ജയസൂര്യയും (Jayasurya) മഞ്ജു വാര്യരും (Manju Warrier) ഒരുമിക്കുന്ന 'മേരി ആവാസ് സുനോ' (Meri Awas Suno) മെയ് 13ന് ലോകമെമ്പാടുമുള്ള തിയെറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചും ഓഡിയോ ലോഞ്ചും കൊച്ചിയിൽ നടന്നു. ഫീൽ ഗുഡ് മൂവി എന്ന അവതരണത്തോടു കൂടിയാണ് 'മേരി ആവാസ് സുനോ' എത്തുന്നത്. ഒരുമിച്ച് പ്രവർത്തിക്കാനായതിൽ വലിയ സന്തോഷമുണ്ട് എന്ന് ജയസൂര്യയും മഞ്ജു വാര്യരും പറഞ്ഞു.
ജി. പ്രജേഷ് സെൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി. രാകേഷ് ആണ് ചിത്രത്തിന്‍റെ നിർമാണം. രജപുത്ര റിലീസ് ആണ് വിതരണം.
കൊച്ചി ഐഎംഎ ഹാളിൽ നടന്ന ചടങ്ങിൽ സിനിമാ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. ഫിലിം ചേംബർ വൈസ് പ്രസിഡന്റ് സിയാദ് കോക്കർ ആണ് ട്രെയ്‌ലർ പുറത്തുവിട്ടത്. നിർമാതാക്കളായ എവർഷൈൻ മണി, അനിൽ തോമസ് , ഔസേപ്പച്ചൻ, സന്ദീപ് സേനൻ, സിനിമ താരവും അമ്മ ഭാരവാഹിയുമായ ഇടവേള ബാബു തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു.
താരങ്ങളായ ജയസൂര്യ, മഞ്ജു വാര്യർ, ശിവദ, ജോണി ആന്റണി, സംവിധായകൻ പ്രജേഷ് സെൻ തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.
ക്യാപ്റ്റൻ, വെള്ളം എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'മേരി ആവാസ് സുനോ'. തിരക്കഥയൊരുക്കിയിരിക്കുന്നതും പ്രജേഷ് ആണ്. 'മേരി ആവാസ് സുനോയിൽ' റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. മഞ്ജു വാര്യരുടെ കഥാപാത്രം ഡോക്ടറാണ്. ശിവദയാണ് മറ്റൊരു നായിക.
എം. ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ബി.കെ. ഹരിനാരായണന്‍റേതാണ് വരികൾ. കൃഷ്ണചന്ദ്രൻ, ഹരിചരൺ, ആൻ ആമി, സന്തോഷ് കേശവ്, ജിതിൻരാജ് എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് ആണ് മ്യൂസിക് പാർട്ണർ. അഞ്ച് ഗാനങ്ങളാണ് ചിത്രത്തിൽ ഉള്ളത്. നേരത്തെ പുറത്തുവിട്ട ഗാനങ്ങളെല്ലാം ആസ്വാദക പ്രശംസ നേടിയിരുന്നു.
ഛായാഗ്രഹണം- വിനോദ് ഇല്ലംപള്ളി. ജോണി ആന്‍റണി, ഗൗതമി നായർ, സോഹൻ സീനുലാൽ, സുധീർ കരമന, ജി. സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ വേണുഗോപാൽ, മാസ്റ്റർ അർചിത് അഭിലാഷ്, ആർദ്ര അഭിലാഷ് എന്നിവരും അഭിനയിച്ചിരിക്കുന്നു. സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്.
തിരുവനന്തപുരമായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ.
ഹിപ്പോ പ്രൈം മീഡിയ ആന്റ് നെറ്റ് വർക്ക് ആണ് ഇന്റർനാഷണൽ വിതരണം. ആൻ സരിഗ, വിജയകുമാർ പാലക്കുന്ന് എന്നിവർ സഹനിർമാതാക്കളാണ്. എഡിറ്റിങ്- ബിജിത് ബാല, പ്രൊജക്ട് ഡിസൈനർ- ബാദുഷ എൻ.എം., ക്യാമറ സെക്കന്റ് യൂണിറ്റ്- നൗഷാദ് ഷെരീഫ്, കലാസംവിധാനം- ത്യാഗു തവനൂർ, പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പൻകോട്, മേക്കപ്പ്- പ്രദീപ് രംഗൻ, കിരൺ രാജ്, വസ്ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, സമീറ സനീഷ്, സരിത ജയസൂര്യ; സൗണ്ട് ഡിസൈൻ - അരുണ വർമ, പശ്ചാത്തലസംഗീതം- യാക്സൺ ഗ്യാരി പെരേര, നേഹ നായർ, വിഎഫ്എക്സ്- നിഥിൻ റാം, ഡിഐ- മോക്ഷ പോസ്റ്റ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ജിബിൻ ജോൺ, അസോസിയേറ്റ് ഡയറക്ടേഴ്സ്- വിഷ്ണു രവികുമാർ, ഷിജു സുലൈഖ ബഷീർ, ഡയറക്ടേഴ്സ് അസിസ്റ്റന്റ് എം. കുഞ്ഞാപ്പ, സ്ക്രിപ്റ്റ് അസോസിയേറ്റ് - വിനിത വേണു, സ്റ്റിൽസ്- ലെബിസൺ ഗോപി, പി.ആർ.ഒ. - വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിസൈൻ- താമിർ ഓകെ.
എൻറർടെയ്ൻമെന്റിനും ഇമോഷനും പ്രാധാന്യം നൽകിക്കൊണ്ടുള്ള കുടുംബ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെടുന്ന സിനിമയാവും 'മേരി ആവാസ് സുനോയെന്ന്' സംവിധായകൻ ജി. പ്രജേഷ് സെൻ പറഞ്ഞു. "മഞ്ജു വാര്യർ- ജയസൂര്യ കോമ്പിനേഷൻ ആദ്യമായാണ്. അത് നല്ലതായി വന്നിട്ടുണ്ട്. കോവിഡ് സാഹചര്യം മാറി, തിയെറ്ററിൽ തന്നെ സിനിമ റിലീസ് ചെയ്യുന്നതിൽ സന്തോഷമുണ്ട്," സംവിധായകൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.