ഒരിടവേളക്ക് ശേഷം ദിലീപ് നായകനാവുന്ന കോടതി സമക്ഷം ബാലൻ വക്കീൽ ഫെബ്രുവരി 22ന് തിയേറ്ററുകളിലെത്തുകയാണ്. ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിൽ വക്കീൽ വേഷത്തിലാണ് ദിലീപ്. സംസാര വൈകല്യമുള്ള കഥാപാത്രം കൂടിയാണ് ബാലൻ വക്കീൽ. എന്നാൽ ദിലീപ് ഈ ചിത്രത്തിൽ നായകനായതിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് അജു വർഗീസ്. നാല് വർഷങ്ങൾക്ക് മുൻപ് നടന്ന കഥയാണിത്. ബി. ഉണ്ണികൃഷ്ണൻ ചിത്രം കോടതി സമക്ഷം ബാലൻ വക്കീലിന്റെ കഥ നായകനും മുൻപ് കേൾക്കുന്നത് മോഹൻലാൽ ആണ്. ശേഷം നായക വേഷത്തിലേക്ക് ദിലീപിനെ നിർദ്ദേശിക്കുന്നതും ലാൽ ആണ്. തുടക്കത്തിൽ 'നീതി' എന്ന പേരായിരുന്നു ചിത്രത്തിനായി കണ്ടു വച്ചിരുന്നത്. എന്നാൽ പിന്നീടത് മാറ്റുകയാണ് ചെയ്തത്.
"ബി ഉണ്ണികൃഷ്ണനും ദിലീപും ആദ്യമായി ഒന്നിക്കുന്ന ചിത്രം കോമഡി ക്രൈം ത്രില്ലർ ആക്ഷൻ എല്ലാം ഉൾപ്പെടുത്തിയ ഒരു ഫാമിലി എന്റർടൈനറാണ്. നാല് വർഷങ്ങൾക്ക് മുമ്പ് കഥ കേട്ട ശേഷം ലാലേട്ടനാണ് ദിലീപിനെ ചിത്രത്തിലെ നായകനായി നിർദേശിച്ചത്. " അജു തൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിക്കുന്നു. മംമ്ത മോഹൻദാസ് ആണ് നായിക.
ദിലീപിൻറെ പേരിൽ ചിത്രങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ഏറ്റവും അടുത്തായി ദിലീപ് തന്നെ തൻ്റെ പുതിയ ചിത്രമായ പറക്കും പപ്പന്റെ പ്രഖ്യാപനം ഫേസ്ബുക് പോസ്റ്റ് വഴി നടത്തിയിരുന്നു. എന്നാൽ പുതു വർഷത്തിൽ ഏറ്റവും ആദ്യം വന്ന വാർത്ത ദിലീപ്, സംവിധായകൻ കെ.പി. വ്യാസന്റെ പുതിയ ചിത്രത്തിൽ നായക വേഷം ചെയ്യുന്നു എന്നാണ്. ഛായാഗ്രാഹകൻ രാമചന്ദ്ര ബാബുവിന്റെ ആദ്യ സംവിധാന ചിത്രം പ്രൊഫസർ ഡിങ്കൻ ചിത്രീകരണം കഴിഞ്ഞിരിക്കുന്നു. റാഫി തിരക്കഥയൊരുക്കുന്ന പിക്പോക്കറ്റ് പി. ബാലചന്ദ്ര കുമാർ സംവിധാനം ചെയ്യും. ഇത് ബ്രസീലിലാവും ചിത്രീകരിക്കുക. സ്പീഡ് ട്രാക്ക് സംവിധാനം ചെയ്ത ജയസൂര്യക്കൊപ്പം ജാക്ക് ഡാനിയേൽ എന്ന ചിത്രമുണ്ട്. ഇതിൽ തെന്നിന്ത്യൻ താരം അർജുൻ സർജയും വേഷമിടും.ഇതൊക്കെയും കൂടാതെ ടു കണ്ട്രീസിന്റെ രണ്ടാം ഭാഗം, നാദിർഷ, അരുൺ ഗോപി തുടങ്ങിയവർക്കൊപ്പം ഉള്ള ചിത്രങ്ങൾ എന്നിവയുടെ ചർച്ചകൾ നടക്കുകയാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.