എത്രയോ വർഷങ്ങൾ തിരുവനന്തപുരം മോഡൽ സ്കൂളിന്റെ മുറ്റത്തു പങ്കു വച്ച സൗഹൃദം. അക്ഷരമുറ്റത്തു തന്നെ അവർ ഭാവി സ്വപ്നം കണ്ടു തുടങ്ങിയിരുന്നു. പിന്നെ ഇരുവരും സിനിമയുടെ വഴിയേ. ഈ ചിത്രത്തിലെ ഒരാൾ ഇന്ന് മലയാള സിനിമയിലെ പകരം വയ്ക്കാനില്ലാത്ത നടനും, മറ്റെയാൾ ഹിറ്റ് മേക്കർ സംവിധായകനും.
നടൻ മോഹൻലാലിന്റെ ഒരു ട്വീറ്റിലാണ് ആ പഴയ ചിത്രം വീണ്ടും തലപൊക്കിയത്. "ഒട്ടേറെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കിയ സൗഹൃദം; അന്നും, ഇന്നും. ഒന്നിച്ച്, തോളോട് തോൾ," ചിത്രത്തിന്റെ അടിക്കുറിപ്പ് ഇങ്ങനെ.
ആദ്യ ചിത്രമായ തിരനോട്ടത്തിൽ നടനായി മോഹൻലാൽ എത്തിയപ്പോൾ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രിയ കൂട്ടുകാരൻ ഉണ്ടായിരുന്നു. ആദ്യ നാളുകളിൽ തിരക്കഥാകൃത്തിന്റെ വേഷമണിഞ്ഞ സുഹൃത്ത് മെല്ലെ സംവിധായകനായി. ആദ്യ ചിത്രം 'പൂച്ചക്കൊരു മൂക്കുത്തി'യിൽ നായകന്മാരിൽ ഒരാൾ മോഹൻലാൽ ആയിരുന്നു.
പിന്നെ വന്ദനം, തേന്മാവിൻ കൊമ്പത്ത്, മിന്നാരം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്നിങ്ങനെ മോഹൻലാൽ-പ്രിയദർശൻ നായക സംവിധായക കൂട്ടുകെട്ടിൽ പിറന്നത് ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ. ഇവരുടെ ഏറ്റവും പുതിയ ചിത്രം 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം' അടുത്ത വർഷം തിയേറ്ററുകളിൽ എത്തും. പ്രിയ കൂട്ടുകാരൻ മോഹൻലാലിൻറെ മകൻ പ്രണവിനെയും സ്വന്തം മകൾ കല്യാണിയേയും പ്രിയദർശൻ സംവിധാനം ചെയ്യുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.