കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ക്ഡൗണിന് ശേഷം ഒരു മലയാള സിനിമപോലും തിയേറ്ററിൽ പ്രദർശനത്തിനെത്തിയിരുന്നില്ല. ഡിജിറ്റൽ റിലീസിന് പ്രാധാന്യമേറുന്നതും ഈ കാലയളവിലാണ്. എന്നാൽ നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഒരു മലയാള ചിത്രം തിയേറ്റർ റിലീസിന് തായാറെടുക്കുന്നു.
രജിഷ വിജയൻ, ഷൈൻ ടോം ചാക്കോ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം
'ലവ്' ആണ് തിയേറ്ററുകളിലെത്തുക. ഒക്ടോബർ 15നാണ് റിലീസ്. ഈ ചിത്രം ലോക്ക്ഡൗണിന് ശേഷം ചിത്രീകരണം ആരംഭിച്ച് പൂർത്തിയാക്കി എന്ന പ്രത്യേകതയുമുണ്ട്. ജൂൺ 22ന് ആരംഭിച്ച ചിത്രം ജൂലൈ 15നാണ് പൂർത്തിയാക്കിയത്. യു.എ.ഇ., ജി.സി.സി. രാജ്യങ്ങളിലാണ് ചിത്രം പ്രദർശനത്തിനെത്തുക.
ഒക്ടോബർ 15ന് രാജ്യത്ത് തിയേറ്ററുകൾ തുറക്കാൻ അനുമതിയുണ്ടെങ്കിലും കോവിഡ് കേസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളവും തമിഴ്നാടും അതേദിവസം തിയേറ്ററുകൾ തുറക്കേണ്ട എന്ന തീരുമാനത്തിലാണ്. ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട സിനിമകളിൽ തന്നെ ലോക്ക്ഡൗണിന് ശേഷം ആദ്യമായിട്ടാണ് ഒരു ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യുന്നത്.
ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ, വീണ നന്ദകുമാർ, സുധി കോപ്പ, ഗോകുലൻ, ജോണി ആന്റണി എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കും.
ബ്ലാക്ക് ഹ്യൂമർ അടിസ്ഥാനപ്പെടുത്തിയുള്ള പ്രമേയമാണ് ഈ ചിത്രത്തിനുള്ളത്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ആഷിഖ് ഉസ്മാനാണ്. കഴിഞ്ഞ ദിവസം ചിത്രം റിലീസ് ചെയ്യുന്ന വിവരം അണിയറപ്രവർത്തകർ പുറത്തു വിടുകയായിരുന്നു. ക്യാമറ ജിംഷി ഖാലിദ്. എക്സൻ ഗാരി പെരേരയും നേഹ എസ്.നായരുമാണ് സംഗീത സംവിധാനം.
സമാന രീതിയിൽ ലോക്ക്ഡൗണിന് ശേഷം ആരംഭിച്ച് പൂർത്തിയാക്കിയ ഫഹദ് ഫാസിൽ ചിത്രം 'സീ യു സൂൺ' ഡിജിറ്റൽ റിലീസിനെത്തിയിരുന്നു.
മലയാള സിനിമയിൽ ഇതിനോടകം നാലു താര ചിത്രങ്ങൾ ഡിജിറ്റൽ/ ടെലിവിഷൻ റിലീസിനെത്തിക്കഴിഞ്ഞു. ജയസൂര്യ ചിത്രം 'സൂഫിയും സുജാതയുമായിരുന്നു' തുടക്കം. അതിനു ശേഷം ദുൽഖർ സൽമാൻ നിർമ്മാതാവായ 'മണിയറയിലെ അശോകൻ', 'സീ യു സൂൺ' തുടങ്ങിയ ചിത്രങ്ങളാണ് ആമസോൺ പ്രൈമിലും നെറ്ഫ്ലിക്സിലുമായി പ്രദർശനത്തിനെത്തിയത്. കൂട്ടത്തിൽ ടൊവിനോ തോമസ് നായകനും നിർമ്മാതാവുമായ 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്' മലയാള സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായി ടി.വി.യിൽ റിലീസ് ചെയ്ത ചിത്രമാണ്. ഓണം റിലീസായാണ് ചിത്രം ഏഷ്യാനെറ്റിൽ പ്രദർശനത്തിനെത്തിയത്. അടുത്തതായി
'ഹലാൽ ലവ് സ്റ്റോറി' ആമസോൺ പ്രൈമിൽ ഒക്ടോബർ 15ന് റിലീസ് ചെയ്യും.
കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ബിഗ് ബജറ്റ് ചിത്രങ്ങളുൾപ്പെടെ പ്രദർശനത്തിനെത്തിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ പ്രദർശിപ്പിക്കാൻ ഉടമ്പടിയിലേർപ്പെട്ട ചിത്രങ്ങൾ തിയേറ്ററുകൾ തുറക്കാനും സജീവ റിലീസ് നടക്കാനുമുള്ള കാത്തിരിപ്പിലാണ്. മോഹൻലാൽ ചിത്രം 'മരയ്ക്കാർ- അറബിക്കടലിന്റെ സിംഹം', മമ്മൂട്ടിയുടെ 'വൺ' എന്നിവയാണ് അക്കൂട്ടത്തിലെ പ്രമുഖ ചിത്രങ്ങൾ. വൻകിട പ്രോജക്ടുകൾ ആരംഭിക്കാൻപോലുമാവാത്ത സ്ഥിതിയിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.