ചന്തു ചതിയനല്ല എന്ന് പ്രേക്ഷകരോട് വിളിച്ചു പറഞ്ഞ, മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായ, 'ഒരു വടക്കൻ വീരഗാഥ' ഇനി വിരൽത്തുമ്പിൽ. യൂട്യൂബ് ചാനലായ എസ്ക്യൂബ് ഫിലിംസിൽ (Scube films) ചിത്രം പ്രദർശനത്തിലുണ്ട്. സിനിമയുടെ നിർമ്മാതാവ് പി.വി. ഗംഗാധരന്റെ മക്കളും 'ഉയരെ' സിനിമയുടെ നിർമ്മാതാക്കളുമായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവരുടെ നിർമ്മാണ കമ്പനിയുടെ പേരിലുള്ള യൂട്യൂബ് ചാനലാണിത്.
1989 ഏപ്രിൽ 14നാണ് ഹരിഹരൻ സംവിധാനം ചെയ്ത ചിത്രം പുറത്തു വന്നത്. എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ പിറന്ന ചിത്രത്തിന് വടക്കൻ വീരകഥകളിലെ ചന്തുവിന് ചതിയൻ എന്നല്ലാതെ മറ്റൊരു മാനം നൽകാൻ സാധിച്ചു.
ബാലൻ കെ. നായർ, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റൻ രാജു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം 1989ലെ നാലു ദേശീയ പുരസ്കാരങ്ങൾ നേടിയിരുന്നു. മികച്ച നടൻ (മമ്മൂട്ടി), മികച്ച തിരക്കഥ (എം.ടി. വാസുദേവൻ നായർ), മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച വസ്ത്രാലങ്കാരം (പി.കൃഷ്ണമൂർത്തി) എന്നിങ്ങനെയായിരുന്നു അവാർഡുകൾ. ഇതിനു പുറമെ ഏഴു സംസ്ഥാന പുരസ്കാരങ്ങളും ഈ ചിത്രം വാരിക്കൂട്ടി.
എസ്ക്യൂബ് ഫിലിംസ് ചാനലിൽ മറ്റു രണ്ട് മലയാള ചിത്രങ്ങൾ കൂടി കാണാൻ സാധിക്കും. ഷാജി കൈലാസ്-രൺജി പണിക്കർ-സുരേഷ് ഗോപി കൂട്ടുകെട്ടിൽ പിറന്ന 1993ലെ 'ഏകലവ്യൻ', 2000 ത്തിൽ റിലീസ് ചെയ്ത സത്യൻ അന്തിക്കാട്-ജയറാം ചിത്രം 'കൊച്ചു കൊച്ചു സന്തോഷങ്ങൾ' എന്നിവയാണ് ആ സിനിമകൾ. രണ്ടു ചിത്രങ്ങളും പി.വി. ഗംഗാധരന്റെ നിർമ്മാണ കമ്പനിയുടേതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.