#മീര മനു ഒരു നാദിർഷ ചിത്രം തിയേറ്ററിൽ കാണാൻ ഒരുങ്ങുമ്പോൾ പ്രേക്ഷക മനസ്സിൽ രണ്ടു പേരുകൾ ഉണ്ടാവും -- അമർ അക്ബർ അന്തോണിയും, കട്ടപ്പനയിലെ ഋതിക് റോഷനും. ഹൈപ്പുകൾ ഒന്നും ഇല്ലാതെ, ആഗോള തത്വങ്ങളുടെ ഗോളാന്തരത്തിൽ ഇട്ട് കറക്കാതെ ലളിതമായ സ്ക്രിപ്റ്റും അവതരണവും ആണ് നാദിർഷ ചിത്രങ്ങളിലേക്ക് പ്രേക്ഷക ശ്രദ്ധ ആകർഷിക്കുന്നതും. വർഷങ്ങളോളം മിമിക്രി, പാരഡി കാസെറ്റ് മേഖലകളിൽ ചുവടുറപ്പിച്ച് പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കിയ സംവിധായകന് അത് നിലനിർത്താൻ സാധിക്കും എന്നതിന്റെ തെളിവായിരുന്നു ഈ രണ്ടു ചിത്രങ്ങളും ഇപ്പോൾ മേരാ നാം ഷാജിയും.
മൂന്നു ഷാജിമാരുടെ ജീവിതത്തിലൂടെയുള്ള രസകരമായ യാത്രയാണ് മേരാ നാം ഷാജി. തിരുവനന്തപുരംകാരൻ ടാക്സി ഡ്രൈവർ ഷാജി സുകുമാരൻ (ബൈജു), പേരിൽ തൊഴിലും ചേർത്ത കൊച്ചിക്കാരൻ ഉടായിപ്പ് ഷാജി എന്ന ഷാജി ജോർജ് (ആസിഫ് അലി), കോഴിക്കോടുകാരൻ ഷാജി ഉസ്മാൻ (ബിജു മേനോൻ) എന്ന കൊട്ടേഷൻ തലവൻ. ഇവരാണ് ഒരേ പേരിൽ ഓരോരോ പുകിലുമായുള്ള ഓട്ടപ്പാച്ചിലിനിടയിൽ കണ്ടു മുട്ടുന്നതും പരസ്പര സഹായ സഹകരണങ്ങളോടെ മുന്നോട്ടു പോകുന്നതും.
![]()
ഒരു കൊട്ടേഷൻ ഏറ്റെടുക്കുന്നതിനൊടുവിൽ ഉപേക്ഷിച്ച സിം കാർഡാണ് ഷാജി ഉസ്മാനെയും ഉടായിപ്പ് ഷാജിയേയും കൂട്ടിമുട്ടിക്കുന്നത്. എന്നാൽ കണ്ടുമുട്ടിയിട്ട് പോലും ഇവർക്ക് പരസ്പരം മനസ്സിലാകുന്നില്ല എന്നതാണ് വസ്തുത. മറ്റൊരു ഫോൺകോൾ വഴി ഷാജി സുകുമാരനും ഉടായിപ്പ് ഷാജിയും തമ്മിൽ പരിചിതരാവുന്നു. ഇതിനിടയിൽ ഒരു പ്രണയ കഥയും രൂപപ്പെടുന്നു.
ഇവർ കുഴപ്പങ്ങളിൽ ചെന്ന് ചാടുമ്പോൾ അതൊക്കെ നർമ്മ മുഹൂർത്തങ്ങളിലൂടെ കോറിയിടുന്ന സ്ക്രീൻപ്ളേ ആണ് തിരക്കഥാകൃത്ത് ദിലീപ് പൊന്നൻ ഒരുക്കുന്നത്. കൂടാതെ ലളിതമായ പ്രമേയത്തെ ഉദ്വേഗം നിറഞ്ഞ നിമിഷങ്ങളിലൂടെ കൊണ്ട് പോകാനും കഴിയുന്നു. ആദ്യ പകുതി തീരുന്നിടത്ത് മൂന്നു ഷാജിമാരെയും കൂട്ടിമുട്ടിക്കുന്ന ചുമതല കഴിയും. ശേഷം ഇവർ കുരുക്കുകൾ അഴിക്കുന്നിടത്താണ് രണ്ടാം പകുതി മുഴുവനും.
![]()
എന്നാൽ കോമഡി പടം എന്ന നിലയിൽ കണ്ടു കൊണ്ടിരിക്കെ, അമർ അക്ബർ അന്തോണിയിലേത് പോലെ, സമൂഹത്തിൽ വളരെയേറെ കാലമായി നടന്നു പോകുന്ന, എങ്ങും ചർച്ച ചെയ്യപ്പെടാതെ പോകുന്ന ഒരു വിഷയം കൂടി അവതരിപ്പിക്കുന്നുണ്ട്. ഒരു ഖവാലിയും പ്രണയ ഗാനവും ലളിതമായി ഉൾപ്പെടുത്തിയിരിക്കുന്നു. അടുത്തിടെയായി മികച്ച സ്ട്രൈക്ക് റേറ്റുമായി മുന്നേറുന്ന ബൈജു സന്തോഷ് തനിക്ക് ലഭിച്ച കഥാപാത്രത്തെ മികച്ച രീതിയിൽ അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നു. വർഷാരംഭത്തിൽ വിജയ ചിത്രവുമായി എത്തിയ ആസിഫ് അലിക്കും തുടക്കം പിഴച്ചിട്ടില്ല. ഈ വർഷം ബിജു മേനോന്റെ വരാനിരിക്കുന്ന പ്രകടനങ്ങൾക്ക് ഷാജി ഉസ്മാൻ മികച്ച തുടക്കം കുറിച്ചിട്ടുണ്ട്.
വളച്ചു കെട്ടലും വലിച്ചു നീട്ടലും ഇല്ലാത്ത ഒരു സിനിമ പ്രതീക്ഷിക്കുന്ന പ്രേക്ഷകരെ നിരാശപ്പെടുത്താത്ത ചിത്രമാകും മേരാ നാം ഷാജി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.