• HOME
 • »
 • NEWS
 • »
 • film
 • »
 • സിനിമ വീണ്ടും വിളിച്ചു, മണി വിളികേട്ടു

സിനിമ വീണ്ടും വിളിച്ചു, മണി വിളികേട്ടു

Udalazham

Udalazham

 • Share this:
  #മീര മനു

  തുടക്കത്തിലേ പറയാം. മണി അധികം സംസാരിക്കില്ല. ചോദ്യങ്ങൾക്കൊക്കെ, മണിക്ക് അറിയാവുന്ന രീതിയിൽ പക്ഷെ ഉത്തരം തരും. മണി ആരെന്നല്ലേ? നമ്മുക്കറിയാം ഈ യുവാവിനെ. ഈ മുഖത്ത് ഒന്ന് സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാവും. അന്ന് മണിയിത്ര വളർന്നിട്ടില്ല. ആദ്യ ചിത്രം തന്നെ മോഹൻലാലിനൊപ്പം. കാടിന്റെ തുടിപ്പും ചലനങ്ങളും അറിഞ്ഞ്, ഒരു കൊച്ചു പുൽച്ചാടിയെ പോലെ തുള്ളി നടന്ന ഫോട്ടോഗ്രാഫറിലെ കുട്ടി. മികച്ച ബാലതാരമായി മാറി മണിയുടെ താമി. 12 വർഷത്തെ ഇടവേളയ്ക്കു ശേഷം, വീണ്ടും അഭ്രപാളിയിലേക്ക് മണി തിരിച്ചെത്തിയിരിക്കുന്നു, ഉടലാഴത്തിലൂടെ. ഉടലിന്റെ ആഴവും വ്യാപ്തിയും നമ്മൾ പരിചയപ്പെട്ട അളവ് കോലുകൾ കൊണ്ടല്ലാതെ അളന്ന നവാഗത സംവിധായകൻ ഉണ്ണികൃഷ്ണൻ ആവളയുടെ ചിത്രം. അതിലെ നായകൻ, അങ്ങനെ വിളിക്കാമെന്ന് തോന്നുന്നു, ആണ് മണി.

  ഏതാണ്ട് ഒന്നര വർഷത്തോളമാവും മണി ഇതിനു മുൻപ് മാധ്യമങ്ങളെ കണ്ടിട്ട്. ഉടലാഴത്തിന്റെ പ്രഖ്യാപന വേളയിൽ തന്റെ മുഖത്തു ഇമചിമ്മാതെ തട്ടിയ ഫ്ലാഷ് ലൈറ്റുകൾക്ക് മുന്നിൽ, രണ്ടു കാതുകളിൽ കടുക്കനിട്ട്, നീളൻ മുടിയും നിഷ്കളങ്ക മുഖവുമായി അന്നയാൾ എല്ലാവരെയും നോക്കി ചിരിച്ചു. ഇന്നത്തെ ദിവസവും മണിക്ക് അത് പോലെ തന്നെ പ്രാധാന്യമേറിയതാണ്. വലിയ ഇടവേളയ്ക്കു ശേഷം മണി അഭിനയിച്ച ഉടലാഴം കേരളത്തിൽ പ്രദർശിപ്പിക്കപ്പെട്ട ആദ്യ ദിനം. കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ 'മലയാള സിനിമ ഇന്ന് വിഭാഗത്തിലെ' ചിത്രം. ഇതിനു മുൻപ് ചിത്രം മുംബൈ രാജ്യാന്തര മേളയിൽ എത്തിയപ്പോൾ പക്ഷെ മണി ഒപ്പമുണ്ടായിരുന്നില്ല. ആരാധകരുടെയും, മാധ്യമങ്ങളുടെയും തിരതള്ളൽ മണിയെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. എന്നാലും ഒരു ചലച്ചിത്ര നടന്റെ ഭാരങ്ങളൊന്നും പേറാതെയുള്ള നിൽപ്പാണ് മണിയിപ്പോഴും.  "എല്ലാം ഉണ്ണിയേട്ടൻ പറഞ്ഞ പോലെ ചെയ്തു. ലേഡീസിനെ പോലെ നടക്കണം, സംസാരിക്കണം എന്നൊക്കെ പറഞ്ഞു. നടത്തവും, ശൈലിയുമെല്ലാം പഠിപ്പിച്ചത് അലിയേട്ടനാണ് (ഉടലാഴത്തിന്റെ സംഘാംഗം)," ഗുളികനെന്ന ട്രാൻസ്-സെക്ഷ്വൽ ആവാൻ മണിയുടെ തയ്യാറെടുപ്പാണ് ഇത്. അഭിനയ ലോകത്തില്ലാതിരുന്ന കാലം മണി വയനാട്ടിലെ തന്റെ ഗ്രാമത്തിലെ ലോകവുമായി ഇഴ ചേർന്ന് ജീവിക്കുകയായിരുന്നു. ഇതിനിടയിൽ വിവാഹിതനും രണ്ടു പെണ്മക്കളുടെ പിതാവുമായി. തൊഴിൽ കൂലിപ്പണി. ജീവിത മാർഗം നോക്കി കർണാടകത്തിലെത്തിയപ്പോഴാണ് ഗുളികനാവാനുള്ള വിളി വരുന്നത്. വീണ്ടും വെള്ളി വെളിച്ചത്തിലേക്ക്‌. കലാമൂല്യമുള്ള ചിത്രം നിർമ്മിക്കാൻ ഡോക്ടർസ് ഡൈലമ എന്ന സംഘം മുന്നോട്ടു വന്നു.

  "ഞാനില്ല" എന്നായിരുന്നു ആദ്യ പ്രതികരണം. പക്ഷെ സംവിധായകനുണ്ടോ വിടുന്നു. ദിവസങ്ങളോ മാസങ്ങളോ അല്ല. മൂന്നു വർഷം മണി ഗുളികനാവാനുള്ള തയ്യാറെടുപ്പിലായിരുന്നു. തിരിച്ചു വരാൻ പോലും കൂട്ടാക്കാതെ നിന്ന മണിയെ തിരിച്ചു കൊണ്ട് വന്നു. ശേഷം മൂന്നു മാസം സംവിധായകന്റെ കുടുംബത്തോടൊപ്പം. ജീവിച്ചിരുന്ന പാഠപുസ്തകം മണിക്ക് മുൻപിലുണ്ടായിരുന്നു. നിലമ്പൂർ വനത്തിൽ ജീവിച്ചിരുന്ന രാജു. പുരുഷ ശരീരത്തിലെ സ്ത്രൈണതയുമായി ജീവിവച്ചു ഒടുവിൽ മരണം വന്നു വിളിച്ചപ്പോൾ ഒപ്പം പോയ രാജു. എപ്പോഴെങ്കിലും പരിചയപ്പെട്ടിട്ടുണ്ടായിരുന്നോ ആ നായകനെ. "കേട്ടിട്ടുണ്ട്. പക്ഷെ ഒരിക്കലും കണ്ടിട്ടില്ല."  ഒതുങ്ങിയ ജീവിതമായിരുന്നെങ്കിലും, ഈ ജീവിത രീതികളിലെ വ്യക്തികളെ ടി.വിയിലും മറ്റും കണ്ടു പരിചയമുണ്ട്. പുരുഷ ശരീരത്തിൽ സംഭവിക്കുന്ന സ്ത്രൈണ വ്യതിയാനങ്ങളിൽപെട്ടുഴലുന്ന ഗുളികൻ. പിന്നെ മണിയുമായി സിനിമാ സംഘം ചെന്നൈ കൂവാഗത്തേക്ക്. ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റി ഒന്നിച്ചു കൂടുന്നിടത്തേക്കു മണി. "ഞാൻ ആദ്യമാണങ്ങോട്ടു പോകുന്നത്. അവരോടു സംസാരിച്ചു. അവരിങ്ങോട്ടൊന്നും അങ്ങനെ ചോദിച്ചില്ല. നമുക്കൊരു ഷോട്ട് കിട്ടിയാൽ മതി. അതിനു എന്താണ് വേണ്ടതെന്നു മനസ്സിലാക്കി. ഒരു ഉത്സവത്തിനായി അവിടെ ഒത്തു കൂടുന്നവരാണവർ. ഒരു ദിവസം പോയി, ഒരു കൂട്ടത്തിനോട് സംസാരിച്ചു. അവിടെ കണ്ട ആൾക്കാരുടെ രീതികൾ മനസ്സിലാക്കി," മണി പറയുന്നു.

  ഇനി എന്തെന്നോ, എപ്പോഴാണിനി വീണ്ടും സിനിമയിലേക്കെന്നോ മണിയോട് ചോദിച്ചാൽ ഉത്തരം കിട്ടാറായിട്ടില്ല. തല്ക്കാലം ഉടലാഴത്തിന്റെ ആഴങ്ങളിൽ ഒരു ഭാഗമായി ഇവിടെയൊക്കെ തന്നെ ഇങ്ങനെ.

  First published: