ദുല്‍ഖര്‍ സല്മാന് റാം ആവുമ്പോൾ സീതയാവാൻ ഉത്തരേന്ത്യൻ സുന്ദരി മൃണാൾ താക്കൂർ. ദുൽഖറിന്റെ അടുത്ത തെലുങ്ക് ചിത്രത്തിലെ നായികയെ അവരുടെ ജന്മദിനത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. അന്താല രാക്ഷസി ഫെയിം ഹനുരാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പ്രൊഡക്ഷന്‍ നമ്പര്‍ സെവൻ എന്നാണ് താൽക്കാലികമായി പേര് നൽകിയിരിക്കുന്നത്.
ചിത്രത്തിലെ വിവിധ സീനുകള്‍ ചേര്‍ത്തിണക്കിയ വീഡിയോയിലൂടെ ദുൽഖർ സൽമാന് സിനിമയുടെ അണിയറപ്രവർത്തകർ പിറന്നാള്‍ ആശംസകള്‍ നേർന്നിരുന്നു. 'മഹാനടി' നിര്‍മ്മിച്ച സ്വപ്ന മൂവീസും വൈജയന്തി ഫിലിംസും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് ചിത്രമായിരുന്നു 'മഹാനടി'.
കാശ്മീരില്‍വെച്ച് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരണം പൂര്‍ത്തിയാക്കിയെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ലെഫ്റ്റനന്റ് റാമിന്റെ പ്രണയഗാഥ എത്രയും പെട്ടെന്ന് നിങ്ങൾക്ക് സാക്ഷ്യം വഹിക്കാം എന്ന കുറിപ്പോടെയാണ് ദുൽഖർ സൽമാന്റെ പിറന്നാൾ വീഡിയോ പുറത്ത് വിട്ടിരുന്നത്.
ഹാനു രാഘവപുഡിയാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ സംവിധായകൻ. തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പി.എസ്. വിനോദ് ആണ് ഛായാഗ്രഹണം. വിശാൽ ചന്ദ്രശേഖർ സംഗീതം നൽകുന്നു. വൈജയന്തി മൂവീസും, സ്വപ്ന സിനിമാസും ഒരുമിച്ചാണ് ചിത്രം നിർമ്മിക്കുന്നത്. 1960കളിൽ ജമ്മു കശ്മീരിൽ നടന്ന ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. കഴിഞ്ഞ വര്‍ഷം ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നത്.
സംവിധായകന് ജോഷിയുടെ മകന് അഭിലാഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുല്‍ഖര്‍ സല്മാന് നായകവേഷം ചെയ്യുന്നുണ്ട്. 'കിംഗ് ഓഫ് കൊത്ത' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയറര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിന്റെ രചന നിര്‍വഹിച്ച അഭിലാഷ് എന്‍. ചന്ദ്രനാണ് ചിത്രത്തിന്റെയും തിരക്കഥ ഒരുക്കുന്നത്.
ജോഷിയുടെ സിനിമകളില്‍ ഏറ്റവും കൂടുതലും നായകാനയിട്ടുള്ളത് മമ്മൂട്ടിയാണ്. ഇപ്പോള്‍ മകന് അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ നായകനാകുന്നതിനെ സിനിമാ ലോകം ഏറെ കൗതുകത്തോടെയാണ് നോക്കികാണുന്നത്. മമ്മൂട്ടി- ജോഷി കൂട്ടുകെട്ടിയിൽ ഒട്ടേറെ ഹിറ്റ് സിനിമകളാണ് പിറന്നത്. മക്കൾ ഒന്നിക്കുമ്പോഴും വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്.
സൂപ്പർഹിറ്റ് ചിത്രം പറവക്ക് ശേഷം സൗബിൻ ഷാഹിറും ദുൽഖർ സൽമാനും വീണ്ടും ഒന്നിക്കുന്ന സിനിമയും ഒരുങ്ങുന്നുണ്ട്. 'ഓതിരം കടകം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ നിർമാണം ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് തന്നെയാണ് നിർവഹിക്കുന്നത്. സൗബിൻ ഷാഹിർ സംവിധാനം ചെയ്യുന്ന സിനിമയാണിത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
Summary: Mrunal Thakur to play lady lead in Dulquer Salmaan's untitled movie in Telugu
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.