നടനും, ഗായകനും, മിമിക്രി താരവുമായി പ്രേക്ഷകർക്കൊപ്പം പതിറ്റാണ്ടുകൾ യാത്ര ചെയ്ത നാദിർഷ അഞ്ചു വർഷങ്ങൾക്ക് മുൻപാണ് ചലച്ചിത്ര സംവിധായകനാവുന്നത്. ആദ്യ ചിത്രം
'അമർ, അക്ബർ, അന്തോണിയിൽ' പൃഥ്വിരാജ്, ഇന്ദ്രജിത്, ജയസൂര്യ എന്നിവർ നായകന്മാരായി. ചെറിയ മുതൽമുടക്കിൽ പൂർത്തിയാക്കിയ ചിത്രം ബോക്സ് ഓഫീസിൽ 50 കോടി നേടി വിജയക്കൊടി പാറിച്ചു. ഈ സിനിമയുടെ അഞ്ചാം വർഷത്തിൽ പുതിയ ചിത്രവുമായി നാദിർഷ എത്തുന്നു. ഒപ്പം അക്ബറും, ജെനിയുമുണ്ട്; ജയസൂര്യയും നമിതാ പ്രമോദും.
കഴിഞ്ഞ ദിവസമാണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. സലിം കുമാർ, സുജിത് വാസുദേവ്, സുനീഷ് വരണാട്, അരുൺ നാരായൺ, ബാദുഷ എന്നിവരെയാണ് ഈ സിനിമയുടെ അണിയറയിലെ പ്രധാനികളായി പരിചയപ്പെടുത്തുന്നത്. പുതിയ ചിത്രത്തിന് പേര് നൽകിയിട്ടില്ല. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കാനാണ് പ്രഖ്യാപന പോസ്റ്ററിലെ നിർദ്ദേശം.
സൂപ്പർഹിറ്റ് ചിത്രം 'അമർ, അക്ബർ, അന്തോണിക്ക്' ശേഷം 'കട്ടപ്പനയിലെ ഋഥ്വിക് റോഷൻ' (2016),
'മേരാ നാം ഷാജി' (2019) തുടങ്ങിയ നാദിർഷ ചിത്രങ്ങളും പുറത്തിറങ്ങി. വർഷങ്ങളായുള്ള സുഹൃത്തും സഹപ്രവർത്തകനായ ദിലീപിനെ നായകനാക്കിയുള്ള 'കേശു ഈ വീടിന്റെ നാഥൻ' ആണ് ഏറ്റവും പുതിയ ചിത്രം. വളരെ പ്രായംചെന്നയൊരാളിന്റെ വേഷത്തിലാവും ദിലീപ് ഈ ചിത്രത്തിലെത്തുക. ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയ ചിത്രം റിലീസായിട്ടില്ല. ഉർവശിയാണ് നായിക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.