• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇനിയങ്ങോട്ട് സിനിമാക്കാലം; ഈ മാസം എത്തുന്നത് ആറ് ചിത്രങ്ങൾ

news18
Updated: September 4, 2018, 2:20 PM IST
ഇനിയങ്ങോട്ട് സിനിമാക്കാലം; ഈ മാസം എത്തുന്നത് ആറ് ചിത്രങ്ങൾ
news18
Updated: September 4, 2018, 2:20 PM IST
ഈ മാസം മുതൽ മലയാളികളെ കാത്തിരിക്കുന്നത് സിനിമാക്കാലം. കേരളത്തിലെ പ്രളയക്കെടുതിയെ തുടർന്ന് മാറ്റിവെച്ചിരുന്ന ചിത്രങ്ങൾ തിയേറ്ററുകളിലെത്തുകയാണ്. സെപ്തംബർ, ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായി ഒരുപിടി ചിത്രങ്ങൾ തിയേറ്ററുകളിലെത്തും.

ഈ മാസം മാത്രം ആറ് ചിത്രങ്ങളാണ് തിയേറ്ററുകളിലെത്തുന്നത്. ഓണത്തിന് റിലീസ് ചെയ്യാൻ കാത്തിരുന്ന ചിത്രങ്ങളാണ് ഇവയെല്ലാം. ഇതിനു പുറമെ ചിത്രീകരണം നടക്കുന്ന സിനിമകൾ പൂർത്തിയാകുന്നതോടെ വരും മാസങ്ങളിൽ റിലീസ് ചെയ്യും. ഇതോടെ മലയാളികളെ കാത്തിരിക്കുന്നത് സിനിമാക്കാലം തന്നെയാണെന്ന് വ്യക്തം.

അതേസമയം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബിഗ് ബജറ്റ് ചിത്രങ്ങളായ നിവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണി, മോഹൻലാലിന്റെ ഒടിയൻ എന്നിവ ഈ മാസം എത്തുന്നില്ല എന്നത് വലിയൊരു നിരാശയാണ്.



 

രണം

പൃഥ്വിരാജ് നായകനായ ആക്ഷൻ ത്രില്ലർ ചിത്രമാണ് രണം. നവാഗതനായ നിർമൽ സഹദേവ് ആണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഇഷ തൽവാറാണ് ചിത്രത്തിൽ നായിക. റഹ്മാൻ, നന്ദു, ശ്യാമ പ്രസാദ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സെപ്തംബർ ആറിന് ചിത്രം തിയേറ്ററുകളിലെത്തും.

തീവണ്ടി
സാങ്കേതിക കാരണങ്ങളാലുൾപ്പെടെ പലതവണ വൈകിയ ചിത്രമാണ് ടൊവിനോ നായകനായ തീവണ്ടി. പുതുമുഖം സംയുക്ത മേനോൻ ആണ് നായിക. നവാഗതനായ ഫെല്ലിനി ടി. പിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനി വിശ്വലാലിന്റേതാണ് കഥ. ചിത്രം സെപ്തംബർ ഏഴിന് തിയേറ്ററുകളിലെത്തും.

പടയോട്ടം

ഓണത്തിന് മുമ്പ് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രമാണ് ബിജു മേനോൻ നായകനായ പടയോട്ടം. നവാഗതനായ റഫീഖ് ഇബ്രാഹിം ആണ് സംവിധാനം. ചിത്രത്തിൽ ചെങ്കൽ രഘു എന്ന ഗുണ്ട കഥാപാത്രത്തെയാണ് ബിജു മേനോൻ അവതരിപ്പിക്കുന്നത്.സംവിധായകരായ ലിജോ ജോസ് പെല്ലിശ്ശേരി, ദിലീഷ് പോത്തൻ, ബേസിൽ ജോസഫ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ഹാസ്യത്തിന് പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രത്തിൽ അനു സിത്താരയാണ് നായിക. സെപ്തംബർ 14ന് ചിത്രം തിയേറ്ററുകളിലെത്തും.



ഒരു കുട്ടനാടൻ ബ്ലോഗ്

തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന മമ്മൂട്ടി നായകനാകുന്ന ചിത്രമാണ് കുട്ടനാടൻ ബ്ലോഗ്. റായ് ലക്ഷ്മിയാണ് നായിക. മുരളി ഫിലിംസിന്റെ ബാനറിൽ പികെ മുരളീധരൻ, ശാന്ത മുരളീധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അനു സിതാര, ഷംന കാസിം, സിദ്ധിഖ്, ജൂഡ് ആന്റണി, ജേക്കബ് ഗ്രിഗറി, ലാലു അലക്സ് തുടങ്ങി വൻ താരനിരതന്നെ ചിത്രത്തിലുണ്ട്. ഓഗസ്റ്റ് 24ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. സെപ്തംബർ 14ന് ചിത്രം തിയേറ്ററുകളിലെത്തും.



വരത്തൻ

ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിനു ശേഷം ഫഹദ് ഫാസിലും അമൽനീരദും ഒന്നിക്കുന്ന ചിത്രമാണ് വരത്തൻ. ഐശ്വര്യ ലക്ഷ്മിയാണ് നായിക. നസ്രിയയാണ് ചിത്രം നിർമിക്കുന്നത്. ചിത്രം സെപ്തംബർ 20ന് തിയേറ്ററുകളിലെത്തും.



മാംഗല്യം തന്തുനാനേന

കുഞ്ചാക്കോ ബോബനെ നായകനാക്കി സൗമ്യ സദാനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാംഗല്യം തന്തുനാനേനാ. നിമിഷ സജയനാണ് നായിക. ഹരീഷ് കണാരൻ, ശാന്തി കൃഷ്ണ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ടോണി മഠത്തിലാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സെപ്തംബർ 20ന് ചിത്രം തിയേറ്ററുകളിലെത്തും.



കായംകുളം കൊച്ചുണ്ണി

നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ഒക്ടോബർ 11ന് പുറത്തിറങ്ങുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന സൂചനകൾ. പൂജ അവധിക്ക് മുമ്പ് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സൂചന. ചിത്രത്തിൽ ഇത്തിക്കരപ്പക്കിയായി മോഹൻലാലും എത്തുന്നുണ്ട്.

 

ജോണി ജോണി യെസ് അപ്പ 

കുഞ്ചാക്കോ ബോബനെ നായകനാക്കി ജി മാര്‍ത്താണ്ഡൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജോണി ജോണി യെസ് അപ്പ. കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ജോജി തോമസാണ്. അനു സിത്താരയാണ് നായിക. ഒക്ടോബർ 11ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.



ഡ്രാമ

മോഹൻലാലിനെ നായകനാക്കി രഞ്ജിത് ഒരുക്കുന്ന ചിത്രമാണ് ഡ്രാമ. അരുന്ധതി നാഗ്, ആശാ ശരത്ത്, കനിഹ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. എംകെ നാസർ, മഹാ സുബൈർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സെപ്തംബർ 14ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. നവംബർ ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.

ഒടിയൻ

മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോന്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഒടിയൻ. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ഒക്ടോബർ 18ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ മോഹൻലാലും പ്രധാന വേഷത്തിലെത്തുന്ന കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിനു വേണ്ടി ഒടിയന്റെ റിലീസ് മാറ്റയിരിക്കുകയാണ്. ഡിസംബറിലാകും റിലീസ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ. മഞ്ജു വാര്യരാണ് നായിക.
First published: September 4, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍