• HOME
 • »
 • NEWS
 • »
 • film
 • »
 • 2018: വെള്ളിത്തിരയിലെ മുഖങ്ങൾ

2018: വെള്ളിത്തിരയിലെ മുഖങ്ങൾ

 • Last Updated :
 • Share this:
  #മീര മനു 

  ഒരു സിനിമാ വർഷം കൂടി കടന്നു പോകുന്നു. സിനിമകൾക്കൊരിക്കലും പഞ്ഞം വരാത്ത മലയാളം ഇത്തവണയും പതിവ് തെറ്റിച്ചില്ല. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ ചിത്രങ്ങളുടെ എണ്ണം വീണ്ടും കൂടിയിരിക്കുന്നു. എണ്ണം കൂടുമ്പോൾ സംഭവിക്കാവുന്ന പോരായ്മകളെ മാറ്റി വച്ചാൽ വരും വർഷത്തേക്ക് ഓർമ്മിക്കാൻ ചിലതിവിടെ ബാക്കിയാവുന്നു. ഈ വർഷം ഓർത്തിരിക്കാൻ പലതും സമ്മാനിച്ച മുഖങ്ങളിലൂടെ ഒരു തിരിഞ്ഞു നോട്ടം.

  നായകന്മാർ ആരൊക്കെ

  തിരിഞ്ഞു നോക്കേണ്ട ആവശ്യമില്ലാത്ത ഒരു നടൻ എന്ന വിശേഷണത്തിന് എന്ത് കൊണ്ട് ഫഹദ് ഫാസിലിനെ എതിരില്ലാതെ തിരഞ്ഞെടുക്കാം. കാർബണിൽ നിധി തേടിയിറങ്ങി തുടങ്ങിയ ഫഹദ് ഈ വർഷം മലയാള സിനിമയിലെ നിധി കുംഭമായി നിറഞ്ഞു നിൽക്കുന്നതാണ് നമ്മൾ കണ്ടത്. ശേഷം വന്ന വരത്തൻ, ഞാൻ പ്രകാശൻ തുടങ്ങിയ ചിത്രങ്ങളിൽ കാലിടറാതെ ഫഹദിന് തൻ്റെ ജൈത്രയാത്ര തുടരാനായി. തികച്ചും വിദേശ പരിസരത്തിന് യോജിച്ച തിരക്കഥയായ വരത്തനെ മികവുറ്റതാക്കി കയ്യടി നേടിക്കാം എങ്കിൽ, അതിനു പ്രധാന കാരണക്കാരൻ ഫഹദ് തന്നെയാണ്. ഞാൻ പ്രകാശനിലെ തനി മലയാളിയിലൂടെ ആ ഇരിപ്പിടം ഫഹദ് ഊട്ടിയുറപ്പിച്ചു.  ആമിയിലെ കൃഷ്ണനായി അതിഥി വേഷത്തിൽ ആരംഭിച്ച വർഷം, ഓർത്തിരിക്കുന്ന ഒരുപിടി നായക കഥാപാത്രങ്ങളിലൂടെ ദൃഢപ്പെടുത്തി മുഖ്യധാരാ ചിത്രങ്ങളുടെ നായക പരിവേഷം ടൊവിനോ തോമസ് നേടിയെടുത്തു. തീർത്തും കൊമേർഷ്യൽ സിനിമാധാരയിലെ മറഡോണയും തീവണ്ടിയും എൻ്റെ ഉമ്മാന്റെ പേരിനും ഒപ്പം സീരിയസ് സിനിമാ ഗണത്തിൽ ഉൾപ്പെടുത്താവുന്ന ഒരു കുപ്രസിദ്ധ പയ്യനിലെ അജയൻ എന്ന കുറ്റം ചെയ്യാത്ത കുറ്റവാളിയും തനിക്കിണങ്ങുമെന്നു ടൊവിനോ തെളിയിച്ചു.  സിനിമയിൽ പതിറ്റാണ്ടുകൾ സ്വന്തമായുള്ള ജോജു ജോർജ് എന്ന നടൻറെ സാധ്യതകൾ മലയാളി തിരിച്ചറിഞ്ഞ വർഷമാണിത്. ജോസഫ് എന്ന ഒറ്റ ചിത്രം കൊണ്ട് ചലച്ചിത്ര ഭൂപടത്തിൽ തന്റെയിടം എവിടെയെന്ന് ജോജു തെളിയിച്ചു. കുറ്റാന്വേഷണ വിദഗ്ധനായ റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനെ ഒരു മനുഷ്യന്റെ എല്ലാ ജീവിത വ്യഥകളിലൂയോടെയും കടത്തി വിട്ട്, ശ്വാസം അടക്കിപ്പിടിച്ചിരുന്നൊരു സിനിമ ആസ്വദിക്കാൻ പ്രേരിപ്പിച്ചു അത്ഭുതം സൃഷ്ടിക്കാൻ തനിക്കാവും എന്ന്, ഇതുവരെയും പുറത്തെടുക്കാത്ത തൻ്റെ സ്വാഭാവിക അഭിനയ ശൈലിയിലൂടെ ജോജു തെളിയിച്ചു.  ക്യാപ്റ്റനിലെ ജയസൂര്യക്ക് പകരം വയ്ക്കാൻ ഈ വർഷം മറ്റൊരാളെ അന്വേഷിച്ചിറങ്ങിയാൽ ബോളിവുഡിലെ രൺബീർ കപൂർ മാത്രമേ ഉണ്ടാവൂ. കഥാപാത്രത്തിൽ അലിഞ്ഞിറങ്ങിയ ഒരു നടൻ മലയാള സിനിമയിൽ വേറെയില്ലെന്നു പറയാതിരിക്കാനാവില്ല. സഞ്ജയ് ദത്ത് അഥവാ സഞ്ജുവാകാൻ രൺബീർ നടത്തിയ പരകായ പ്രവേശത്തോട് കിടപിടിക്കാൻ വി.പി. സത്യനായി മാറിയ ജയസൂര്യക്ക് സാധിച്ചു.  ഗോവ രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന സമ്മേളനം വരെ കാത്തിരിക്കേണ്ടി വന്നു ചെമ്പനിലെ നടൻറെ 'റേഞ്ച്' മലയാളി പ്രേക്ഷകന് മനസ്സിലാക്കാൻ. ക്ളീഷേകൾക്കോ, കണ്ടു മറന്ന കാഴ്ചകളോടോ ഉപമിക്കാനാവാതെ ഈ.മ.യൗ എന്ന ചിത്രത്തിൽ ഈശി മികച്ചു നിന്നു. സമൂഹം അവമതിക്കുന്ന പല ജന്മങ്ങളുടെയും പ്രതിനിധിയായി, അച്ഛന് നൽകിയ അവസാന വാക്ക് പാലിക്കാനാവാതെ പെരു മഴയത്ത് പൊട്ടിക്കരയുന്ന ഈശിക്കു തുല്യം ഈശി മാത്രം.  ഇവർ നായികമാർ

  നായികാ ക്ഷാമം അത്രകണ്ട് മാറിയിട്ടില്ലെങ്കിലും തങ്ങൾക്കു കിട്ടിയ വേഷം മിഴിവുറ്റതാക്കി മാറ്റാൻ സാധിച്ച ചിലർ ഈ വർഷവും ആ കുറവ് ഒരു കുറവായി തോന്നിക്കാതെ നിലനിർത്താൻ സഹായിച്ചു. തുടക്കം കുറിച്ചത് ആമിയാണ്. ഒരുപാട് കൂട്ടിച്ചേർക്കലുകൾക്കും അവസാന വട്ട ഒരുക്കങ്ങളിലും ആടിയുലഞ്ഞ കമല സുരയ്യ ജീവിത ചിത്രം ആമിയിൽ ആമിയുടെ മുഖമായി മാറിയ മഞ്ജു വാര്യർ ഈ വർഷത്തെ തൻ്റെ മികച്ച വേഷമാക്കിയതിനെ മാറ്റി.  മായാനദിയിലെ തൻ്റെ പ്രകടനത്തിന് ലഭിച്ച അഭിനന്ദനങ്ങൾ ഒളി മങ്ങാതെ തൊട്ടടുത്ത വർഷവും വരത്തനിലൂടെ നിലനിർത്തി ഐശ്വര്യ ലക്ഷ്മി. നായികാ പ്രാധാന്യമുള്ള രണ്ടു ചിത്രങ്ങൾ മലയാളത്തിലുണ്ടായി -- ആമി, ഓട്ടർഷ. അധികം ശ്രദ്ധ നേടിയില്ലെങ്കിലും വനിതാ ഓട്ടോ ഡ്രൈവർ അനിതയായി അനുശ്രീ തൻ്റെ കഥാപാത്രത്തെ തനിമ ചോരാതെ പ്രേക്ഷക മുന്നിലെത്തിച്ചു.

  സംവിധാനം ഇങ്ങനെയൊക്കെ

  ഒരു പുതുമുഖ സംവിധായകനെക്കൊണ്ട് എന്തൊക്കെ സാധിക്കും എന്ന് കാട്ടി തന്നു സുഡാനി ഫ്രം നൈജീരിയയിലൂടെ സക്കറിയ. ഫുട്ബോൾ എന്ന കായിക വിനോദത്തിലൂന്നി അഭയാർത്ഥി ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങളുടെ ആഴങ്ങളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോയി ഈ ചിത്രം. അങ്കമാലി ഡയറീസിനെക്കാൾ ഒരു പടി മുകളിൽ നിൽക്കുന്നു ഈ.മ.യൗ വിന്റെ മേന്മ. ചലച്ചിത്ര മേളകളിൽ അഭിനന്ദനങ്ങൾ വാരിക്കൂട്ടിയ ഈ ചിത്രം സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിക്ക് മേലുള്ള പ്രതീക്ഷകളുടെ ഭാരം വർധിപ്പിക്കുന്നു.  വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ഒരു നായകന്റെയും സംവിധായകന്റെയും കൂടി ചേരലിലൂടെ പദ്മകുമാർ എന്ന സംവിധായകൻ ആരെന്നും എന്തെന്നും ജോസഫ് സിനിമാലോകത്തോട് വിളിച്ചു പറഞ്ഞു. പുകവലിയുടെ പ്രത്യാഘാതത്തെ പ്രതീക്ഷിക്കാത്ത രീതിയിൽ അവതരിപ്പിച്ച നവാഗത സംവിധായകൻ ഫെല്ലിനി തീവണ്ടിയിലൂടെ മലയാള സിനിമയിൽ ഒരു പുത്തൻ ആഖ്യാന, കഥപറയൽ ശൈലി കൊണ്ട് വന്നു. ആമുഖവും ആരവങ്ങളും ആവശ്യമില്ലാതെ തൻ്റെ ക്രിയാത്മകത ഒന്ന് കൊണ്ട് മാത്രം സംസാരിക്കുന്ന സംവിധായകനായ മധുപാൽ 2018ൽ ഒരു കുപ്രസിദ്ധ പയ്യനിലൂടെ അതാവർത്തിക്കുകയുണ്ടായി. പ്രമേയത്തിലും അവതരണത്തിലും പുതുമ നിലനിർത്തി ബോക്സ് ഓഫീസ് കിലുക്കം തിരിച്ചു പിടിച്ചതിലൂടെ അമൽ നീരദ് സംവിധായകനെന്ന നിലയിൽ വരത്തനിൽ ശക്തമായ തിരിച്ചു വരവ് നടത്തിയിരിക്കുന്നു.

  നാളെയുടെ പ്രതീക്ഷ

  പൊട്ടിത്തെറിക്കുന്ന നർമ്മരസങ്ങൾ അവതരിപ്പിച്ചു ശ്രദ്ധേയനായ ഷറഫുദ്ദീൻ ആരും വെറുക്കുന്ന വില്ലനാവാനും കഴിയുമെന്ന് തെളിയിച്ച ചിത്രമാണ് വരത്തൻ. ഇതിൽ തന്നെ പാപ്പാളി തറവാട്ടിലെ ക്രൂരനായ കാരണവരുടെ വേഷത്തിലൂടെ നിസ്താർ സെയ്ട്ട് സ്വഭാവ നടനെന്ന വിശേഷണിത്തിനർഹരായവരുടെ പട്ടികയിൽ ശ്രദ്ധേയനാവുന്നു. സഹ നടൻറെ വേഷത്തിൽ നിന്നും ഒറ്റക്കൊരു ചിത്രം വിജയിപ്പിക്കാൻ പ്രാപ്തനായെന്നു സൗബിൻ ഷാഹിർ സുഡാനി ഫ്രം നൈജീരിയയിലൂടെ തെളിയിച്ചു.  നാളെയുടെ യൂത്ത് ഐക്കൺ നിലവാരത്തിലേക്ക് വിൻസെൻറ് പെപെ ആയി വന്ന ആൻ്റണി വർഗീസ് സ്വയം പിടിച്ചുയർത്തിയത് സ്വാതന്ത്ര്യം അർദ്ധരാത്രിയിലെ നായക വേഷ പ്രകടനത്തിലൂടെയാണ്. തീർത്തും നിശബ്ദനായി പല തരം വേഷങ്ങളിലൂടെ ഏതാനും വർഷങ്ങളായി നിലനിന്നിരുന്ന സണ്ണി വെയ്ൻ കായംകുളം കൊച്ചുണ്ണിയിലെ കേശവ കുറിപ്പിലൂടെ തൻ്റെ മേൽവിലാസം കോറിയിടുകയുണ്ടായി. ഹാസ്യാത്മക വേഷങ്ങളിൽ പകരക്കാരനില്ലാത്ത വ്യക്തിയായി ഹരീഷ് കണാരൻ മാറിക്കഴിഞ്ഞിരിക്കുന്നു. ആവർത്തന വിരസതയില്ലാതെ ഹാസ്യ മുഹൂർത്തങ്ങൾ അവതരിപ്പിക്കാൻ തുല്യരില്ലാതെയുള്ള പടയോട്ടമാണ് ഹരീഷിന്റേത്.

  വിവാദങ്ങളിലൂടെ

  #മീ ടൂ വിവാദത്തിൽ മുഴങ്ങിക്കേട്ട മലയാള ചലച്ചിത്ര മേഖലയിലെ പേരുകളായി മാറി മുകേഷും അലെൻസിയറും. ചാനൽ പരിപാടി നിർമ്മാതാവായ വനിത മുകേഷിനെതിരെ വർഷങ്ങൾക്കു മുമ്പുള്ള ആരോപണം ഉന്നയിച്ചപ്പോൾ, അലെൻസിയറിനെതിരെ സഹ താരമായ യുവതി തന്നെ രംഗത്തെത്തിയിരുന്നു. ഇരുവർക്കും നേരെ നടപടിയെടുക്കാത്ത താര സംഘടനയായ അമ്മയുടെ നിലപാട് താരങ്ങളെയും പ്രേക്ഷകരെയും ഒരു പോലെ ചൊടിപ്പിച്ചിരുന്നു. നടിയെ ആക്രമിച്ച വിഷയത്തിൽ ഒരു നാണയത്തിന്റെ ഇരു മുഖങ്ങളായി ദിലീപും പാർവതിയും മാറി.  ശക്തമായി എതിർ ചേരിയിൽ നിന്നും പാർവതി പോരാടിയപ്പോൾ, സ്വമേധയായി രാജിവച്ചു പുറത്തു പോകാൻ ദിലീപ് നിർബന്ധിതനാവുകയായിരുന്നു. എന്നാൽ പാർവതിയുടെ പേരിലെ വിവാദങ്ങളെ ചൊല്ലി മൈ സ്റ്റോറി എന്ന ചിത്രത്തിന് നേരെ നടന്ന ആക്രമണത്തിൽ നടിയുടെ നിശ്ശബദത ശ്രദ്ധേയമായി. മൈ സ്റ്റോറി വിവാദത്തിലെ നിശബ്ദതയും, രണം എന്ന ചിത്രത്തിന് വിജയ സാധ്യത കുറവായിരുന്നെന്നതു അറിയാമായിരുന്നെന്ന പരാമർശം കൊണ്ടും പൃഥ്വിരാജ് വിവാദ താര പട്ടികയിൽപ്പെടുകയായിരുന്നു.

  താര പുത്രന്മാരുടെ വരവ്

  മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാൽ, ജയറാമിന്റെ പുത്രൻ കാളിദാസ് ജയറാം, മുകേഷിന്റെ പുത്രൻ ശ്രാവൺ മുകേഷ് എന്നിവർ അരങ്ങേറ്റം കുറിച്ച വർഷമാണ് 2018. പ്രണവിന്റെ ആദിയൊഴികെ, കാളിദാസിന്റെ പൂമരവും, ശ്രാവണിന്റെ കല്യാണവും ശ്രദ്ധിക്കപ്പെടാതെ പോയി.  തിരിച്ചു വരവിന്റെ തിളക്കം

  നീണ്ട 16 വർഷങ്ങളുടെ ഇടവേളയ്ക്കു വിരാമം ഇട്ട് മലയാള സിനിമയിലെ മികച്ച കൂട്ടുകെട്ടായ സത്യൻ അന്തിക്കാട്- ശ്രീനിവാസൻ ജോഡികളുടെ തിരിച്ചു വരവ് കൊട്ടിഘോഷിച്ചാണ് 2018 വിടവാങ്ങുന്നത്. എങ്ങോ നഷ്ടപ്പെട്ടെന്ന് കരുതിയ കേരളീയത ഞാൻ പ്രകാശനിലൂടെ തിരിച്ചു പിടിച്ച്‌ പ്രേക്ഷകരിലെത്തിക്കാൻ ഇവർ നടത്തിയ ശ്രമം നിറഞ്ഞ സദസ്സുകളിൽ മലയാളി സകുടുംബം കണ്ടു രസിച്ചുവെന്നതാണ് ചിത്രത്തിന്റെ മേന്മ.  ക്യാമറക്കു പിന്നിൽ

  കഴിഞ്ഞ വർഷം ചുണ്ടിൽ തത്തിക്കളിക്കാൻ ജിമിക്കി കമ്മൽ ഉണ്ടായിരുന്നെങ്കിൽ അത്തരത്തിൽ ഒരു ഗാനം പോലും ഉണ്ടായില്ലെന്നത് 2018ൻറെ നഷ്ടം തന്നെയാണ്. ഇക്കൂട്ടത്തിൽ ഒരൽപം വേറിട്ട് നിൽക്കുന്നത് ആമിയിലെ റഫീഖ് അഹമ്മദിന്റെ വരികളും, ജോസഫിലെ ഭാഗ്യരാജിന്റെ 'പണ്ട് പാടവരമ്പത്തിലൂടെ'യും, തട്ടുമ്പുറത്തു അച്യുതനിലെ ദീപാങ്കുരന്റെ 'മുത്തുമണി രാധ'യും എന്ന് പറയാം.
  അവകാശ വാദങ്ങളൊന്നുമില്ലെങ്കിലും തിയേറ്ററിൽ ആളെക്കൂട്ടാനായി അരവിന്ദന്റെ അതിഥികളിലെ രാജേഷ് രാഘവന്റെ തിരക്കഥ. വരത്തനിലൂടെ സുഹാസ്-ഷറഫു കൂട്ടുകെട്ട് സ്ക്രിപ്റ്റിംഗ് രംഗത്ത് മറ്റൊരധ്യായം തുറന്നു. നായകന്റെ പേരിലെ വിവാദങ്ങൾക്കു പിന്നിൽ മൂടപ്പെട്ട ചിത്രമായി കമ്മാരസംഭവം മാറിയെങ്കിലും ദിലീപ് എന്ന നടൻറെ ഇതുവരെയും കണ്ട പ്രകടനങ്ങളിൽ മികച്ചതായ കമ്മാരനെ സംഭാവന ചെയ്ത മുരളി ഗോപി തൻ്റെ വേറിട്ട എഴുത്തു സഞ്ചാരങ്ങളിലെ മറ്റൊരിടത്താവളം പ്രേക്ഷകർക്ക് മുന്നിൽ തുറന്നിട്ടു.  ക്യാമറക്കണ്ണുകളുടെ തെളിച്ചമൊന്നു കൊണ്ട് തന്നെ മികച്ചതായി മാറിയ ചിത്രങ്ങളുണ്ട് 2018 ലെ മലയാള സിനിമയിൽ. തട്ടുമ്പുറത്തു അച്യുതനിലെ പ്രധാന ചേരുവകളിൽ ഒന്ന് ക്യാമറയാണെങ്കിൽ, ക്യാപ്റ്റനിലെ കളിയും കാര്യവും മിഴിവുറ്റതാക്കാൻ ക്യാമറകണ്ണുകൾക്ക്‌ കഴിഞ്ഞുവെങ്കിൽ അതിനു പിന്നിൽ റോബി വർഗീസ് രാജ് എന്ന ഛായാഗ്രാഹകനാണ്. ക്യാപ്റ്റനിലെ സെക്കന്റ് യൂണിറ്റ് കൈകാര്യം ചെയ്യുകയും ഒരു കുപ്രസിദ്ധ പയ്യനിലെ ഇരുട്ടിന്റെ നേർക്കാഴ്ച പകർത്തിക്കാട്ടുകയും ചെയ്ത നൗഷാദ് പ്രേക്ഷകരെ മികവുറ്റ ആസ്വാദന തലത്തിലെത്താൻ സഹായിക്കുകയായിരുന്നു.

  അന്യ ഭാഷയിലേക്ക്  മലയാളത്തിൽ നിന്നും ഈ വർഷം അക്ഷരാർത്ഥത്തിൽ അപ്രത്യക്ഷരായ താരങ്ങളാണ് ദുൽഖർ സൽമാനും കീർത്തി സുരേഷും. ഇരുവരും മുൻകാല നടി സാവിത്രിയുടെ കഥ പറഞ്ഞ തെലുങ്ക് ചിത്രം മഹാനടിയിലൂടെ അന്യ ഭാഷയിൽ ശക്തമായി ചുവടുറപ്പിച്ചു. ദുൽഖറാവട്ടെ കർവാനിലൂടെ ബോളിവുഡിൽ ചേക്കേറുകയുണ്ടായി. ഇതുവരെ കണ്ടതിലും ഏറ്റവും ചിലവുകൂടിയ ചിത്രമായ രജനികാന്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രം 2.0യിൽ ഏക മലയാളി സാന്നിധ്യമായി മാറി ഷാജോൺ. ധനുഷ് ചിത്രം മാരി 2ലൂടെ വില്ലൻ വേഷവുമായി തമിഴിൽ അരങ്ങേറ്റം കുറിച്ച ടൊവിനോ തോമസും മികച്ച പ്രതികരണവുമായി മുന്നേറുന്നുണ്ട്.

  First published: