മെയ് അവസാന വാരം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുമ്പോൾ മലയാളത്തിന് ആഘോഷിക്കാൻ വകയുണ്ടാവുമോ? പ്രതീക്ഷ മുഴുവൻ അമുതവന്റെ മേലാണ്. അതെ, മമ്മൂട്ടി. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിലെ മികച്ച നടനുള്ള നോമിനേഷനിൽ മമ്മൂട്ടി ഉണ്ട്. 12 വർഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി തമിഴിൽ മടങ്ങിയെത്തിയ പേരൻപിലെ പ്രശംസ നേടിയ കഥാപാത്രമാണ് അമുതവൻ. ആ പ്രതീക്ഷ സാക്ഷാത്ക്കരിക്കും എങ്കിൽ നാലാമത് തവണയാവും മമ്മൂട്ടി മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടുക. മതിലുകള്‍, ഒരു വടക്കൻ വീരഗാഥ (1989), പൊന്തൻമാട, വിധേയൻ (1993), ഡോ. ബാബസഹേബ് അംബേദ്‌കർ (1999) എന്നീ ചിത്രങ്ങൾക്കാണ് ഇതിനു മുൻപ് മമ്മൂട്ടി ദേശീയ പുരസ്‌കാര ജേതാവായത്.
തങ്കമീൻകൾ, തരമണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റാം സംവിധാനം ചെയ്ത ചിത്രമാണ് പേരന്പ്. സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു പെൺകുട്ടിയുടെ അവസ്ഥയും അവളുടെ പിതാവിന്റെ വൈകാരിക നിമിഷങ്ങളുമാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. സാധനയാണ് ചിത്രത്തിൽ അമുതവന്റെ മകളായി പ്രത്യക്ഷപ്പെടുന്നത്. പി.എൽ. തേനപ്പൻ നിർമ്മിച്ച ചിത്രത്തിൽ സമുദ്രക്കനി,അഞ്ജലി അമീർ തുടങ്ങിയവരും വേഷമിടുന്നു. യുവൻശങ്കർ രാജയാണ് സംഗീത സംവിധാനം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.