• HOME
 • »
 • NEWS
 • »
 • film
 • »
 • Mukundan Unni Associates review | അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി നായകനോ വില്ലനോ?

Mukundan Unni Associates review | അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി നായകനോ വില്ലനോ?

Mukundan Unni Associates review | മിസ്റ്റർ മുകുന്ദനുണ്ണീ, ഒരാൾക്ക് മനുഷ്യരെ ഇത്രയേറെ വെറുപ്പിക്കാൻ സാധിക്കുമോ? ഏറെ നാളുകൾക്കു ശേഷം പ്രതീക്ഷയേകുന്ന കഥാപാത്രവുമായി വിനീത് ശ്രീനിവാസൻ

മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്

മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്

 • Share this:
  Mukundan Unni Associates review | 'അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി, കോട്ട് ഒക്കെയുണ്ട്, ഭയങ്കര ബുദ്ധിയാ'. വളരെ വർഷങ്ങൾക്ക് മുൻപ് അതിഥിവേഷം അവതരിപ്പിച്ച്, പ്രേക്ഷക മനസ്സുകളിൽ രണ്ട് പതിറ്റാണ്ടുകൾ കടന്നും സജീവമായ സലിം കുമാർ കഥാപാത്രം പറയുന്ന ഡയലോഗാണിത്. ജൂനിയർ വക്കീലായി കാലക്ഷേപം കഴിക്കാൻ താത്പര്യമില്ലാതെ, സ്വന്തം നിലയിൽ കേസെടുക്കാൻ പെടാപ്പാടുപെടുന്ന ആ പഴയ മുകുന്ദൻ ഉണ്ണിയല്ല, എടുത്താൽ പൊങ്ങാത്ത കുരുട്ടു ബുദ്ധിയുമായി ജീവിതത്തിൽ 'സക്സസ്ഫുൾ' ആവാൻ ഇറങ്ങിത്തിരിച്ച 36 വയസ്സുകാരനും അവിവാഹിതനുമായ 'മുകുന്ദനുണ്ണി അസ്സോസിയേറ്റ്സിലെ' അഡ്വക്കേറ്റ് മുകുന്ദനുണ്ണി (വിനീത് ശ്രീനിവാസൻ).

  പല മുതിർന്ന വക്കീലന്മാർക്കൊപ്പവും ജൂനിയർ ആയി പ്രാക്ടീസ് ചെയ്തിട്ടും ഇനിയും ജീവിതം കരുപ്പിടിപ്പിക്കാൻ കഴിയാത്ത, ആരുടേയും സിമ്പതി പിടിച്ചുപറ്റുന്ന ആളാണ് ഇയാൾ. പക്ഷെ അധികനേരം അയാൾ അങ്ങനെ തുടരും എന്ന് പ്രതീക്ഷവേണ്ട. തോറ്റുതുന്നംപാടി എന്ന് കരുതുന്ന വേളയിൽ, കോണിപ്പടിയിൽ നിന്നും പാമ്പിനെ കണ്ട് പേടിച്ച് നിലത്തു വീണ് കാലൊടിയുന്ന അമ്മയിലൂടെ അയാളുടെ ജീവിത ഗതി ടാർ പൊളിഞ്ഞ ഇടറോഡിൽ നിന്നും ഹൈവേയുടെ സൂപ്പർഫാസ്റ് ഗതിവേഗം പിടിക്കുന്ന കാഴ്ച ആരംഭിക്കുന്നു.

  കറുത്ത ഫ്രയിം കണ്ണടയും, എണ്ണതേച്ച് പറ്റിച്ച തലമുടിയും വെള്ളയുടുപ്പും ധരിച്ച് 'ഒരു നിഷ്കളങ്കൻ' എന്ന് എളുപ്പം പറഞ്ഞ് തള്ളാൻ തോന്നുമാറുള്ള ഇയാൾ നായകനല്ല, വില്ലനാണ്. അഴിമതി, സ്വാർത്ഥത തുടങ്ങിയ പേരുകളിൽ പൊതുജനം കല്ലെറിയാറുള്ള സ്ഥിരം വിഭാഗങ്ങളിൽ നിന്നും മാറി, ഒരു വക്കീലിലേക്ക് ശ്രദ്ധ നൽകുക. വക്കീൽ മാത്രമല്ല, സാധാരണക്കാർ അകമഴിഞ്ഞ് വിശ്വസിക്കുന്ന ഡോക്ടർ, പോലീസ്, ആംബുലൻസ് ഡ്രൈവർ, പോലീസുകാർ എന്നിവർക്കിടയിലും തൊഴിലിന്റെ നൈതികത മറന്ന് എണ്ണതേക്കുന്നവരെ, സാധാരണക്കാരെ മുതലെടുക്കുന്നവരെ സമൂഹത്തിന് മുന്നിൽ തുറന്നു കാട്ടുകയാണ് അതിമനോഹരമായി അവതരിപ്പിച്ച ഈ ചിത്രം.

  സ്വന്തമായി ഓരോ കാര്യം ചെയ്യുമ്പോഴും, ഓരോ പടികടക്കുമ്പോഴും മുകുന്ദനുണ്ണി അയാളോട് നടത്തുന്ന ആത്മഭാഷണത്തിൽ ഉൾപ്പെടെ ബ്ലാക്ക് കോമഡി സങ്കേതം വേണ്ടുവോളം കാണാം, കേൾക്കാം. ഒരു പെറ്റി കേസ് പോലും പിടിക്കാനറിയാത്ത ഇയാൾ കുറുക്കുവഴിയിലൂടെ സമ്പാദ്യം, വീട്, കാർ, ഭാര്യ എന്നിങ്ങനെ എല്ലാം ഞൊടിയിടയിൽ നേടുന്ന പോക്കിൽ പ്രേക്ഷകരുടെ മനസ്സിൽ വെറുപ്പ് സൃഷ്‌ടിക്കും. നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുമ്പോൾ, തൊഴിലിന്റെ മാത്രമല്ല, വ്യക്തി എന്ന നിലയിലും നീതിശാസ്ത്രം മറക്കുന്ന മുകുന്ദനുണ്ണിമാരുടെ കൈകളിൽ പെട്ട എത്ര പേർ ഇഹത്തിലും പരത്തിലുമായി ഉണ്ടാകും?

  ആദ്യാവസാനം നെഗറ്റീവ് ഷെയ്‌ഡുള്ള മുകുന്ദനുണ്ണിയായി വിനീത് ശ്രീനിവാസൻ സ്‌ക്രീനിൽ നിറഞ്ഞാടുന്നു. മുകുന്ദനുണ്ണിയുടെ പെർഫോമൻസിനായി കോമഡി കൂട്ടുപിടിക്കുമ്പോഴും, ഇത്തരം സാഹചര്യങ്ങളിൽ ചതിക്കപ്പെട്ടവർ എങ്കിലും കുറഞ്ഞ പക്ഷം ചിരിയേക്കാൾ കൂടുതൽ ഉൾക്കിടിലം അനുഭവിച്ചേക്കാം. മുകുന്ദനുണ്ണിയെ വെറുക്കാതെ സിനിമ കണ്ടുതീർക്കാൻ എത്രപേർക്ക് സാധിക്കും എന്നറിയേണ്ടിയിരിക്കുന്നു.

  നീണ്ട നാളത്തെ കാത്തിരിപ്പിനു ശേഷമാണ് വിനീത് ശ്രീനിവാസൻ എന്ന നടനിൽ നിന്നും ഒരു നല്ല കഥാപാത്രം സ്‌ക്രീനിൽ തെളിഞ്ഞത്. ഒപ്പം ചേരുന്ന സുരാജ് വെഞ്ഞാറമൂടിന്റെ അഡ്വ. വേണു, സുധി കോപ്പയുടെ അഡ്വ. റോണി, ബിജു സോപാനത്തിന്റെ ഡോ: സെബാറ്റി, ജഗദീഷിന്റെ ജസ്റ്റിസ്. സംഗമേശ്വരൻ എന്നീ വേഷങ്ങളും ശ്രദ്ധനേടി മുന്നോട്ടു പോകുന്നു. കുമ്പളങ്ങി നൈറ്റ്‌സിലൂടെ മലയാളി അടുത്തറിഞ്ഞ നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ റിയ സൈറ, ആർഷ ബൈജു, തൻവി റാം എന്നിവർ ചെയ്ത സ്ത്രീകഥാപാത്രങ്ങളും കഥയുടെ പുരോഗതിയിൽ നിർണ്ണായകമാണ്.

  കാലം കാത്ത കാവ്യനീതി എന്നൊന്നുണ്ടെങ്കിലും, മുകുന്ദനുണ്ണിയുടെ കാര്യത്തിൽ അൽപ്പസ്വൽപ്പം ട്വിസ്റ്റുണ്ട്. സിനിമയായാൽ ശുഭപര്യവസായിയായി അവസാനിക്കും എന്ന ചിന്തയാണല്ലോ, സ്ഥിരം കമേഴ്‌സ്യൽ ചിത്രങ്ങൾക്ക്. അതിവിടെ കാണില്ല.

  ജനത്തിന്റെ കണ്ണിൽ പൊടിയിട്ട് ജീവിക്കുന്നവരുടെ കഥകൾ മലയാള സിനിമയിൽ പലപ്പോഴായി വന്നുപോയിട്ടുണ്ടെങ്കിലും, വളരെയേറെ ഫ്രഷ് ആയ പ്രമേയം അവതരിപ്പിച്ചതിന് അഭിനവ് സുന്ദർ നായക് എന്ന സംവിധായകന് അഭിനന്ദനങ്ങൾ. വഴിയിൽ കുഴിയുണ്ട് എന്നറിയാമെങ്കിലും, അതെവിടെ, എങ്ങനെ, എപ്പോൾ ഉണ്ടാവും എന്ന് കൃത്യമായി അറിയാത്തവർക്കുള്ള വഴിവിളക്കാണ് 'മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്.'
  Published by:Meera Manu
  First published: