തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്കറിന്റെയും മകൾ തേജസ്വിനിയുടെയും മരണത്തിൽ കലാശിച്ച കാർ അപകടത്തിൽ ദുരൂഹതയേറുന്നു. സംഭവസ്ഥലത്തു നിന്നും രണ്ടു പേർ രക്ഷപ്പെടുന്നത് കണ്ടെന്ന് കലാഭവൻ സോബി ജോർജ് വെളിപ്പെടുത്തുന്നു. ഒരാൾ ഇടതുവശത്തേക്കും മറ്റൊരാൾ ബൈക്കിലും രക്ഷപ്പെടുന്നത് കണ്ടുവെന്ന് കലാഭവൻ സോബി പറയുന്നു. അവരെ കണ്ടിട്ടു സാധാരണക്കാരായി തോന്നിയില്ല. മാനേജർ പ്രകാശ് തമ്പിയോട് കാര്യം പറഞ്ഞപ്പോൾ പോലീസിനോട് പറയാം എന്നായിരുന്നു മറുപടി. പക്ഷെ ഇന്നുവരെയും പോലീസ് വിളിക്കുകയോ മൊഴി എടുക്കുകയോ ചെയ്തില്ല എന്നും സോബി ജോർജ് പറഞ്ഞു.
സംഭവം നടന്നതിന് ശേഷം ഏതാണ്ട് 10 മിനിറ്റിനുള്ളിൽ ആ വഴി തിരുനൽവേലിക്കു പോവുകയായിരുന്നു സോബി. അപ്പോൾ ആരാണ് കാറിനുള്ളിൽ എന്നറിയില്ല. മുന്നോട്ടു പോകുമ്പോൾ ആണ് നേരത്തെ പറഞ്ഞ രണ്ടു പേരെയും കണ്ടത്. കഴക്കൂട്ടം എത്തിയപ്പോൾ അപകടം പറ്റിയത് ബാലഭാസ്കറിന് ആണെന്ന് മനസ്സിലായത്. പരിചയക്കാരനായ മധു ബാലകൃഷ്ണനെ വിളിച്ചപ്പോഴാണ് പ്രകാശ് തമ്പിയുടെ നമ്പർ ലഭിക്കുന്നതും അയാളെ വിളിക്കുന്നതും. എന്നാൽ നല്ലൊരു പ്രതികരണം ലഭിച്ചില്ല എന്നാണ് സോബി പറയുന്നത്. ഇപ്പോൾ ബാലുവിന്റെ അച്ഛനെ വിളിച്ചാണ് സോബി കാര്യങ്ങൾ വിശദീകരിച്ചത്. പ്രകാശ് തമ്പിയുടെ പേര് സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ടു ഉയർന്നിരുന്നു. ഡി.ജി.പി.യോട് ബാലഭാസ്കറിന്റെ അച്ഛൻ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. നിലവിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടന്നു വരികയാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.