• HOME
 • »
 • NEWS
 • »
 • film
 • »
 • 'ലാലുമോൻ ഇനി അങ്ങനെ ചെയ്യണം' സംവിധായകനാകാൻ തീരുമാനിച്ചതിനെക്കുറിച്ച് മോഹൻലാൽ

'ലാലുമോൻ ഇനി അങ്ങനെ ചെയ്യണം' സംവിധായകനാകാൻ തീരുമാനിച്ചതിനെക്കുറിച്ച് മോഹൻലാൽ

ആദ്യ ചിത്രത്തിലേക്ക് വരാനുണ്ടായ സാഹചര്യം മോഹൻലാൽ ബ്ലോഗിൽ വിശദമായി പ്രതിപാദിക്കുന്നു. മലയാള സിനിമയിൽ ചരിത്രം സൃഷ്ടിച്ച ഒരാളുമൊത്തുള്ള കൂടിക്കാഴ്ചയാണ് എല്ലാത്തിനും തുടക്കമിട്ടത്

മോഹൻലാൽ

മോഹൻലാൽ

 • News18
 • Last Updated :
 • Share this:
  സൂപ്പർ താരം മോഹൻലാൽ സംവിധായകനാകുന്നുവെന്ന വാർത്തയെ ആവേശത്തോടെയാണ് ആരാധകരും സിനിമാപ്രേമികളും വരവേൽക്കുന്നത്. ബറോസ്സ് എന്ന് പേരിട്ടിരിക്കുന്ന ആദ്യ ചിത്രം ത്രീഡിയിലാണ് ഒരുക്കുന്നതെന്ന് മോഹൻലാൽ വ്യക്തമാക്കുന്നു. ത്രീഡി സ്റ്റേജ് ഷോ എന്ന ആശയവുമായി ബന്ധപ്പെട്ട ചർച്ചയിൽനിന്നാണ് ആദ്യ സിനിമയിലേക്ക് എത്തിയതെന്ന് താരം വെളിപ്പെടുത്തി. ആദ്യ ചിത്രത്തിലേക്ക് വരാനുണ്ടായ സാഹചര്യം മോഹൻലാൽ ബ്ലോഗിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

  മോഹൻലാലിന്‍റെ ബ്ലോഗ് പൂർണരൂപം വായിക്കാം...

  സ്വപ്നത്തിലെ നിധികുംഭത്തിൽ നിന്ന് ഒരാൾ

  ജീവിതത്തിലെ ഓരോ വളവ്തിരുവുകൾക്കും അതിന്റേതായ അർത്ഥമുണ്ട് എന്ന സത്യത്തിൽ എല്ലാക്കാലത്തും ഞാൻ അടിയുറച്ച് വിശ്വസിച്ചിരുന്നു. എന്റെ ജീവിതാനുഭവങ്ങൾ തന്നെയാണ് ഈ സത്യത്തിൽ വിശ്വസിക്കാൻ എന്നെ പ്രേരിപ്പിച്ചത്. ഒരു സിനിമാ നടനാകാൻ ഒട്ടും മോഹിച്ചിട്ടില്ലാത്ത, ഒരാളുടെ അടുത്ത് പോലും ഒരു ചാൻസ് ചോദിച്ചിട്ടില്ലാത്ത ഞാൻ കഴിഞ്ഞ നാൽപ്പതിലധികം വർഷങ്ങളായി ഒരു അഭിനേതാവായി ജീവിക്കുന്നു, അഭിനേതാവായി അറിയപ്പെടുന്നു. അതിന്റെ പേരിൽ പുരസ്കൃതനാകുന്നു. ആലോചിക്കുന്തോറും എന്നെ അത്ഭുപ്പെടുത്ത കാര്യമാണിത്. ആ അത്ഭുതത്തോടെ ആകാംക്ഷയോടെയാണ് ഞാൻ ജീവിതത്തിന്റെ ഓരോ വളവും തിരിവും നേരിടുന്നത്. വളവിനപ്പുറം എന്താണ് എന്നെകാത്ത് നിൽക്കുന്നത് എന്നനിഗൂഢത എപ്പോഴും എന്നിലെ കലാകാരനെ ത്രസിപ്പിക്കുന്നു. തുടർന്ന് ജീവിക്കാൻ പ്രേരിപ്പിക്കുന്നു.

  നാല് പതിറ്റാണ്ടിലധികം നീണ്ട അഭിനയയാത്രയിൽ ഇതാ ഒരു ഷാർപ്പ് ടേണിനപ്പുറം ജീവിതം അത്ഭുതകരമായ ഒരു സാധ്യത എന്റെ മുന്നിൽ വച്ചിരിക്കുന്നു. അതെ. ഞാൻ ഒരു സിനിമ സംവിധാനം ചെയ്യാൻ പോകുന്നു. പ്രീയപ്പെട്ടവരെ ഇത്രയും കാലം ക്യാമറയ്ക്ക് മുന്നിൽ നിന്ന് പകർന്നാടിയ ഞാൻക്യാമറയിക്ക് പിന്നിലേക്ക് നീങ്ങുന്നു. വ്യൂഫൈൻ‍റിലൂടെ കണ്ണിറുക്കി നോക്കാൻ പോകുന്നു. 'ബറോസ്സ്' എന്നാണ് ഞാൻ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര്. ഇത് ഒരു 3ഡി സിനിമയാണ്. കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഈസിനിമ ആസ്വദിക്കാം. കഥയുടെ മാന്ത്രികപ്പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങൾ നുകരാം. അറബികഥകൾ വിസ്മയിങ്ങൾ വിരിച്ചിട്ട നിങ്ങളുടെ മനസ്സുകളിൽ പോർച്ചുഗീസ് പശ്ചാത്തലത്തിൽ ബറോസ്ശിന്റെ തീർത്തും വ്യത്യസ്തമായ ഒരു ലോകം തീർക്കണം എന്നതാണ് എന്റെ സ്വപ്നം.

  മോഹൻലാൽ സംവിധായകനാകുന്നു; ആദ്യചിത്രം ത്രീഡിയിൽ

  ഞാൻ ആദ്യം പറഞ്ഞതുപോലെ, ഇത്തരം ഒരു തീരുമാനം മുൻകൂട്ടിയെടുത്തതല്ല. കലാസാക്ഷാത്കാരത്തിന്‍റെ വ്യത്യസ്ത തലങ്ങൾക്കായുള്ള നിരന്തരമായ അന്വേഷണത്തിനൊടുവിൽ വന്ന് സംഭവിച്ചതാണ്. ഞാനും പ്രശസ്ത സംവിധായകൻ ടി.കെ രാജീവ് കുമാറും കൂടി ഒരു 3ഡി സ്റ്റേജ് ഷോ ചെയ്യണമെന്ന് ആലോചിച്ചിരുന്നു. കുറച്ചു കഥാപാത്രങ്ങൾ നടനെ അന്വേഷിച്ച് പോകുന്ന തരത്തിലായിരുന്നു അത് ഒരുക്കിയിരുന്നത്. ഈ സ്റ്റേജ് ഷോ ചെയ്യാനായി ഇന്ത്യയിലെ ആദ്യ ത്രീഡി സിനിമ(മൈ ഡീയർ കുത്തിച്ചാത്തൻ) സംവിധാനം ചെയ്ത ജിജോയെ(നവോദയ) ഞങ്ങൾ പോയി കണ്ടു. ജീനിയസ് എന്ന് വിശേഷിപ്പാക്കാവുന്ന അദ്ദേഹം ഞങ്ങളോട് സംസാരിച്ചു. അതിന്‍റെ ചിലവുകൾ ഞങ്ങൾ കണക്കാക്കി. ഭീമമായ ഒരു തുക ആവശ്യമായി വരും എന്ന് മനസിലായി.

  വലിയ സാഹസങ്ങൾക്ക് വലിയ വില നൽകേണ്ടി വരും. ജീവിതത്തിലായാലും കലയിലായാലും അന്നത്തെ പ്രത്യേക സാഹചര്യത്തിൽ അത്രയും ഭീമമായ ഒരു തുക എന്നത് പല കാരണങ്ങൾകൊണ്ടും അപ്രാപ്യമായിരുന്നു. തൽക്കാലം ഞങ്ങൾ ആ പദ്ധതി മാറ്റിവച്ചു.

  സൂക്ഷ്മാർത്ഥത്തിൽ നോക്കിയാൽ ജീവിതത്തിലെ ഒരു അധ്വാനവും പൂർണമായി പാഴാവുന്നില്ല. എന്തെങ്കിലും ഒരു ഉപഫലം അത് നൽകും. ജിജോയുമായുള്ള സംസാരത്തിൽ അദ്ദേഹം എഴുതിയ ഒരു ഇംഗ്ലീഷ് കഥയുടെ വിഷയത്തെക്കുറിച്ച് സംസാരിച്ചു. അത് ഒരു മിത്ത് ആയിരുന്നു. ഒരു മലബാർ തീരദേശ മിത്ത്. "ബറോസ്സ് - ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ,". പോർച്ചുഗീസ് പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഒരു നിഗൂഢ രചന. ഗാമയുടെ നിധി സൂക്ഷിക്കുന്ന ആളാണ് ബറോസ്സ്. നാനൂറിലധികം വർഷങ്ങളായി അയാൾ അത് കാത്തുസൂക്ഷിക്കുന്നു. യഥാർത്ഥ പിന്തുർച്ചക്കാർ വന്നാൽ മാത്രമെ അയാൾ അത് കൈമാറുകയുള്ളു. ബറോസ്സിന്‍റെ അടുത്തേക്ക് ഒരു കുട്ടി വരികയാണ്. അവർ തമ്മിലുള്ള ബന്ധവും അതിന്‍റെ രസങ്ങളുമാണ് കഥ.

  കഥ കേട്ടപ്പോൾ ഇത് സിനിമയാക്കിയാൽ നന്നാവുമല്ലോ എന്ന് തോന്നി. ആക്കാവുന്നതാണ് എന്ന് ജിജോ പറഞ്ഞു. അപ്പോൾ ആരു സംവിധാനം ചെയ്യും എന്ന അടുത്ത ചോദ്യം വന്നു. ഇതേവരെ ചെയ്യാത്ത ചില കാര്യങ്ങൾ ചെയ്യാൻ വെമ്പുന്ന ഒരു മനസാണ് എന്‍റേത്. നാം അതുവരെ കാണാത്ത, അറിയാത്ത, ഒരു ഭൂവിഭാഗത്തിലൂടെ യാത്ര ചെയ്യുന്ന ആനന്ദം മനുഷ്യനെ എന്നും ഉന്മത്തനാക്കിയിട്ടുണ്ട്. ജിജോ ഈ കഥ പറഞ്ഞപ്പോൾ എന്‍റെയുള്ളിലെവിടെയോ മോഹത്തിന്‍റെ ഒരു മരം തളിരണിഞ്ഞു. അതിൽ പ്രചോദനത്തിന്‍റെ പൂക്കൾ നിറഞ്ഞു. ഒട്ടും മുൻ നിശ്ചയമില്ലാതെ ഞാൻ പറഞ്ഞുപോയി, ഈ സിനിമ ഞാൻ സംവിധാനം ചെയ്താലോ???

  അപ്പോൾ ജിജോ പറഞ്ഞു, ചെയ്യണം, ലാലുമോൻ(എന്നെ അദ്ദേഹം അങ്ങനെയാണ് ആദ്യം മുതൽ വിളിക്കുന്നത്) ഇനി പുതിയ മേഖലകളിലൂടെ സഞ്ചരിക്കണം. അവിടെ കൂടുതൽ അത്ഭുതങ്ങൾ കണ്ടെത്താൻ സാധിക്കും. അദ്ദേഹവുമായുള്ള എന്‍റെ പരിചയം എത്രയോ വർഷങ്ങൾ നീണ്ടതാണ്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ തുടങ്ങുന്നു അത്... ഇന്ത്യയിൽ 3D സിനിമയെക്കുറിച്ച് ആരും ആലോചിക്കാത്ത കാലത്ത് മലയാളത്തിന്‍റെ പരിമിതമായ സാഹചര്യത്തിൽ നിന്നുകൊണ്ട് ജിജോ മൈ ഡീയർ കുത്തിച്ചാത്തൻ സൃഷ്ടിച്ചപ്പോൾ ഞങ്ങളുടെ തലമുറ അത്ഭുതത്തോടെ ഈ മനുഷ്യനെ നോക്കിനിന്നു. സെല്ലുലോയ്ഡിൽ ജീനിയസിന്‍റെ മുദ്ര പതിയുന്നത് കണ്ടു, അനുഭവിച്ചു. സിനിമയിൽ നിന്നും അദ്ദേഹം പിൻവാങ്ങി അജ്ഞാതമായ മറ്റേതോ നിഷബ്ദതയിലേക്ക് മറഞ്ർപ്പോഴും അതേ അത്ഭുതം എന്നിൽ ഉണ്ടായിരുന്നു. ഇപ്പോൾ മറ്റൊരുത്ഭുതമായി അദ്ദേഹം എന്‍റെ മുന്നിലിരിക്കുന്നു. ഒരു കലാകാരന്‍റെ മനസ് ഒരിക്കലും നിലയ്ക്കുന്നില്ല എന്ന് ബോധ്യപ്പെടുത്തിക്കൊണ്ട്.

  ഗോവയിലായിരിക്കും ഈ സിനിമ ചിത്രീകരിക്കുന്നത്. സ്ഥലങ്ങളെല്ലാം കണ്ടുകഴിഞ്ഞു. ഒരുപാട് വിദേശ അഭിനേതാക്കള്‍ വേണം. പ്രത്യേകിച്ചും ആ കുട്ടി.. ഇതിനുവേണ്ടിയുള്ള അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ബറോസ്സ് ഒരു തുടര്‍ സിനിമയായിട്ടായിരിക്കും സൃഷ്ടിക്കപ്പെടുന്നത്. 'എനിക്ക് ഒരു ലോക സിനിമ ചെയ്യാനിഷ്ടം' എന്ന ജിജോയുടെ സ്വപ്നത്തിന്റെ തുടക്കമാണ് ഈ സിനിമ.. ഈ സിനിമയില്‍ ബറോസ്സായി അഭിനിയിക്കുന്നതും ഞാന്‍ തന്നെ. വീണ്ടുമൊരിക്കല്‍ നവോദയ കുടുംബവുമായി ബന്ധപ്പെടുന്നതിന്റെ ആനന്ദവും ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഒരു കുടുംബമാണിത്. എത്രഎത്ര മനുഷ്യരും അവരുടെ സ്‌നേഹവും അവിടെ ഇപ്പോഴുമുണ്ട്. എനിയ്ക്ക് തിരിച്ച്പിടിക്കാനായി! പുതുക്കാനായി!

  എന്റെ മനസ്സ് ഇപ്പോള്‍ ബറോസിന്റെ ലഹരിയിലാണ്. ഒരുപാട് ദൂരങ്ങള്‍ താണ്ടാനുണ്ട്. പലകാര്യങ്ങള്‍ ചെയ്യാനുണ്ട്. സംവിധാനം എന്ന കിരീടത്തിന്റെ ഭാരം എനിക്ക് നന്നായി അറിയാം. എത്ര കാലമായി ഞാനത് കണ്ടുകൊണ്ടിരിക്കുന്നു... ഇപ്പോള്‍ എന്റെ ശരിസ്സിലും ആ ഭാരം അമരുന്നു. അതിന്‍റെ കനം കുറേശ്ശെക്കുറേശ്ശെ ഞാൻ അറിഞ്ഞു തുടങ്ങുന്നു. എന്‍റെ രാവുകൾക്ക് ഉറക്കം നഷ്ടപ്പെടുന്നു. ഈ അവസ്ഥകളിൽനിന്നും ബറോസ്സ് പുറത്തുവരും. കയ്യിൽ ഒരു നിധികുംഭവുമായി... അയാൾക്ക് മുന്നിൽ നക്ഷത്രക്കണ്ണുള്ള ഒരു കുട്ടിയുണ്ടാകും... അവരുടെ കളിചിരികളുണ്ടാവും, വിസ്മയസഞ്ചാരങ്ങളുണ്ടാവും. ആ വിശേഷങ്ങൾ ഞാൻ വഴിയേ പറയാം...

  STAY WITH ME
  സ്നേഹപൂർവ്വം
  മോഹൻലാൽ
  First published: