലികപ്രസക്തവും തീക്ഷ്ണവുമായ പ്രമേയം കൈകാര്യം ചെയ്ത ചിത്രം സംസ്ഥാന - ദേശിയ ചലിച്ചിത്ര അവാര്‍ഡുകൾ വാരിക്കൂട്ടി. പ്രതീക്ഷയോടെയെത്തിയ മമ്മുട്ടി ചിത്രം പരോൾ പെട്ടെന്ന് വന്നുപോയി. ജയറാമിന്‍റേതായി ഈ വർഷം ആദ്യമെത്തിയ 'പഞ്ചവർണ്ണതത്ത' തുടർപരാജയങ്ങളിൽ നിന്നുള്ള വിജയമായി ജയറാമിന്. രമേശ് പിഷാരടി സംവിധാനം ചെയ്ത ചിത്രം കുടുംബപ്രേക്ഷകരും കുട്ടികളും ഏറ്റെടുത്തു.

രാമലീലയ്ക്കു ശേഷം ദിലീപിന്‍റേതായി തിയറ്ററിലെത്തിയ 'കമ്മാരസംഭവ'മായിരുന്നു എപ്രിൽമാസത്തെ വമ്പൻ റിലീസിലൊന്ന്. രതീഷ് അമ്പാട്ട് ഒരുക്കിയ ചിത്രം ദ്യശവിസ്മയമാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. നാല് വിത്യസ്ത ഗെറ്റപ്പിലെത്തിയ ദിലീപിന്‍റെ അഭിനയവും പ്രേക്ഷകപ്രശംസ പിടിച്ചുപറ്റി. കടുത്ത മോഹൻലാൽ ആരാധികയുടെ കഥ പറഞ്ഞ മഞ്ജുവാര്യർ ചിത്രം 'മോഹൻലാലും' ഏപ്രിൽ മാസത്തെ വിജയചിത്രമായി. വിനീത് ശ്രീനിവാസൻ‌ ചിത്രം 'അരവിന്ദന്‍റെ അതിഥികൾ' നന്മയുള്ള കുടുംബചിത്രം എന്ന പേരിൽ ഇരുകൈയും നീട്ടി പ്രേക്ഷകർ സ്വീകരിച്ചു. അൽഫോൻസ് പുത്രൻ ഒരുക്കിയ 'തൊബാമ്മ', 'സുവർണ്ണപുരുഷൻ', ബിജുമേനോൻ ചിത്രം 'ഒരായിരം കിനാക്കൾ' തുടങ്ങിയവ ഏപ്രിൽമാസത്തെ നഷ്ടകണക്കായി.

കൈയടി നേടി ഈ.മ.യൗ

ജോയ് മാത്യുവിന്‍റെ തിരക്കഥയിൽ ഗിരീഷ് ദാമോദർ ഒരുക്കിയ മമ്മുട്ടി ചിത്രം അങ്കിളായിരുന്നു മെയ് ആദ്യവാരം തിയറ്ററിലെത്തിയത്. കുടുംബപശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം മലയാളിയുടെ കപടസദാചാര ബോധങ്ങൾക്ക് നേരെ കണ്ണുതുറന്നതായിരുന്നു. പിന്നീട് എത്തിയ ഈ മ യൗ ആരാധകർ ഏറെ കാത്തിരുന്ന ഒരു ലിജോ ജോസ് ചിത്രമായിരുന്നു. മാജിക്കൽ റിയലിസം പരീക്ഷിച്ച് ആമേൻ എന്ന മലയാളത്തിന്‍റെ അഭിമാന സിനിമകളിലൊന്ന് സംഭവിക്കാൻ നിമിത്തമായ സംവിധായകൻ അങ്കമാലി ഡയറീസിൽ റിയലിസത്തിന്റെ കട്ട ലോക്കൽ പരീക്ഷണവും നടത്തി അത്ഭുതപ്പെടുത്തി. അടുത്തതെന്ത് എന്നു കാത്തിരുന്ന കാണികളിലേക്ക് മറ്റൊരു അത്ഭുതമാണ് ഈ.മ.യൗവിൽ ലിജോ ജോസ് സമ്മാനിച്ചത്. പിന്നാലെയെത്തിയ 'ആഭാസ'വും 'കാമുകി'യും 'നാ'മും പേലുള്ള ചിത്രങ്ങൾക്ക് പ്രേക്ഷകരെ ത്യപ്തിപ്പെടുത്താനായില്ല. വന്നതും പോയതും വളരെ പെട്ടെന്നായിരുന്നു. 'കുട്ടൻ പിള്ളയുടെ ശിവരാത്രി'യായിരുന്നു മെയ് മാസത്തെ മറ്റൊരു വിജയചിത്രം. ജീൻ മാർക്കോസ് സംവിധാനത്തിൽ സുരാജ് വെഞ്ഞാറമൂട്, ബിജു സോപാനം, മിഥുൻ എന്നിവർ കേന്ദ്രകഥാപത്രങ്ങളായി എത്തിയ ചിത്രം ആക്ഷേപഹാസ്യത്തിന്‍റെ മേമ്പൊടിയിൽ പ്രേക്ഷകർ സ്വീകരിച്ചു.

ജയസൂര്യയുടെ മേരികുട്ടി

12 ചിത്രങ്ങൾ തിയറ്ററിലെത്തിയ ജൂൺ മാസത്തിൽ കനത്ത മഴയും ഫുട്ബോൾ ആവേശവും സിനിമയെ സാരമായി ബാധിച്ചുവെന്നു തന്നെ പറയാം. ജയസൂര്യ ചിത്രം 'ഞാൻ മേരിക്കുട്ടി'യും മമ്മുട്ടിയുടെ 'അബ്രഹാമിന്‍റെ സന്തതി'കളും മാത്രമാണ് ജൂണിന്‍റെ വിജയചിത്രമായത്. തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ സമൂഹത്തിൽ നിന്ന് മാറ്റി നിറുത്തപ്പെടുന്ന ട്രാന്‍സ്ജന്‍ഡറിന്‍റെ കഥ പറഞ്ഞ ഞാൻ മേരിക്കുട്ടി ജയസൂര്യയെന്ന താരത്തിന്‍റെ അഭിനയമികവും കഥാപാത്രവേഷപകർച്ച കൊണ്ടും കൈയടി നേടി. ഇത്തരത്തിലുള്ള വിഷയം കൈയടക്കത്തോടെ ഒരുക്കിയ സംവിധായകൻ രഞ്ജിത്ത് ശങ്കറും മികവിന്‍റെ പ്രശംസ ഏറ്റുവാങ്ങുന്നു. ഇരുപതു കൊല്ലത്തിലേറെയായി മലയാളത്തിലെ മുന്നണി സംവിധായകർക്കൊപ്പം അസിസ്റ്റന്‍റായും അസോസിയേറ്റായും പ്രവർത്തിക്കുന്ന ഷാജി പാടൂർ മമ്മുട്ടിയെ നായകനാക്കി ഒരുക്കിയ അബ്രഹാമിന്‍റെ സന്തതികൾ മമ്മൂട്ടിയിലെ നടനെ പരിഗണിക്കുന്ന ത്രില്ലര്‍ ചിത്രമാണ്. മികച്ച ഇനീഷ്യൽ കളക്ഷൻ സ്വന്തമാക്കാനും ചിത്രത്തിനായി.

 

 

 

 

 
First published: July 1, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...