• HOME
  • »
  • NEWS
  • »
  • film
  • »
  • കശ്മീര്‍ ഫയല്‍സ്: 'ആരെയും വേദനിപ്പിക്കാനായിരുന്നില്ല'; വിവാദ പരാമര്‍ശത്തില്‍ നാദവ് ലാപിഡ് മാപ്പുപറഞ്ഞു

കശ്മീര്‍ ഫയല്‍സ്: 'ആരെയും വേദനിപ്പിക്കാനായിരുന്നില്ല'; വിവാദ പരാമര്‍ശത്തില്‍ നാദവ് ലാപിഡ് മാപ്പുപറഞ്ഞു

രാഷ്ട്രീയ സമ്മർദ്ദത്തിന്റെ ഫലമായാണ് ചിത്രം ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയതെന്നുമായിരുന്നു ലാപിഡിന്റെ ആദ്യ പ്രതികരണം

  • Share this:

    ദി കശ്മീർ ഫയൽസ് (The Kashmir Files) ചിത്രത്തിനെതിരെ നടത്തിയ വിവാദ പരാമർശത്തിൽ ഇസ്രായേലി സംവിധായകനും അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ജൂറി തലവനുമായിരുന്ന നദാവ് ലാപിഡ് (Nadav Lapid) മാപ്പുപറഞ്ഞു. ഒരിക്കലും കശ്മീർ സംഭവവുമായി ബന്ധപ്പെട്ടവരെയോ അവരുടെ ബന്ധുക്കളയോ അപമാനിക്കുകയായിരുന്നില്ല തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

    ‘മനഃപ്പൂർവ്വം ആരെയും അപമാനിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. ഈ സംഭവത്തിൽ ഉൾപ്പെട്ട ആളുകളെയും അവരുടെ ബന്ധുക്കളെയും അപകീർത്തിപ്പെടുത്താൻ ഞാൻ ശ്രമിച്ചിട്ടില്ല. ആ രീതിയിൽ ആർക്കെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കിൽ അതിൽ ഞാൻ മാപ്പ് പറയുന്നു,’ ലാപിഡ് പറഞ്ഞു.

    നേരത്തെ ഒരു ഇസ്രായേലി പത്രത്തിന് നൽകിയ അഭിമുഖത്തിൽ ചിത്രത്തിനെതിരെ നടത്തിയ പരാമർശങ്ങളിൽ താൻ ഉറച്ച് നിൽക്കുന്നുവെന്നായിരുന്നു ലാപിഡ് പറഞ്ഞത്. കശ്മീർ ഫയൽസ് എന്ന ചിത്രം ഒരു പ്രൊപ്പഗാൻഡ ചിത്രമാണ് എന്നായിരുന്നു ലാപിഡിന്റെ പരാമർശം. മോശം സിനിമകൾ നിർമ്മിക്കുന്നത് കുറ്റകരമല്ലെന്നും എന്നാൽ കശ്മീർ ഫയൽസ് വളരെ അപരിഷ്‌കൃതവും അക്രമാസക്തവുമായ പ്രചരണമാണ് നടത്തുന്നതെന്നുമാണ് ലാപിഡ് പറഞ്ഞത്. രാഷ്ട്രീയ സമ്മർദ്ദത്തിന്റെ ഫലമായാണ് ചിത്രം ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയതെന്നുമായിരുന്നു ലാപിഡിന്റെ ആദ്യ പ്രതികരണം.

    അതേസമയം ഫെസ്റ്റിവൽ ജൂറി അംഗമായ സുദീപ്‌തോ സെന്നും വിഷയത്തിൽ പ്രതികരിച്ചിരുന്നു. ചിത്രത്തെപ്പറ്റിയുള്ള നിരീക്ഷണം ലാപിഡിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നായിരുന്നു സുദീപ്‌തോ പറഞ്ഞത്.

    Also read: കശ്മീര്‍ ഫയല്‍സ്: നാദവ് ലാപിഡിന്റെ പ്രസ്താവന വ്യക്തിപരമെന്ന് IFFI ജൂറി അംഗം സുദീപ്‌തോ സെന്‍

    ‘ഫെസ്റ്റിവൽ ഡയറക്ടർ ഉൾപ്പെടെയുള്ള ജൂറി അംഗങ്ങൾ മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആകെ 4 ജൂറി അംഗങ്ങളായിരുന്നു പാനലിൽ ഉണ്ടായിരുന്നത്. എന്നാൽ ഒരിക്കലും മാധ്യമങ്ങളോട് ഞങ്ങളുടെ വ്യക്തിപരമായ ഇഷ്ടങ്ങളോ അനിഷ്ടങ്ങളോ ഞങ്ങൾ തുറന്ന് പറഞ്ഞിട്ടില്ല,’ സുദീപ്‌തോ പറഞ്ഞു.

    ജൂറി എന്ന നിലയിൽ ചിത്രത്തിന്റെ സാങ്കേതിക വശങ്ങൾ, സാംസ്‌കാരിക മൂല്യങ്ങൾ, എന്നിവയെപ്പറ്റി നിരീക്ഷണം നടത്തുകയെന്നതാണ് തങ്ങളുടെ കടമയെന്നും അതിൽ മറ്റ് പരാമർശങ്ങൾ നടത്തുക എന്നത് പൂർണ്ണമായും വ്യക്തിപരമായ കാര്യമാണ്. അത് ജൂറി പാനലിന്റെ പൊതു അഭിപ്രായമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    നേരത്തെ ന്യൂസ് 18ന് നൽകിയ അഭിമുഖത്തിലും സുദീപ്‌തോ വിവാദത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ പങ്കുവെച്ചിരുന്നു. ഇംഗ്ലീഷ് ഭാഷ അത്ര വശമില്ലാത്ത ആളാണ് നാദവ് എന്നും അദ്ദേഹത്തിന്റെ കൈവശം ഒരു എഴുതി തയ്യാറാക്കിയ രേഖയുണ്ടായിരുന്നു. എന്നാൽ പിന്നീട് ഞങ്ങളോട് പറഞ്ഞത് മുമ്പ് തീരുമാനിച്ചുറപ്പിച്ച രേഖ അദ്ദേഹം വായിക്കുന്നില്ലെന്നും അദ്ദേഹം സ്വന്തമായി തയ്യാറാക്കിയ പ്രസംഗമാണ് വായിക്കുന്നതെന്നുമാണ്, സുദീപ്തോ കൂട്ടിച്ചേർത്തു. എല്ലാ ചിത്രങ്ങളുടെയും ഗുണ ദോഷങ്ങളെയപ്പറ്റിയും തങ്ങൾ ചർച്ച ചെയ്തിരുന്നുവെന്നും എന്നാൽ അവയൊന്നും ജൂറിയുടെ മുറിയ്ക്ക് പുറത്ത് പോകാൻ പാടില്ലാത്തതാണെന്നും സുദീപ്‌തോ പറഞ്ഞിരുന്നു.

    നവംബർ 22നാണ് 53-മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വേദിയിൽ വെച്ച് കശ്മീർ ഫയൽസിനെതിരെ വിവാദ പരാമർശവുമായി നദാവ് ലാപിഡ് രംഗത്തെത്തിയത്. ചിത്രം അശ്ലീല പ്രൊപ്പഗൻഡയാണെന്നുള്ള പരാമർശമായിരുന്നു അദ്ദേഹം നടത്തിയത്.

    കശ്മീരി ഹിന്ദുക്കളുടെ പലായനത്തെ ആസ്പദമാക്കിയുള്ള ചിത്രം ഇക്കഴിഞ്ഞ മാർച്ച് 11 നാണ് തിയേറ്ററുകളിൽ എത്തിയത്. ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്.

    Published by:user_57
    First published: