‘ക്രിസ്റ്റഫർ’ (Christopher movie) സിനിമയ്ക്ക് നൽകിയ സ്വീകാര്യതയ്ക്ക് നന്ദി അർപ്പിച്ച് മമ്മൂട്ടി (Mammootty). ഫേസ്ബുക്ക് കുറിപ്പിലാണ് (Facebook note) മമ്മൂട്ടി തന്റെ വാക്കുകൾ കുറിച്ചത്. ‘ക്രിസ്റ്റഫർ ചിത്രത്തിന് ലഭിച്ച എല്ലാ അംഗീകാരങ്ങൾക്കും നന്ദി. കാലിക പ്രസക്തിയുള്ള ഈ കഥയും അതിലെ നായകന്റെ ഒറ്റയാൾ പോരാട്ടങ്ങളും നിങ്ങൾ മനസ്സിലാക്കിയതിൽ സന്തോഷം.’ മമ്മൂട്ടി കുറിച്ചു.
ബലാത്സംഗ കേസിലെ പ്രതികളെ നിഷ്ക്കരുണം നിറയൊഴിക്കുന്ന ക്രിസ്റ്റഫർ ഐ.പി.എസ്. എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി അഭിനയിച്ചത്. തെലങ്കാനയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വി.സി. സജ്ജനാറിന്റെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട കഥാപാത്രമാണിത്.
ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഉദയകൃഷ്ണയാണ്.
വിനയ് റായിയും ശരത് കുമാറും മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിനയ് റായിയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് ക്രിസ്റ്റഫർ. സ്നേഹയും അമല പോളും, ഐശ്വര്യ ലക്ഷ്മിയുമാണ് ഈ ചിത്രത്തിൽ നായികമാരായി എത്തുന്നത്. അമലാ പോളും ഐശ്വര്യ ലക്ഷ്മിയും മമ്മൂട്ടിക്കൊപ്പം ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ‘ക്രിസ്റ്റഫർ’.
ചിത്രത്തിൽ വിനയ് റായ് ആണ് വില്ലൻ കഥാപാത്രമായി എത്തിയിരിക്കുന്നത്. സീതാറാം ത്രിമൂർത്തി എന്നാണ് വിനയിയുടെ കഥാപാത്രത്തിന്റെ പേര്.
ആർ.ഡി. ഇല്യൂമിനേഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി, അമൽ രാജ് കലേഷ്, ദീപക് പരമ്പോൾ, ഷഹീൻ സിദീഖ് തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം വരുന്ന പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു. ഓപ്പറേഷൻ ജാവയിലൂടെ ശ്രദ്ധേയനായ ഫൈസ് സിദ്ദിഖ് ആണ് ക്യാമറ ചലിപ്പിക്കുന്നത്. സംഗീതം: ജസ്റ്റിൻ വർഗീസ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.