കോവിഡ് ഇളവുകളുടെ ഭാഗമായി സംസ്ഥാനത്തെ തിയേറ്ററുകൾ തുറന്നാലും മോഹന്‍ലാല്‍ ചിത്രമായ 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം' ഉടന്‍ റിലീസ് ചെയ്യില്ലെന്ന് വിവരം. തിയേറ്ററുകള്‍ തുറന്നാലും എല്ലാ സീറ്റുകളിലും ആളുകളെ ഇരുത്തി പ്രദര്‍ശനം ഉണ്ടാവില്ല. ഇത് പ്രതീക്ഷിച്ച ലാഭം ഉണ്ടാക്കില്ല. സ്ഥിതിഗതികള്‍ അനുകൂലമായതിന് ശേഷം മാത്രം ചിത്രം പ്രദര്‍ശനത്തിന് എത്തിയ്ക്കാനാണ് തീരുമാനം.
പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുക്കിയ, മലയാളത്തിലെ തന്നെ എറ്റവും ചിലവേറിയ ചിത്രമാണ് മരയ്ക്കാർ. റിലീസിംഗിന് തയ്യാറായിരുന്നെങ്കിലും കോവിഡിനെത്തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ചത് വലിയ തിരിച്ചടിയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് റിലീസും നീണ്ടുപോയത്. ചിത്രം ഒ.ടി.ടി. വഴി റിലീസ് ചെയ്യില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
കുറഞ്ഞത് 600 സ്‌ക്രീനുകളിലെങ്കിലും ചിത്രം പ്രദര്‍ശിപ്പിയ്ക്കും. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. മറ്റ് സംസ്ഥാനങ്ങളിലെ സാഹചര്യം കൂടി കണക്കിലെടുത്താവും റിലീസ്.
100 കോടി രൂപ ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചിരിയ്ക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി. കുരുവിള, റോയ് സി.ജെ. എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിയ്ക്കുന്നത്. സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.
കോവിഡ് കേസുകളുടെ എണ്ണം കുറയുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് തിയേറ്ററുകൾ വൈകാതെ തുറന്നേക്കും.തിയേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമാണെന്ന് സാംസ്കാരികമന്ത്രി സജി ചെറിയാൻ പറഞ്ഞു. ടിപിആർ കുറയുന്നതും അനുകൂലമാണെന്നും മന്ത്രി പറഞ്ഞു. സെക്കന്റ് ഷോ ഉൾപ്പെടെ നടത്താൻ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് തിയേറ്റർ ഉടമകൾ.
ഷൂട്ടിംഗ് അനുവദിച്ചിരുന്നെങ്കിലും തിയേറ്ററുകൾ അടച്ചിട്ടതിനാൽ നിരവധി സിനിമകളാണ് റിലീസിംഗ് കാത്തുകിടക്കുന്നത്. മറ്റ് മേഖലയിലെന്ന പോലെ സിനിമാ മേഖലയിലും ഇളവുകൾ അനുവദിക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് മന്ത്രി സജി ചെറിയാന്റെ പ്രതികരണം. സംസ്ഥാനത്ത് തിയേറ്റർ തുറക്കാൻ അനുകൂല സാഹചര്യമാണ്. ഇക്കാര്യം സർക്കാർ അടുത്തഘട്ട ഇളവുകൾക്കൊപ്പം പരിഗണിക്കുമെന്ന് സിനിമ സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
തിയേറ്റർ തുറക്കാനുള്ള തീരുമാനത്തിന് മുന്നോടിയായി ഉടമകളുമായി മന്ത്രി ചർച്ച നടത്തും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സെക്കന്റ് ഷോ ഉൾപ്പെടെ നാല് ഷോകളും നടത്താനാകുമെന്നാണ് ഉടമകളുടെ പ്രതീക്ഷ. ടിപിആർ 15ൽ താഴെ എത്തുമ്പോൾ തീയറ്റർ തുറക്കുന്നതും, ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി അടക്കം പരിഗണിക്കാമെന്നാണ് സർക്കാർ നിലപാട്.
തിയറ്റർ തുറക്കണമെന്ന് ആവശ്യവുമായി നേരത്തെ തിയറ്ററുടമകൾ രംഗത്തുവന്നിരുന്നു. കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞ ശേഷം ഇക്കാര്യം പരിഗണിക്കാമെന്നായിരുന്നു സർക്കാർ തിയറ്റർ ഉടമകൾക്ക് നൽകിയ ഉറപ്പ്. തിയേറ്ററുകൾ പൂട്ടിയതോടെ കടുത്ത പ്രതിസന്ധിയിലാണ് സിനിമാ മേഖല.
Summary: Mohanlal movie Marakkar -Arabikadalinte Simham not to release any time soon even if theatres reopenഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.