പ്രളയകാലം കടന്നെത്തിയ കേരളത്തിന് അതിജീവനത്തിന്റെ പ്രചോദനവുമായി 23 ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കമായി. 72 രാജ്യങ്ങളിലെ 164 ചിത്രങ്ങളാണ് 386 സ്ക്രീനുകളിലായി പ്രദർശിപ്പിക്കുന്നത്. പ്രളയം തീർത്ത ആഘാതത്തിൽ നിന്നും കരകയറുന്ന നാടിന് അതിജീവനത്തിന്റെ കഥ പറയാന്‍ ഹോപ്പ് ആന്‍ഡ് റീ ബില്‍ഡിംഗ് വിഭാഗത്തില്‍ മെല്‍ ഗിബ്സണിന്റെ അപ്പോകാലിപ്റ്റോ അടക്കം ആറ് ചിത്രങ്ങളെത്തും. മികച്ച ചിത്രങ്ങളുടെ ശേഖരവും ഇക്കുറി ഐഎഫ്എഫ്കെയുടെ പ്രത്യേകതയാണ്.
ഈ വർഷത്തെ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുന്ന കാണേണ്ട സിനിമകൾ ഇവയൊക്കെയാണ്
The Wild Pear Tree
Director : Nuri Bilge Ceylan
നൂറി ബിൽഗ് സീലൻ സംവിധാനം ചെയ്ത ദി വൈൽഡ് പിയർ ട്രീ എഴുത്തുകാരനാകാൻ മോഹിച്ച സിനാൻ എന്ന യുവാവിന്റെ കഥയാണ് പറയുന്നത്. സാഹചര്യങ്ങൾ മൂലം സ്വന്തം ജന്മനാട്ടിൽ തിരിച്ചെത്തേണ്ടി വന്ന സിനാനെ നാട്ടിൽ കാത്തിരുന്നത് പിതാവ് ഉണ്ടാക്കിവെച്ച കടബാധ്യതയാണ്. സ്വന്തം പുസ്തകം പ്രസിദ്ധീകരിക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സിനാന് കഴിയുമോ?
https://youtu.be/i5AXuJA8czQ
DOGMAN
Director : Matteo Garrone / Italy, France /2018/Colour/103’/Italian
മറ്റേവോ ഗാരൺ സംവിധാനം ചെയ്ത 'ഡോഗ്മാൻ' മാർസലോ എന്ന ശ്വാന പരിശീലകന്റെയും മകളുടേയും കഥയാണ് പറയുന്നത്. മകൾക്കും സുഹൃത്തുക്കൾക്കുമൊപ്പം സന്തോഷത്തോടെ കഴിയുന്ന മയക്കുമരുന്ന് വ്യാപാരത്തിലേക്കും മുൻ ബോക്സറായ സൈമണുമായുള്ള ബന്ധത്തെ തുടർന്ന് ജയിലിലേക്കും എത്തപ്പെടുന്നു. മകൾക്കും സുഹൃത്തുക്കൾക്കും മുന്നിൽ സ്വന്തം നിരപരാധിത്വം തെളിയിക്കാനുള്ള മാർസലോയുടെ ശ്രമങ്ങളാണ് സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത്. ലോക സിനിമാ വിഭാഗത്തിലാണ് 2018 ൽ പുറത്തിറങ്ങിയ ചിത്രം പ്രദർശിപ്പിക്കുന്നത്. എഡോർഡോ പെസ്കെയാണ് മാർസലോ ആയി വേഷമിടുന്നത്.
Also Read: സിനിമ വീണ്ടും വിളിച്ചു, മണി വിളികേട്ടു
Everybody Knows/ 2018
Director : Asghar Farhadi
2009 ൽ സുവർണ ചകോരം നേടിയ 'എബൗട്ട് എല്ലി'യുടെ സംവിധായകൻ അസ്ഗർ ഫർഹാദിയുടെ 'എവരി ബഡി നോസ്'. സഹോദരിയുടെ വിവാഹത്തിനായി അര്‍ജന്റീനയില്‍ നിന്നും സ്പെയിനിലെത്തുന്ന ലോറ എന്ന യുവതിയും ഭർത്താവും മുൻ കാമുകനുമാണ് പ്രധാന കഥാപാത്രങ്ങൾ. മോചനദ്രവ്യത്തിനായി ലോറയുടെ കുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ടുപോകുന്നതും തുടർന്നുണ്ടാകുന്ന സങ്കീര്‍ണതകളുമാണ് ചിത്രത്തിന്റെ പ്രമേയം. കുടുംബ ബന്ധങ്ങളുടെ സങ്കീർണതകൾ വിഷയമാക്കുന്ന അസ്ഗർ ഫർഹാദി സ്റ്റൈൽ തന്നെയാണ് 'എവരി ബഡി നോസ്' ഉം പറയുന്നത്. പെനലോപ് ക്രൂസ്, ജാവിയർ ബാർഡെം, റിക്കാർഡോ ഡറിൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
https://youtu.be/c8vQaq0RuY4
COLD WAR
Director : Pawel Pawlikowski / Poland, France, United Kingdom/2018/
ലോക സിനിമാ വിഭാഗത്തിൽ തന്നെ പ്രദർശിപ്പിക്കുന്ന ചിത്രമാണ് കോൾഡ് വാർ. വൈകാരികമായും സാമൂഹികമായും തീർത്തും വ്യത്യസ്തരായ രണ്ട് പേർ തമ്മിലുള്ള ഗാഢപ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. 1950 കളിലെ കോൾഡ് വാർ സമയമാണ് സിനിമയുടെ പശ്ചാത്തലം. പ്രതികൂലമായ സാഹചര്യത്തിൽ അസാധ്യമെന്ന് കരുതുന്ന പ്രണയകഥയാണ് സംവിധായകൻ പവൽ പൊളികോസ്കി പറയുന്നത്. കാൻ, ടൊറന്റോ ചലച്ചിത്ര മേളകളിൽ മികച്ച അഭിപ്രായമാണ് സിനിമ നേടിയത്.
3 FACES
Director : Jafar Panahi / Iran/2018
വിഖ്യാത സംവിധായകൻ ജാഫർ പനാഹിയുടെ 3 ഫേസസ് ലോക സിനിമാ വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്. ജാഫർ പനാഹിയും നടി ബെഹ്നാസ് ജഫ്രിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് അഭിനയ പഠനം ഉപേക്ഷിക്കേണ്ടി വരുന്ന പെൺകുട്ടി സഹായമഭ്യർത്ഥിച്ച് ബെഹ്നാസ് ജഫ്രിക്ക് വീഡിയോ സന്ദേശമയക്കുന്നു. പെൺകുട്ടിയെ സഹായിക്കാനുറച്ച ജഫ്രി സംവിധായകൻ ജാഫർ പനാഹിക്കൊപ്പം യാത്ര പുറപ്പെടുന്നു. പെൺകുട്ടിയെ തേടിയുള്ള യാത്രക്കിടയിൽ ഇരുവരും കാണുന്ന കാഴ്ചച്ചകളും അനുഭവങ്ങളുമാണ് ഈ റോഡ് മൂവി പറയുന്നത്.
A Twelve-Year Night
Director :Álvaro Brechner
ഉറൂഗ്വേയിൽ മൂന്ന് തുപമാരോസ് തടവുകാരെ രഹസ്യ മിലിട്ടറി ഓപ്പറേഷന്റെ ഭാഗമായി 12 വർഷക്കാലം ഏകാന്ത തടവിന് വിധിക്കുന്നു. ഏകാന്ത വാസത്തിൽ തടവുകാർ നേരിടുന്ന കടുത്ത മാനസിക പീഡനങ്ങളും ഭരണകൂട ഭീകരതയുമാണ് എ ട്വൽവ് ഇയർ നൈറ്റ് പറയുന്നത്. തടവുകാരിൽ ഒരാളായ പെപെ മുചീകയാണ് പിന്നീട് ഉറൂഗ്വേയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തും. അൽവാറോ ബ്രെഷ്നർ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ലോക സിനിമാ വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്. അന്റോണിയോ ഡി ലാ ടോറ, ചിനോ ഡാറിൻ, അൽഫോൻസോ ടോർട്, സീസർ ട്രോൻകോസോ, തുടങ്ങിയവരാണ് അഭിനേതാക്കൾ.
https://youtu.be/y97o1phiyRY
Knife & Heart
Director : Yann Gonzalez
ക്രൈം ത്രില്ലർ ശ്രേണിയിൽ വരുന്ന നൈഫ് ആന്റ് ഹാർട് എന്ന സിനിമയിൽ പോൺ സിനിമാ നിർമാതാവായ ആൻ തന്റെ സ്വപ്ന പദ്ധതിയായ സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ്. എന്നാൽ ആനിന്റെ എല്ലാ പദ്ധതികളും തകിടംമറിച്ച് കൊണ്ട് സിനിമയ്ക്കായി നിശ്ചയിച്ച താരങ്ങൾ ഒന്നൊന്നായി ദുരൂഹമായി കൊല്ലപ്പെടുന്നു. പൊലീസിന് കുറ്റവാളിയെ കണ്ടെത്താനാകാത്തതിനെ തുടർന്ന് കൊലപാതകിയെ കണ്ടെത്താനായി ആൻ തന്നെ രംഗത്തിറങ്ങുന്നു. ഇതിനായി വിചിത്രമായ പദ്ധതിയും ആൻ തയ്യാറാക്കുന്നു.
Capernaum
Director : Nadine Labaki/Lebanon
തന്നെ ജനിപ്പിച്ചതിന്റെ പേരിൽ മാതാപിതാക്കൾക്കെതിരെ കോടതിയെ സമീപിക്കുന്ന ലബനീസ് ബാലൻ. ഇനി കുഞ്ഞുങ്ങളെ ജനിപ്പിക്കരുതെന്നാണ് മാതാപിതാക്കളോട് അവന് പറയാനുള്ളത്. സമൂഹത്തിന്റെ മനുഷ്യത്വമില്ലായ്മയും സഹജീവി സ്നേഹരാഹിത്യവും സിനിമ തുറന്നുകാട്ടുന്നു. നദീൻ ലബാകി സംവിധാനം ചെയ്ത നിരവധി അന്താരാഷ്ട്ര മേളകളിൽ മികച്ച അഭിപ്രായം നേടിയിട്ടുണ്ട്.
https://youtu.be/ULUo0048xZE
The House that Jack Built
Director : Lars von Trier / Denmark
ലാർസ് വോൺ ട്രിയർ സംവിധാനം ചെയ്ത ദി ഹൗസ് ദാറ്റ് ബ്വിൽറ്റ് ജാക്ക് 1970 കളിലെ യുഎസിലാണ് കഥ നടക്കുന്നത്. സീരിയൽ കില്ലറായ ജാക്കിന്റെ വീക്ഷണത്തിലാണ് സിനിമ മുന്നോട്ടുപോകുന്നത്. ഓരോ കൊലപാതകവും സുന്ദരമായ കലാസൃഷ്ടിയെന്ന പോലെയാണ് അയാൾ സങ്കൽപ്പിക്കുന്നത്.
Suleiman Mountain
Director : Elizaveta Stishova/ Russia | Kyrgyzstan
ഒരു പ്രത്യേക പ്രകൃതക്കാരനാണ് കരാബാസ്. കടുത്ത ചൂതാട്ടക്കളിക്കാരനും മദ്യപാനിയും. കുട്ടികളെ പോലെ വാശി. കുടുംബത്തിൽ സ്വന്തം കാര്യം കഴിഞ്ഞ് മാത്രം മറ്റുള്ളവരെ പരിഗണിക്കും. രണ്ട് ഭാര്യമാരടങ്ങുന്ന കരാബസിന്റെ കുടുംബ ജീവിതമാണ് സംവിധായകൻ എലിസ്വേറ്റ സ്റ്റിസോവ സുലൈമാൻ മൗണ്ടെയ്നിൽ പറയുന്നത്.
BLACKKKLANSMAN
Director : Spike Lee/English
ജോൺ ഡേവിഡ് വാഷിംഗ്ടൺ, അലക് ബാഡ്വിൻ, ഇസിയ വിറ്റ്ലോക് ജൂനിയർ എന്നിവർ പ്രധാന വേഷം അവതരിപ്പിക്കുന്ന ബ്ലാക്ക് ലാൻസ്മാൻ വംശീയ വിവേചനത്തെ കുറിച്ചാണ് പറയുന്നത്. സ്പൈക് ലീയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥനാണെങ്കിലും നിരന്തരം വംശീയ വിവേചനത്തിന് ഇരയാകുന്നയാളാണ് റോൺ സ്റ്റാൽവർത്ത്.
https://youtu.be/fQNZhs0QKq0
TALE OF THE SEA
Director : Bahman Farmanara/ Iran/ 2018
മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന 'ടെയ്ൽ ഓഫ് ദി സീ' യിൽ സംവിധായകൻ ബഹ്മാൻ ഫർമനാര തന്നെയാണ് കേന്ദ്ര കഥാപാത്രമായ താഹെർ മൊഹിബിയെ അവതരിപ്പിക്കുന്നത്. എഴുത്തുകാരനായ താഹെർ ക്രൂരമായ കൊലപാതകത്തിന് ദൃക്സാക്ഷിയാകേണ്ടി വരുന്നു. തുടർന്ന് മനോനില തെറ്റിയ താഹെർ മൂന്ന് വർഷത്തോളം മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ ശേഷം തിരിച്ചെത്തുകയും പിന്നീട് കടന്നു പോകേണ്ടിവരുന്ന സാഹചര്യങ്ങളുമാണ് ഈ ഇറാനിയൻ ചിത്രത്തിന്റെ പ്രമേയം.
Transit
Director : Christian Petzold
നാസി അധിനിവേശത്തെ തുടർന്ന് ഫ്രാൻസിലേക്ക് കുടിയേറാൻ ശ്രമിക്കുന്ന യുവാവ്, നിലനിൽപ്പിനായി മരണപ്പെട്ട എഴുത്തുകാരന്റെ പേരിൽ ആൾമാറാട്ടം നടത്തുന്നു. ക്രിസ്റ്റ്യൻ പെറ്റ്സോൾഡ് സംവിധാനം ചെയ്ത ചിത്രം ബെർലിൻ, ബ്യൂണിസ് ഐറിസ്, ചിക്കാഗോ ഫെസ്റ്റുകളിൽ മികച്ച അഭിപ്രായം നേടിയ ചിത്രമാണ്. ഫ്രാൻസ് റോഗോവ്സ്കി, പൗള ഗോഡ്ഹാർഡ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.
In the Aisles
Director : Thomas Stuber
അന്തർമുഖനും നാണംകുണുങ്ങിയുമായ ക്രിസ്റ്റ്യൻ ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് ഒരു ഹോൾസെയിൽ ഷോപ്പിൽ ജോലി തേടിയെത്തുന്നു. അവിടെ വെച്ച് പരിചയപ്പെടുന്ന ബ്രൂണോയുമായി സൗഹൃദത്തിലാകുന്നു. ഷോപ്പിലെ ഇടനാഴികളിൽ വെച്ച് കണ്ടുമുട്ടുന്ന മാരിയോണുമായി ക്രിസ്റ്റ്യൻ ക്രമേണ അടുക്കുന്നു. ബെർലിൻ ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തോമസ് സ്റ്റബറാണ്.
https://youtu.be/HFmtr-2xfrU
A FAMILY TOUR
Director : Ying Liang
ചൈനീസ് ചലച്ചിത്രമായ 'എ ഫാമിലി ടൂർ' യാങ് ഷൂ എന്ന സിനിമാ സംവിധായികയിലൂടെയാണ് കഥ പറയുന്നത്. ഴിങ് ലിയാങ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ലോക സിനിമാ വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്. യാങ് ഷൂവിന്റെ സിനിമ ഭരണകൂടത്തിന്റെ എതിർപ്പിന് പാത്രമാകുകയും തുടർന്ന് സംവിധായികയ്ക്ക് ഹോങ് കോങ് നഗരം ഉപേക്ഷിച്ച് പോകേണ്ടിയും വരുന്നു. സിച്ചുവാനിൽ താമസിക്കുന്ന മകളേയും പേരക്കുട്ടിയേയും കാണാനായി യാങ് നടത്തുന്ന സാഹസികതയിലൂടെ ചിത്രം മുന്നോട്ട് പോകുന്നു. യിങ് ലിയാങ്ങാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.