• HOME
 • »
 • NEWS
 • »
 • film
 • »
 • മരയ്ക്കാർ ആരംഭിക്കുന്നത് കാലാപാനിയുടെ കാലത്ത്, പിന്നെ കാത്തിരിപ്പിന്റെ വർഷങ്ങൾ

മരയ്ക്കാർ ആരംഭിക്കുന്നത് കാലാപാനിയുടെ കാലത്ത്, പിന്നെ കാത്തിരിപ്പിന്റെ വർഷങ്ങൾ

Mohanlal on Marakkar - Arabikadalinte Simham origin | മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിന്റെ 45-ാമത്തെ സിനിമയാണിത്

മരയ്ക്കാറിന്റെ സെറ്റിൽ മോഹൻലാൽ

മരയ്ക്കാറിന്റെ സെറ്റിൽ മോഹൻലാൽ

 • Last Updated :
 • Share this:
  കാലാപാനിയുടെ ചിത്രീകരണം നടക്കുന്ന കോഴിക്കോട്ടെ രാവും പകലുകളും സംവിധായകൻ പ്രിയദർശനും, നായകൻ മോഹൻലാലും, രചയിതാവ് ടി. ദാമോദരൻ മാസ്റ്ററും കൂടിയിരുന്ന് ഒരു കഥ പറഞ്ഞു. വർഷങ്ങൾ പലതു കടന്നു പോയി. പ്രിയദർശനും മോഹൻലാലും പിന്നെയും പല ചിത്രങ്ങൾക്കായി ഒന്നിച്ചു. കെട്ടടങ്ങാത്ത കനൽ പോലെ ആ കഥ മനസ്സിൽ കിടന്നു. 104 ദിവസം രാവും പകലുമില്ലാതെ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം പൂർത്തിയാക്കിയതിന് ശേഷം വന്ന മോഹൻലാലിൻറെ ബ്ലോഗ് പോസ്റ്റിലാണ് പതിറ്റാണ്ടുകൾക്ക് പിന്നിലെ ആ കഥ പൊടിതട്ടിയെടുക്കപ്പെടുന്നത്.

  Also read: പതിനാറാം നൂറ്റാണ്ടിലെ യോദ്ധാവായി സുനിൽ ഷെട്ടി

  "ഒരു സിനിമയുടെ ചിത്രീകരണ വേളയിൽ തിരക്കഥാകൃത്ത് ടി. ദാമോദരൻ മാസ്റ്ററാണ് കുഞ്ഞാലി മറയ്ക്കാരുടെ ജീവിതത്തിൽ ഒരു വലിയ സിനിമയുടെ സാധ്യതയുണ്ടെന്ന് ഞങ്ങളോട് പറഞ്ഞത്. ചരിത്രത്തിന്റെ വലിയൊരു വായനക്കാരനായിരുന്നു മാസ്റ്റർ, അതുപോലെ തന്നെ പ്രിയദർശനും. പ്രിയദർശൻ സംവിധാനം ചെയ്ത് ഞാൻ അഭിനയിച്ച കാലാപാനി രണ്ടു ചരിത പ്രേമികളുടെ സംഗമത്തിൽ നിന്നുണ്ടായതാണ് എന്ന് പറയാം. മാസ്റ്ററായിരുന്നു അതെഴുതിയത്. അന്നത്തെ ആ കോഴിക്കോടൻ പകലുകളിലും രാത്രികളിലും ഞങ്ങൾ കുഞ്ഞാലി മരയ്ക്കാരെ പറ്റി ഒരുപാട് സംസാരിച്ചു, ചിന്തിച്ചു. പിന്നെയും കാലമേറെ പോയി. ഞാനും പ്രിയനും ഒന്നിച്ചും അല്ലാതെയും പല സിനിമകൾ ചെയ്തു. അപ്പോഴും മരയ്ക്കാർ മനസ്സിലാണായാതെ, ചാരം മൂടിയ കനൽ തുണ്ടം പോലെ കിടന്നു. സ്വകാര്യമായ ചില രാത്രികളിൽ ഞങ്ങൾ മരയ്ക്കാരെ കുറിച്ച് വീണ്ടും സംസാരിച്ചു. ദാമോദരൻ മാസ്റ്റർ ഞങ്ങളെ വിട്ടു പോയി. എന്നിട്ടും കുഞ്ഞാലി മരയ്ക്കാർ ഞങ്ങൾക്ക് കൂടെ നിന്നു," മോഹൻലാലിൻറെ കുറിപ്പിങ്ങനെ. പോസ്റ്റിന്റെ പൂർണ്ണരൂപം ഇവിടെ വായിക്കാം: http://blog.thecompleteactor.com/2019/03/marakkar-arabikadalinte-simham/

  ഒരിക്കൽ ഒരു അവധിക്കാല യാത്രക്കിടെ പോർച്ചുഗലിൽ എത്തിയ മോഹൻലാൽ കേരളത്തിൽ നിന്നുള്ള കുരുമുളക് വിറ്റു നിർമ്മിച്ച പള്ളി സന്ദർശിക്കാനിട വന്നു. കൊള്ളയടിക്കപ്പെട്ടു തകർന്നു പോയ തന്റെ നാടിന്റെയോർത്തു ശിരസ്സ് കുനിഞ്ഞ മോഹൻലാൽ അന്നുറപ്പിച്ചതാണ് ഇപ്പോൾ യാഥാർഥ്യമാവുന്നത്.

  മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിന്റെ 45-ാമത്തെ സിനിമയാണിത്. ഏതാണ്ട് ഒരു വർഷം നീളുന്ന പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇനിയും ബാക്കിയുണ്ട്. വൻ താരനിര തന്നെയുണ്ട് ചിത്രത്തിൽ. മോഹൻലാലിൻറെ കുട്ടിക്കാലം മകൻ പ്രണവ് മോഹൻലാൽ അവതരിപ്പിക്കും. നടൻ മുകേഷ് തൻ്റെ അഭിനയ ജീവിതത്തിലെ ചരിത്ര പ്രാധാന്യമുള്ള ആദ്യ വേഷം കൈകാര്യം ചെയ്യുന്നു. സുനിൽ ഷെട്ടി കഥാപാത്രമാവുന്നുണ്ട്. സിദ്ദിഖ്, നെടുമുടി വേണു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സുപ്രധാന നായിക വേഷങ്ങളിൽ കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മഞ്ജു വാര്യർ തുടങ്ങിയവരാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് നിർമ്മാണം. ഷൂട്ടിങ്ങിനായി ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ സാബു സിറിളിന്റെ നേതൃത്വത്തിൽ വൻ സജ്ജീകരണങ്ങളാണ് ഒരുക്കിയത്.

  First published: