താൻ സംവിധാനം ചെയ്യുന്ന 'ഈശോ' എന്ന സിനിമയുടെ പേര് മാറ്റില്ലെന്ന് സംവിധായകൻ നാദിർഷാ. കത്തോലിക്കാ കോൺഗ്രസ്സിന്റെ പ്രതിഷേധത്തിന് ശേഷമാണ് നാദിർഷായുടെ മറുപടി.
ഈശോ എന്ന പേരു മാറ്റണമെന്ന് ആവശ്യപ്പെടുന്നതായി കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപത പ്രസിഡന്റ് അഡ്വക്കേറ്റ് പി. പി. ജോസഫ് കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ ആവശ്യം മുന്നോട്ടുവച്ചിരുന്നു.
ക്രൈസ്തവരെ സംബന്ധിച്ച് ഈശോ എന്നത് വളരെ പ്രാധാന്യമർഹിക്കുന്നതാണ് എന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. ക്രൈസ്തവരെ സംബന്ധിച്ച് ഒരേയൊരു ദൈവം ആണ് ഉള്ളത്. ആ ദൈവത്തെ ഈശോ എന്നാണ് വിളിക്കുന്നത്. അതുകൊണ്ടുതന്നെ ആ പേരിൽ ഒരു സിനിമ ഇറങ്ങുന്നത് അംഗീകരിക്കാനാവില്ല എന്നും കത്തോലിക്ക കോൺഗ്രസ് വ്യക്തമാക്കി.
എന്നാൽ സിനിമയ്ക്ക് താനല്ല പേര് നൽകിയതെന്നും, അതിനാൽ പേര് മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും നാദിർഷ വ്യക്തമാക്കി.
"പേര് ഞാന്‍ സ്വന്തം ഇഷ്ടപ്രകാരം ഇട്ടതല്ല. നിര്‍മ്മാതാവ്, നായകന്‍ തുടങ്ങിയവരുടെ അംഗീകാരത്തോടെ ഇട്ട പേരാണ്. ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളില്‍ അടിസ്ഥാനമില്ല. സിനിമയുടെ പേര് മാറ്റേണ്ട സാഹചര്യവുമില്ല. സിനിമയുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ കടന്നു കയറുന്നത് അംഗീകരിക്കാനാവില്ല. മുന്‍പ് സമാന പേരുകളുമായി സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. അന്നൊന്നുമില്ലാത്ത വിവാദം ഇപ്പോള്‍ നടക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല," നാദിർഷ പറഞ്ഞു.
നമിത പ്രമോദാണ് ചിത്രത്തിലെ നായിക. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ ആണ് സിനിമ നിര്‍മിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എന്‍ എം ബാദുഷ, ബിനു സെബാസ്റ്റ്യന്‍ എന്നിവരാണ്. ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ്. സുനീഷ് വരനാട് കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നു. സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷയാണ് സംഗീതം പകരുന്നത്.
സിനിമയുടെ പേര് വിവാദമായതിനെ തുടർന്ന് തിരക്കഥാകൃത്ത് പോസ്റ്റുമായി രംഗത്തെത്തിയിരുന്നു.
'മനുഷ്യത്ത്വത്തിൻ്റേയും, മതസൗഹാർദ്ദത്തിൻ്റേയും ഉദാത്തമാതൃകകൾ തീർത്ത് നമ്മളെല്ലാവരും ഒരു മഹാമാരിയെ നേരിടുമ്പോൾ ഉള്ളടക്കമെന്തെന്നറിയാത്ത ഒരു സിനിമയുടെ പേരിനെചൊല്ലി വിവാദങ്ങൾ സൃഷ്ടിക്കാൻ പുറപ്പെടുന്നവരുടെ യഥാർത്ഥ ഉദ്ദേശമെന്തായിരിക്കുമെന്ന് ചിന്തിക്കാൻ പ്രബുദ്ധകേരളത്തിലെ മലയാളികൾക്ക് കഴിയുമെന്നാണ് എൻ്റെ വിശ്വാസം.
ഞാൻ കഥയും, തിരക്കഥയും, സംഭാഷണവുമെഴുതി പ്രിയപ്പെട്ട നാദിർഷിക്ക സംവിധാനം ചെയ്ത 'ഈശോ' എന്ന സിനിമയുടെ പേരിനെ ചൊല്ലിയുയരുന്ന വിവാദങ്ങൾക്കുള്ള പ്രതികരണമാണീ പോസ്റ്റ്. ക്രിസ്തീയതയെ അവഹേളിക്കുന്ന ഒന്നും തന്നെ സിനിമയുടെ ഉള്ളടക്കത്തിലില്ല എന്ന് സംവിധായകൻ നാദിർഷിക്കയ്ക്കൊപ്പം എഴുത്തുകാരനായ ഞാനും ഉറപ്പ് നൽകുന്നു. പിന്നെന്ത് കൊണ്ടാണീ പേര് സിനിമയ്ക്ക് വന്നത് എന്നത് സിനിമ കണ്ടു കഴിയുമ്പോൾ മാത്രമേ മനസ്സിലാക്കാൻ കഴിയുകയുള്ളൂവെന്നേ ഇപ്പോൾ പറയാൻ കഴിയൂ," തിരക്കഥാകൃത്ത് സുനീഷ് വാരനാട് കുറിച്ചു.
Summary: Director Nadirsha is adamant not to change the name of his movie Eesho amid brewing controversies. The film has Jayasurya in the leadഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.